അമേരിക്കൻ ​ഗായിക ലിസ മേരി പ്രെസ്ലി അന്തരിച്ചു

റോക്ക് ആൻഡ് റോൾ ഇതിഹാസം എൽവിസ് പ്രെസ്ലിയുടെ മകളാണ് ലിസ.
അമേരിക്കൻ ​ഗായിക ലിസ മേരി പ്രെസ്ലി അന്തരിച്ചു / ചിത്രം ഫേസ്ബുക്ക്
അമേരിക്കൻ ​ഗായിക ലിസ മേരി പ്രെസ്ലി അന്തരിച്ചു / ചിത്രം ഫേസ്ബുക്ക്

ലോസ് ആഞ്‌ജീലീസ്: അമേരിക്കൻ ​ഗായികയും ​ഗാന രചയിതാവുമായ ലിസ മേരി പ്രെസ്ലി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്  ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. അമ്മ പ്രസില്ല പ്രെസ്ലിയാണ് മകളുടെ വിയോഗവാർത്ത പുറത്ത് വിട്ടത്. 

2003ൽ പുറത്തിറങ്ങിയ 'ടു ഹും ഇറ്റ് മേ കൺസേൺ' എന്ന ആൽബത്തിലൂടെയായിരുന്നു സം​ഗീത ലോകത്തേക്കുള്ള ലിസയുടെ അരങ്ങേറ്റം. 2005 ൽ പുറത്തിറക്കിയ 'നൗ വാട്ട്' എന്ന ആൽബം ബിൽ ബോർഡ് പട്ടികയിൽ ആദ്യത്തെ പത്ത് മികച്ച ആൽബങ്ങളിൽ ഇടം നേടിയിരുന്നു. മൂന്നാമത്തെ ആൽബമായ 'സ്റ്റോം ആന്റ് ഗ്രേസ്' 2012 ലാണ് പുറത്തിറങ്ങിയത്.

റോക്ക് ആൻഡ് റോൾ ഇതിഹാസം എൽവിസ് പ്രെസ്ലിയുടെയും പ്രസില്ല പ്രെസ്ലിടെയും മകളായി 1968ലാണ് ലിസയുടെ ജനനം. ലിസ ജനിച്ച് ഒൻപത് മാസത്തിന് ശേഷം മാതാപിതാക്കൾ വേർപിരിഞ്ഞു. അതിന് ശേഷം പ്രസില്ല പ്രെസ്ലി നടൻ മൈക്കിൾ എഡ്വേർഡുമായി പ്രണയത്തിലായി. തന്നെ അമ്മയുടെ കാമുകൻ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് 2003 ൽ പ്ലേ ബോയ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ലിസ വെളിപ്പെടുത്തിയിരുന്നു. 

നാല് തവണ വിവാഹതയായ ലിസയ്ക്ക് ബെഞ്ചമിൻ കീഫ്, റൈലി കീഫ്, ഫിൻലി ലോക്‌വുഡ്, ഹാർപർ ആൻ ലോക്‌വുഡ് എന്നിങ്ങനെ നാല് മക്കളുണ്ട്. 1988 ലായിരുന്നു സംഗീതജ്ഞൻ ഡാനി കീഫുമായുള്ള ആദ്യ വിവാഹം. ഈ ബന്ധം വേർപെടുത്തിയ ലിസ പിന്നീട് പോപ്പ് ഇതിഹാസം മൈക്കിൾ ജാക്‌സനെ വിവാഹം കഴിച്ചു. രണ്ട് വർഷത്തിന് ശേഷം ഇവർ വേർപിരിഞ്ഞു. 2002 ൽ നടൻ നിക്കോളാസ് കേജിനെ വിവാഹം ചെയ്തു. രണ്ട് വർഷത്തിന് ശേഷം ഈ ബന്ധവും വേർപിരിഞ്ഞു. 2006 ൽ ഗിറ്റാറിസ്റ്റ് മൈക്കിൾ ലോക്‌വുഡിനെ വിവാഹം ചെയ്യുകയും 2012 ൽ വേർപിരിയുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com