ജോണി ഡെപ്പിന് 8.2 കോടി രൂപ നഷ്ടപരിഹാരം നൽകി ആംബർ ഹേർഡ്: അഞ്ച് സന്നദ്ധ സംഘടനകൾക്കായി വീതിച്ച് താരം

പണം മുഴുവൻ ജോണി‍ ഡെപ്പ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തു
ആംബർ ഹേർഡ്, ജോണി ഡെപ്പ്/ഫോട്ടോ: എഎഫ്പി
ആംബർ ഹേർഡ്, ജോണി ഡെപ്പ്/ഫോട്ടോ: എഎഫ്പി

ഹോളിവുഡ് നടൻ ജോണി ഡെപ്പിന് ഒരു മില്യണ്‍ ഡോളര്‍ (8.2 കോടി) രൂപ നഷ്ടപരിഹാരം നല്‍കി മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേർഡ്. മാനനഷ്ടക്കേസിലാണ് നഷ്ടപരിഹാരം നൽകിയത്. ഈ പണം മുഴുവൻ ജോണി‍ ഡെപ്പ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തു. അഞ്ച് സന്നദ്ധ സംഘടനകൾക്കായാണ് താരം തുക വീതിച്ചു നൽകിയത്. 

രോ​ഗബാധിതരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള സംഘടനമുതൽ പല വിഭാ​ഗങ്ങളിലുള്ളവർക്ക് സുരക്ഷിത താമസ സൗകര്യവുമൊരുക്കുന്ന സംഘടനകള്‍ക്കു വരെയാണ് താരം സഹോയം എത്തിച്ചത്. മെയ്ക്ക് എ ഫിലിം ഫൌണ്ടേഷന്‍, ദി പെയിന്‍റഡ് ടര്‍ട്ടില്‍, റെഡ് ഫെതര്‍, മാര്‍ലോണ്‍ ബ്രാന്‍ഡോസ് ടെറ്റിഅറോറാ സൊസൈറ്റി, അമസോണിയ ഫണ്ട് അലയന്‍സ് എന്നീ സംഘടനകള്‍ക്കാണ് ജോണി ഡെപ്പ് പണം നല്‍കുന്നതെന്നും ഡെപ്പിന്‍റെ വക്താവ് വ്യക്തമാക്കി. ഓരോ സംഘടനയ്ക്കും രണ്ട് ലക്ഷം ഡോളർ വീതമാണ് ലഭിക്കുക. 

കഴിഞ്ഞ ജൂണിലാണ് കേസ് സംബന്ധിച്ച അന്തിമ വിധി വന്നത്. ഡെപ്പിന് ആംബര്‍ 10.35 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിധി. ഒടുവില്‍ ഡിസംബറില്‍ നടന്ന ഒത്തുതീര്‍പ്പില്‍ ഹേര്‍ഡ് ഒരു മില്യണ്‍ ഡോളര്‍ നല്‍കിയാല്‍ മതിയെന്ന് ഡെപ്പ് സമ്മതിക്കുകയായിരുന്നു. 2015ലാണ് ഡെപ്പും ഹേർഡും വിവാഹിതരാകുന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം. 2016 മേയ് 23ന് വിവാഹമോചനം തേടിക്കൊണ്ട് ഹേർഡ് കോടതിയെ സമീപിച്ചു. 2017-ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. 2018 ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് ഹേർഡ് ഒരു ലേഖനമെഴുതിയതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് ഡിസ്‌നി അടക്കമുള്ള വമ്പന്‍ നിര്‍മാണ കമ്പനികള്‍ ഡെപ്പിനെ സിനിമകളില്‍നിന്ന് ഒഴിവാക്കി. തുടർന്നാണ് ആംബർ ഹേർഡിനെതിരെ ഡെപ്പ് മാനനഷ്ടക്കേസ് നൽകുന്നത്. വിചാരണയിൽ ആംബർ ഹേർഡ് ഉയർത്തിയ ആരോപണങ്ങൾ വ്യാജമെന്ന് തെളിയുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com