'വീടു മുങ്ങുന്നു', സഹായം അഭ്യർത്ഥിച്ച് വിഷ്ണു വിശാൽ; ചെന്നൈ പ്രളയത്തിൽ കുടുങ്ങി ആമിർ ഖാനും: ബോട്ടിൽ രക്ഷപ്പെടുത്തി

വിഷ്ണു വിശാൽ തന്നെയാണ് രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്
ആമിർ ഖാനെയും വിഷ്ണുവിശാലിനേയും രക്ഷപ്പെടുത്തുന്നു/ഫോട്ടോ: ട്വിറ്റർ
ആമിർ ഖാനെയും വിഷ്ണുവിശാലിനേയും രക്ഷപ്പെടുത്തുന്നു/ഫോട്ടോ: ട്വിറ്റർ

ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലുണ്ടായ പ്രളയത്തിൽ കുടുങ്ങിയ ബോളിവുഡ് താരം ആമിർ ഖാനെയും നടൻ വിഷുണു വിശാലിനേയും ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. പ്രളയത്തിൽ കുടുങ്ങിയ താരങ്ങളെ വഞ്ചി എത്തിച്ചാണ് രക്ഷപ്പെടുത്തിയത്. വിഷ്ണു വിശാൽ തന്നെയാണ് രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ആമിർ ഖാനെയും വിഷ്ണു വിശാലിനേയും ഭാര്യയും ബാഡ്‌‍‌മിന്റൻ താരവുമായ ജ്വാല ഗുട്ടയേയും ചിത്രത്തിൽ കാണാം. 

തങ്ങളെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകരോട് വിഷ്ണു വിശാൽ നന്ദി പറഞ്ഞു. ‘ഞങ്ങളെ സഹായിച്ചതിൽ ദുരന്തനിവാരണ സേന പ്രവർത്തകരോടും ജനങ്ങളോടും നന്ദി പറയുന്നു. കാരമ്പാക്കത്ത് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. മൂന്നു ബോട്ടുകളിലായി ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ സമയംകൊണ്ട് മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് തമിഴ്നാട് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. വിശ്രമമില്ലാതെ ജോലിചെയ്യുന്ന രക്ഷാപ്രവർത്തകരോട് നന്ദിയുണ്ട്.’- എന്നാണ് വിഷ്ണു വിശാൽ കുറിച്ചത്. 

തന്റെ വീട്ടിലേക്ക് വെള്ളം കയറുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ച് വിഷ്ണു സഹായാഭ്യർത്ഥന നടത്തിയിരുന്നു. അതിനു പിന്നാലെയാണ് സഹായം എത്തിയത്.  എന്റെ വീട്ടിൽ വെള്ളം കേറിക്കൊണ്ടിരിക്കുകയാണ്, കാരമ്പാക്കത്ത് ​ഗുരുതരമായി വെള്ളം ഉയരുന്നു. സഹായത്തിനായി ഞാൻ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ മൊബൈലിൽ സി​ഗ്നലോ ഒന്നും ഇല്ല. ടെറസിലെ ഒരു സ്ഥലത്തു മാത്രമാണ് കുറച്ച് സി​ഗ്നൽ കിട്ടുന്നത്. എനിക്കും ഇവിടെയുള്ളവർക്കും സഹായം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയിലെ ആളുകളുടെ ബുദ്ധിമുട്ട് മനസിലാവും.- താരം കുറിച്ചു.

ചെന്നൈയിൽ രണ്ടുദിവസമായി തുടർച്ചയായി പെയ്ത മഴ ഇന്നലെ നിലച്ചു. മഴയിലും കാറ്റിലും വിവിധ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 12 ആയി. 11 പേർക്കു പരിക്കേറ്റു. ചെന്നൈ നഗരത്തിലും സമീപ ജില്ലകളിലും പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. വൈദ്യുതിയും ജല വിതരണവും പൂർണമായി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. മൊബൈൽ നെറ്റ്‍വർക്കും താറുമാറായ നിലയിലാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com