ഷാജി എന്‍ കരുണ്‍/ ചിത്രങ്ങൾ: വിൻസെന്റ് പുളിക്കൽ
ഷാജി എന്‍ കരുണ്‍/ ചിത്രങ്ങൾ: വിൻസെന്റ് പുളിക്കൽ

'സിനിമ സർവ സാധാരണമായപ്പോൾ അഭിപ്രായം പറയുന്നവരുടെ എണ്ണം കൂടി, അതാണ് കുഴപ്പമായത്'

സിനിമ സാധാരണമായതു കൊണ്ട് വിമര്‍ശിക്കാം എന്ന തോന്നാല്‍ ആളുകള്‍ക്കിടയില്‍ ഉണ്ടായി

കൊച്ചി:  മറ്റ് കലകളില്‍ നിന്നും വ്യത്യസ്തമായി സിനിമ ജനങ്ങള്‍ക്കിടയില്‍ കൂടുതൽ സർവ സാധാരണമായെന്ന് സംവിധായകനും കാമറാമാനുമായ ഷാജി എന്‍ കരുണ്‍.  അതുകൊണ്ട് തന്നെ സിനിമയെ കുറിച്ച് അഭിപ്രായം പറയുന്നവരുടെ എണ്ണവും കൂടിയെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിൽ സംസാരിക്കുകയായിരുന്നു ഷാജി എന്‍ കരുണ്‍. 

'ഏതൊരു കലയാണെങ്കിലും അത് മനസിലാക്കാന്‍ കുറച്ച് സമയം എടുക്കണം. സംഗീത കച്ചേരിക്ക് ശേഷം അല്ലെങ്കില്‍ ചിത്ര പ്രദര്‍ശനത്തിന് ശേഷം
വിദഗ്ധരുടെ സംവാദങ്ങള്‍ നടത്താറുണ്ട്. സിനിമയുടെ കാര്യത്തിലും അതുണ്ടാകണം. എന്നാല്‍ ആര്‍ക്കും സമയമില്ല. സിനിമകള്‍ കിടപ്പു മുറിയിലേക്കും ഊണുമേശയിലേക്കും എത്തിയപ്പോള്‍ അമേച്വര്‍ ക്രിട്ടിസിസം വളരെ സാധാരണമായി. സിനിമ സാധാരണമായതു കൊണ്ട് തന്നെ ഇതിനെ വിമര്‍ശിക്കാം എന്ന തോന്നല്‍ ആളുകള്‍ക്കിടയില്‍ ഉണ്ടായി. അങ്ങനെ ഉള്ളവരുടെ എണ്ണം കൂടിയതാണ് പ്രശ്‌നമായത്'- ഷാജി എന്‍ കരുണ്‍ പറഞ്ഞു.

'രണ്ട് തരത്തിലാണ് സിനിമകളെ മുന്‍പ് വിമര്‍ശിച്ചിരുന്നത് ഫിലോസഫിക്കല്‍ ആയും പത്രപ്രവർത്തന രീതിയിലും. നേരത്തെ സിനിമയുടെ ഭാവി കൂടി മനസിലാക്കിയായിരുന്നു വിമര്‍ശിച്ചിരുന്നത്. അത്തരക്കാരെ ആളുകള്‍ വിശ്വസിച്ചു. ഇപ്പോള്‍ അങ്ങനെയല്ല നെഗറ്റീവ് സൈഡ് ആണ് കൂടുതല്‍ എടുത്തു പറയുക. വിമര്‍ശനം എന്ന് പറയുന്നത് ഒരു സൗന്ദര്യ ശാസ്ത്രം കൂടിയാണ്. അത് പറഞ്ഞു കൊടുക്കുന്ന ആളാണ് പ്രധാനം. മുമ്പുണ്ടായിരുന്നവര്‍ സിനിമയുടെ പല വ്യാകരണങ്ങളും തിരിച്ചറിഞ്ഞിരുന്നു. ഇപ്പോഴുള്ള ആളുകള്‍ പറയുമ്പോള്‍ അത് നഷ്ടപ്പെട്ടു പോകുന്നു. 

360 ഓളം ചിത്രങ്ങളാണ് കഴിഞ്ഞിടെ സെന്‍സര്‍ ചെയ്തത്. അതിനര്‍ഥം അത്രമാത്രം സിനിമകള്‍ ഉണ്ടാകുന്നു. സ്വഭാവികമായും അതില്‍ അഭിപ്രായം പറയാന്‍ ആളുകള്‍ ഉണ്ടാകും. സിനിമ ഒരു വാണിജ്യ ഉത്പന്നമാണ്. ഞാന്‍ പറയുകയാണെങ്കില്‍ പണം കണ്ടുപിടിച്ചതിന് ശേഷം ഉണ്ടായ ഏക കലാസൃഷ്ടിയാണ് സിനിമ. സിനിമ പറഞ്ഞു കൊടുക്കാന്‍ നല്ല ആളുകളില്ല. നല്ല സിനിമകളുടെ അഭാവവും അതിനൊരു കാരണം ആണ്'- ഷാജി എന്‍ കരുണ്‍ കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com