'ഇനി എനിക്ക് മനുഷ്യ ജന്മം വേണ്ട, മതിയായി'; എല്ലാ ദൈവത്തിനും പൈസയാണ് വേണ്ടതെന്ന് സലിംകുമാര്‍ 

എല്ലാ ദൈവത്തിനും പൈസയാണ് വേണ്ടതെന്നും ദൈവത്തിന്റെ പേരില്‍ നടക്കുന്നത് തട്ടിപ്പാണെന്നും താരം പറഞ്ഞു
സലിംകുമാര്‍/ ചിത്രം; ടിപി സൂരജ്
സലിംകുമാര്‍/ ചിത്രം; ടിപി സൂരജ്

നിക്ക് ദൈവത്തില്‍ വിശ്വാസമില്ലെന്ന് നടന്‍ സലിംകുമാര്‍. എല്ലാ ദൈവത്തിനും പൈസയാണ് വേണ്ടതെന്നും ദൈവത്തിന്റെ പേരില്‍ നടക്കുന്നത് തട്ടിപ്പാണെന്നും താരം പറഞ്ഞു. മനുഷ്യന്‍ എന്ന നിലയില്‍ താന്‍ സന്തോഷവാനല്ലെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സലിംകുമാര്‍ പറഞ്ഞു. 

ഞാന്‍ മുന്‍പ് അമ്പലത്തില്‍ പോയിരുന്നതാണ്. ഇപ്പോള്‍ പോകാറില്ല. എല്ലാ ദൈവത്തിനും പൈസയാണ് വേണ്ടത്. ഹിന്ദു ആയാലും മുസ്ലീം ആയാലും ക്രിസ്ത്യാനി ആയാലും പൈസ വേണം. ദൈവത്തിന് ജീവിക്കാന്‍ മനുഷ്യന്മാരുടെ പൈസ വേണം. പിന്നെ ഇങ്ങേരുടെ ജോലി എന്താണ്. ദൈവമായിട്ട് നമുക്ക് നേരിട്ട് സംസാരിക്കാനാവില്ല. അതിന് പൂജാരിയോ പള്ളീലച്ചനോ മല്ലാക്കയോ വേണം. നമ്മളോട് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ആളാണ്. എന്റെ ദൈവത്തിനോട് ഞാന്‍ നേരിട്ട് സംസാരിച്ചോളാം. ചെറുപ്പത്തിലെ അടിച്ചേല്‍പ്പിച്ച കുറേ കാര്യങ്ങള്‍ നമ്മുടെ മനസിലുണ്ട്. അതുകൊണ്ട് ഈശ്വര എന്ന് അറിയാതെ വിളിച്ചുപോകും. പക്ഷേ ദൈവ് എന്ന സങ്കല്‍പ്പത്തോട് തന്നെ വിശ്വാസമില്ല. ദൈവത്തിന്റെ പേരു പറഞ്ഞ് തട്ടിപ്പ് നടത്തുകയാണ്. ശബരിമലയ്ക്ക് 18 വര്‍ഷം ഞാന്‍ പോയിട്ടുണ്ട്. ക്രിസ്ത്യന്‍ പള്ളിയിലും പോയിട്ടുണ്ട്. എവിടെ ചെന്നാലും പൈസയുടെ പരിപാടി മാത്രമുള്ളൂ.- സലിംകുമാര്‍ പറഞ്ഞു. 

ദേശിയ പുരസ്‌കാരം നേടി തന്ന കഥാപാത്രമായതിനാല്‍ ഹജ്ജിന് പോകണമെന്ന് തോന്നിയിരുന്നു. മുസ്ലീമല്ലാത്തതിനാല്‍ എനിക്ക് പോകാന്‍ കഴിയില്ലായിരുന്നു. പകരം മറ്റൊരാളെ ഞാന്‍ ഹജ്ജിനു വിട്ടു. എന്റെ ജീവിതത്തിന് അര്‍ത്ഥമുണ്ടായില്ല, ആ കഥാപാത്രത്തിനെങ്കിലും അര്‍ത്ഥമുണ്ടാകട്ടെ എന്നു കരുതി. സിനിമ നടനായി ദേശിയ അവാര്‍ഡ് കിട്ടതുകൊണ്ട് ജീവിതത്തിന് അര്‍ത്ഥമുണ്ടാകില്ല. ഞാന്‍ എന്താണ് ഈ ലോകത്തിന് കൊടുത്തു എന്ന് ഞാന്‍ എന്നോടു തന്നെ ചോദിക്കുമ്പോഴാണ് ഞാന്‍ ഒന്നും കൊടുത്തിട്ടില്ലെന്ന് മനസിലാക്കുന്നത്. എനിക്ക് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല. ഈ സമൂഹത്തിനുവേണ്ടി എന്താണ് ചെയ്തത്. സമൂഹത്തെ മാറ്റിമറിക്കാനുള്ള സമയമൊന്നും എനിക്കില്ല. 

ഞാന്‍ ഭര്‍ത്താവ് എന്ന നിലയില്‍ സന്തോഷവാനാണ്. രണ്ട് മക്കളുടെ അച്ഛന്‍ എന്ന നിലയിലും സന്തോഷവാനാണ്. പക്ഷേ ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ സന്തോഷവാനല്ല. ഞാന്‍ എന്താണ് നല്‍കിയത്? അസംതൃപ്തിയില്‍ നിന്നല്ല ആ ചിന്തയുണ്ടായത്. ജീവിതം പഠിപ്പിച്ചതാണ്. ഐസിയുവില്‍ മരണത്തെ മുഖാമുഖം കണ്ട് ഞാന്‍ കിടന്നു. മരണത്തിന് തൊട്ടുമുന്‍പ് ദൈവത്തെ കാണുമല്ലോ. അവിടെ ഞാന്‍ സാക്ഷിയായത് കുറേ മരണങ്ങള്‍ക്കാണ്. ഓസ്‌കറിന് പോലും അര്‍ത്ഥമില്ലെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്. 

ഇനി മനുഷ്യ ജന്മം വേണ്ട, മതിയായി. വേറെ എന്തൊക്കെ ജന്മമുണ്ട്. നല്ല മനുഷ്യരെ എപ്പോഴും ഇഷ്ടമാണ്. നല്ല മനുഷ്യരില്ല. സ്വാര്‍ത്ഥ ലാഭത്തിനായി എന്തും ചെയ്യുന്നവരായി മനുഷ്യര്‍ മാറി. മൃഗങ്ങള്‍ക്കിടയിലും കോമഡിയൊക്കെയുണ്ട്. എനിക്ക് മനുഷ്യരേക്കാളും ഇഷ്ടം മൃഗങ്ങളെയാണ്. എന്തു ദുരന്തം വന്നാലും അത് നേരിടുന്നത് മൃഗങ്ങള്‍ മാത്രമാണ്. മനുഷ്യന്‍ ആത്മഹത്യ ചെയ്തുകളയും. ഏതെങ്കിലും പുലി ആത്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ടോ? - സലിംകുമാര്‍ ചോദിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com