‘എന്റെ അവാർഡ് ഉറപ്പാ സാറെ.. എന്നോടു പറഞ്ഞവർ വെളീലുള്ളവർ അല്ലല്ലോ', ഉറക്കെച്ചിരിച്ചു കൊണ്ട് മണി പറഞ്ഞു; കുറിപ്പ്

'മണി 2000 ലെ നാഷനൽ അവാർഡ് പ്രഖ്യാപനത്തിൽ തനിക്കു സ്പെഷൽ ജൂറി അവാർഡു മാത്രമേ ഉള്ളു എന്നറിഞ്ഞപ്പോൾ ബോധം കെട്ടു വീണതിന്റെ സത്യമായ കാരണം എന്താണ്'
കലാഭവൻ മണി, വിനയൻ/ചിത്രം: ഫേയ്സ്ബുക്ക്
കലാഭവൻ മണി, വിനയൻ/ചിത്രം: ഫേയ്സ്ബുക്ക്

ലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നടനാണ് കലാഭവൻ മണി. ഇപ്പോൾ താരത്തെക്കുറിച്ച് സംവിധായകൻ വിനയൻ പങ്കുവച്ച കുറിപ്പാണ് ശ്ര​ദ്ധനേടുന്നത്. വാസന്തിയും ലഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശിയ അവാർഡ് ലഭിക്കാതിരുന്നത് മണിയെ നിരാശനാക്കിയിരുന്നു. മികച്ച നടനുള്ള അവാർഡ് കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു മണി. അതിനെ തുടർന്ന് പൊടക്കം പൊട്ടിക്കുകയും സദ്യ ഒരുക്കുകയും ചെയ്തു. ഫൈനൽ അനൗൺസ്മെന്റ് വരാതെ അതൊന്നും വേണ്ട എന്ന് ഫോണിലൂടെ മണിയോട് പറഞ്ഞപ്പോൾ  ‘എന്റെ അവാർഡ് ഉറപ്പാ സാറെ.. എന്നോടു പറഞ്ഞവർ വെളീലുള്ളവർ അല്ലല്ലോ..അതു സത്യമാ സാറെ.. സാറൊന്ന് ചിരിക്ക്’’ എന്നാണ് മണി പറഞ്ഞത് എന്നാണ് വിനയൻ കുറിക്കുന്നത്. തലേന്ന് എത്രമാത്രം സന്തോഷത്തോടെ മണി ചിരിച്ചോ അതിന്റെ നൂറിരട്ടി വേദനയോടെ കരയുന്നതു കണ്ടപ്പോൾ താനും വല്ലാതെ പതറിപ്പോയെന്നുമാണ് അദ്ദേഹം പറയുന്നത്. 

വിനയന്റെ കുറിപ്പ് വായിക്കാം

ഈ ജീവിതയാത്രയിലെ ഒാർമച്ചിന്തുകൾ കുത്തിക്കുറിക്കുന്ന ജോലി ഞാൻ തുടങ്ങിയിട്ടുണ്ട്. പുതിയ സിനിമയുടെ തിരക്കഥാ രചനയുടെ ഇടവേളകളിൽ  കുറച്ചു സമയം ആ എഴുത്തുകൾക്കായി മാറ്റിവയ്ക്കാറുണ്ട്.. അതിൽ നിന്നും  ചില വരികൾ ഇങ്ങനെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനും ആഗ്രഹിക്കുന്നു. കലാഭവൻ മണിയെപ്പറ്റി എഴുതുന്നതിനിടയിൽ ഇന്നെന്റെ കണ്ണു നിറഞ്ഞു പോയി എന്നതാണു സത്യം. ചെറുപ്പത്തിൽ താനനുഭവിച്ച ദുരിതങ്ങളേക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും പറയുമ്പോൾ വളരെ വേഗം പൊട്ടിക്കരയുകയും ചെറിയ സന്തോഷങ്ങളിൽ അതിലുംവേഗം പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന നിഷ്കളങ്കനായ ഒരു കലാകാരനായിരുന്നു മണി.  ആ മണി 2000 ലെ നാഷനൽ അവാർഡ് പ്രഖ്യാപനത്തിൽ തനിക്കു സ്പെഷൽ ജൂറി അവാർഡു മാത്രമേ ഉള്ളു എന്നറിഞ്ഞപ്പോൾ ബോധം കെട്ടു വീണതിന്റെ സത്യമായ കാരണം എന്താണ്.. ആ പാവം ചെറുപ്പക്കാരനെ അവിടം വരെ കൊണ്ടെത്തിച്ചതിന്റെ യഥാർഥ  ചരിത്രം എന്താണ്  എന്നൊന്നും ആരും അന്നന്വേഷിച്ചില്ല. ചിലരൊക്കെ അതു തമാശയാക്കി എടുത്തു ചിലരൊക്കെ മണിയെ കളിയാക്കി..

