ടി പത്മനാഭന്റെ ജീവിതം സിനിമയാകുന്നു; 'നളിനകാന്തി' സംവിധാനം ചെയ്യുന്നത് സുസ്‌മേഷ് ചന്ത്രോത്ത്‌

നേരത്തെ ടി പത്മനാഭന്റെ അനേകം കഥകള്‍ സിനിമയായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും സിനിമയാകുന്നത്.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ലയാളികളുടെ പ്രിയ കഥാകാരന്‍ ടി പത്മനാഭന്റെ ജീവിതകഥ സിനിമയാകുന്നു . എഴുത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുകയും ഇന്നും സജീവമായി തന്നെ തുടരുകയും ചെയ്യുന്ന മലയാളത്തിലെ മുതിര്‍ന്ന എഴുത്തുകാരന്‍ പത്മനാഭന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത് സുസ്‌മേഷ് ചന്ത്രോത്ത്‌ ആണ്. നളിനകാന്തി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

നേരത്തെ ടി പത്മനാഭന്റെ അനേകം കഥകള്‍ സിനിമയായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും സിനിമയാകുന്നത്. കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ സുസ്മേഷ് ചന്ത്രോത്തിന്റെ സംവിധാനത്തില്‍ വരുന്ന സിനിമ കൈരളി സമാജത്തിന്റെ ബാനറില്‍ ടി കെ ഗോപാലനാണ് നിര്‍മിക്കുന്നത്. സുസ്മേഷ് ചന്ത്രോത്തിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് 'നളിനകാന്തി'. 'പത്മിനി' ആണ് ഇദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം. വിഖ്യാത മലയാളി ചിത്രകാരി ടി കെ പത്മിനിയുടെ (1940  1969) ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു 'പത്മിനി'.  'പത്മിനി' നിര്‍മിച്ചതും ഇതേ ബാനര്‍ തന്നെയായിരുന്നു. 

ടി പത്മനാഭനൊപ്പം പ്രമുഖ ചലച്ചിത്ര താരം അനുമോള്‍, രാമചന്ദ്രന്‍, പത്മാവതി, കാര്‍ത്തിക് മണികണ്ഠന്‍, ശ്രീകല മുല്ലശ്ശേരി എന്നിവരും 'നളിനകാന്തി'യില്‍ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു. മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രണ്ടുതവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ മനേഷ് മാധവന്റെ സാന്നിധ്യം പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നു. മികച്ച ശബ്ദരൂപകല്‍പ്പനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം മൂന്ന് തവണ നേടിയ രംഗനാഥ് രവിയും 'നളിനകാന്തി'യുടെ അണിയറയിലുണ്ട്. ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് സുദീപ് പാലനാട് സംഗീതസംവിധാനം നിര്‍വഹിക്കുന്നു. രിഞ്ജു ആര്‍ വി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. 

കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നില്‍ 1931ലാണ് തിണക്കല്‍ പത്മനാഭന്‍ എന്ന ടി പത്മനാഭന്റെ ജനനം. കഥകള്‍ മാത്രമെഴുതി മലയാള സാഹിത്യത്തിലും ഇന്ത്യന്‍ സാഹിത്യത്തിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി. കേന്ദ്ര - കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ കേരള ജ്യോതിയും എഴുത്തച്ഛന്‍ പുരസ്‌കാരവും ടി പത്മനാഭന്‍ നേടിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com