'ക്ഷമിക്കണം, ഞങ്ങൾക്ക് കുറച്ചു ദിവസം കൂടി വേണം':കടം തീർക്കാനായില്ല, ധ്രുവനച്ചത്തിരം റിലീസ് വീണ്ടും മാറ്റി

സംവിധായകൻ ​ഗൗതം മേനോനാണ് റിലീസ് മാറ്റിയ വിവരം ആരാധകരെ അറിയിച്ചത്
ധ്രുവനച്ചത്തിരം പോസ്റ്റർ, ​ഗൗതം മേനോൻ/ ഫെയ്സ്ബുക്ക്
ധ്രുവനച്ചത്തിരം പോസ്റ്റർ, ​ഗൗതം മേനോൻ/ ഫെയ്സ്ബുക്ക്

രാധകരെ നിരാശരാക്കിക്കൊണ്ട് ധ്രുവനച്ചത്തിരം സിനിമയുടെ റിലീസ് വീണ്ടും മാറ്റി. സംവിധായകൻ ​ഗൗതം മേനോനാണ് റിലീസ് മാറ്റിയ വിവരം ആരാധകരെ അറിയിച്ചത്. ചിത്രം ഇന്ന് റിലീസ് ചെയ്യും എന്നാണ് പറഞ്ഞിരുന്നത്. ആരാധകരോട് ക്ഷമ ചോദിച്ചുകൊണ്ടാണ് സംവിധായകന്റെ പോസ്റ്റ്. സിനിമ റിലീസ് ചെയ്യിക്കാനായി പരമാവധി ശ്രമിച്ചെന്നും കുറച്ചു ദിവസങ്ങൾ കൂടി വേണ്ടിവരും എന്നുമാണ് ​ഗൗതം മേനോൻ കുറിച്ചത്. 

ക്ഷമിക്കണം. ധ്രുവനച്ചത്തിരം ഇന്ന് സ്‌ക്രീനുകളിൽ എത്തില്ല. ഞങ്ങൾ പരമാവധി ശ്രമിച്ചു, പക്ഷേ റിലീസ് സാധ്യമാക്കാൻ ഞങ്ങൾക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണ്. മികച്ച സ്ക്രീനുകളും, കൃത്യമായ മുൻകൂർ ബുക്കിങ്ങും അടക്കം മികച്ച രീതിയിൽ നല്ല അനുഭവമായി ചിത്രം എത്തും. ചിത്രത്തിനുള്ള നിങ്ങളുടെ ഹൃദയം​ഗമമായ പിന്തുണ ഞങ്ങളെ മുന്നോട്ടുനയിക്കുകയാണ്. കുറച്ച് ദിവസങ്ങൾ കൂടി വേണം, ഞങ്ങൾ എത്തും.- ​ഗൗതം മേനോൻ കുറിച്ചു. 

സാമ്പത്തികമായ ചില പ്രശ്നങ്ങളാണ് പുതിയ പ്രതിസന്ധിക്ക് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ആരാധകർ വർഷങ്ങളായി കാത്തിരിക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. ചിയാൻ വിക്രവും വിനായകനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിലെ വിനായകന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ എത്തിയിരുന്നു. സ്പൈ ത്രില്ലറായി രണ്ടു ഭാ​ഗങ്ങളിലെത്തുന്ന ചിത്രത്തിന്റെ ആദ്യഭാ​ഗമായ യുദ്ധകാണ്ഡമാണ് റിലീസിന് ഒരുങ്ങുന്നത്. 

സിനിമ ചെയ്യുന്നതിനായി ഗൗതം മേനോൻ പ്രമുഖ ബാനറിൽ നിന്നും വാങ്ങിയ 2.6 കോടി തിരിച്ചുകൊടുക്കാത്തതാണ് പ്രശ്നമെന്നാണ് വിവരം. രണ്ടുകേസുകളാണ് ​ധ്രുവനച്ചത്തിരം റിലീസുമായി ബന്ധപ്പെട്ട് ഗൗതം മേനോനും അദ്ദേഹത്തിന്റെ ടീമിനുമെതിരെയുമുള്ളത്. കടം വാങ്ങിയ പണം വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് മുമ്പ് ബന്ധപ്പെട്ടവർക്ക് തിരിച്ചുനൽകണമെന്ന് സംവിധായകനോട് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ പണം കണ്ടെത്താൻ അദ്ദേഹത്തിന് സാധിക്കാത്തതിനാലാണ് ധ്രുവനച്ചത്തിരത്തിന്റെ റിലീസ് മാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com