വാസന്തിയും ലഷ്മിയും പിന്നെ ഞാനും എന്ന ഒരു കൊച്ചു സിനിമ കേരളത്തിൽ സുപ്പർഹിറ്റായി ഒാടിയപ്പോൾ മണിക്ക് അവാർഡ് ലഭിക്കും എന്നൊക്കെ അയാളെ സ്നേഹിക്കുന്നവർ പറഞ്ഞിരുന്നു എന്നത് സത്യമാണ്. പക്ഷേ നമ്മുടെ സിനിമകളൊന്നും അവാർഡിലേക്കു പരിഗണിക്കുമെന്നു ചിന്തിക്കയേ വേണ്ട... നമ്മളാ ജെനുസിൽ പെട്ടവരല്ല എന്ന് മണിയോട് എപ്പോഴും തമാശ രുപത്തിൽ ഞാൻ  പറയുമായിരുന്നു. പിന്നെ അദ്ഭുതമായി എന്തെങ്കിലും സംഭവിപ്പിക്കാൻ ആ കമ്മിറ്റിയിൽ ആരെങ്കിലും ഉണ്ടായാൽ അതു  ഭാഗ്യം എന്നും ഞാൻ പറഞ്ഞിരുന്നു. മണിയുടെ തന്നെ കരുമാടിക്കുട്ടനും, പക്രുവിന്റെ അത്ഭുതദ്വീപിനും ഒക്കെ  ഇത്തരം രസകരമായ അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. അതിൽ വിലപിക്കാനും പരിഭവിക്കാനും ഒന്നും ഞാൻ പോയിട്ടുമില്ല.കാരണം നമ്മളാ ജെനുസ്സിൽ പെട്ട ആളല്ലല്ലോ?

2000 ലെ ദേശീയ അവാർഡ് സമയത്ത് ചാലക്കുടിയിൽ പടക്കം പൊട്ടീരും സദ്യ ഒരുക്കലും ഒക്കെ നടക്കുന്നതറിഞ്ഞ് ഫൈനൽ അനൗൺസ്മെന്റ് വരാതെ അതൊന്നും വേണ്ട എന്ന് ഫോണിലൂടെ നിർബന്ധപൂർവം ഞാൻ മണിയോടു പറഞ്ഞെങ്കിലും ‘എന്റെ അവാർഡ് ഉറപ്പാ സാറെ.. എന്നോടു പറഞ്ഞവർ വെളീലുള്ളവർ അല്ലല്ലോ..അതു സത്യമാ സാറെ.. സാറൊന്ന് ചിരിക്ക്’’ എന്നൊക്കെ ആവേശത്തോടെയും സന്തോഷത്തോടെയും ഉറക്കെച്ചിരിച്ചു കൊണ്ട് പറഞ്ഞു കൊണ്ടിരുന്ന മണിയോട് പിന്നെയൊന്നും പറയാനെനിക്കായില്ല...

പക്ഷേ എന്റെ മനസ് പറഞ്ഞപോലെ തന്നെ മണിക്കു അവാർഡു കിട്ടിയില്ല. ആശ്വാസ അവാർഡ് പോലെ സ്പെഷൽ ജൂറി അവാർഡും. ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാർഡും ആ സിനിമയ്ക്കു തന്നു. ആ അവാർഡു പ്രഖ്യാപനം കഴിഞ്ഞ് തലേന്ന് എത്രമാത്രം സന്തോഷത്തോടെ മണി ചിരിച്ചോ അതിന്റെ നൂറിരട്ടി വേദനയോടെ കരയുന്നതു കണ്ടപ്പോൾ ഞാനും വല്ലാതെ പതറിപ്പോയി..  എന്നെ കെട്ടിപ്പിടിച്ച് മണി പറഞ്ഞ വാക്കുകളും ആ സംഭവത്തിന്റെ യഥാർഥ ചിത്രവും ഒക്കെ എന്റെ ഒാർമക്കുറിപ്പുകളിൽ പിന്നീടു നിങ്ങൾക്കു വായിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com