'മത്സരം തുടങ്ങിയത് കലോത്സവവേദിയിൽ നിന്ന്; അന്ന് നവ്യ കപ്പടിച്ചു, എനിക്ക് 14-ാം സ്ഥാനവും'

തനിക്ക് നവ്യയോടുള്ള മത്സരം തുടങ്ങിയത് കലോത്സവ കാലം മുതലെന്ന് ഷൈൻ ടോം ചാക്കോ 
നവ്യ നായർ, ഷൈൻ ടോം ചാക്കോ/ ഇൻസ്റ്റ​ഗ്രാം
നവ്യ നായർ, ഷൈൻ ടോം ചാക്കോ/ ഇൻസ്റ്റ​ഗ്രാം
Updated on

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തന്നെ വെട്ടിച്ച് നടി നവ്യ നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി, താൻ 14-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നും നടൻ ഷൈൻ ടോം ചാക്കോ. യുവജനോത്സവ വേദിയിൽ നിന്നാണ് നവ്യ നായരുമായുള്ള മത്സരം തുടങ്ങുന്നതെന്ന് ഷൈൻ ടോം ചാക്കോ 'ഡാൻസ് പാർട്ടി' എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു. സംസ്ഥാന കലോത്സവത്തിൽ മോണോആക്ട് ആയിരുന്നു തന്റെ ഐറ്റം. അതിന് നവ്യയും പങ്കെടുക്കാനെത്തി. നന്ദനം സിനിമയുടെ ലൊക്കേഷനിൽ നിന്നുമാണ് അവർ വന്നത്. കപ്പ് അവർ കൊണ്ടുപോവുകയും ചെയ്‌തുവെന്നും ഷൈൻ പറഞ്ഞു.


'സിനിമയിലേക്ക് എത്താൻ വേണ്ടിയാണ് അന്ന് ഡാൻസ് പഠിക്കുന്നത്. കാരണം യുവജനോത്സവങ്ങളിൽ നിന്നാണ് അന്നൊക്കെ നടൻമാരെ സംവിധായകർ തിരഞ്ഞെടുത്തിരുന്നത്. അന്ന് റീലുകളും സോഷ്യൽ മീഡിയയും ഒന്നുമില്ലല്ലോ. ഏതെങ്കിലും യുവജനോത്സവത്തിന്റെ പരിപാടി ഹിറ്റ് ആയാൽ സംവിധായകൻ നമ്മളെ തിരിച്ചറിയും. എന്നിട്ട് നമ്മളെ സിനിമയിലേക്ക് കൊണ്ടുപോകും. വിനീത്, മോനിഷ, മഞ്ജു വാരിയർ, നവ്യ നായർ എല്ലാവരും യുവജനോത്സവത്തിൽ നിന്നും സിനിമയിൽ വന്നതാണ്. പ്ലസ് ടു പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി സംസ്ഥാന കലോത്സവത്തിൽ എത്തുന്നത്.

ഡാൻസ് അല്ല, മോണോആക്ട് ആയിരുന്നു ഐറ്റം. ഡാൻസ് കുറച്ച് ബുദ്ധിമുട്ടാണ്. കാരണം ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചാണ് മത്സരം. അവരോട് മത്സരിച്ചിട്ട് കാര്യമില്ല. പിന്നീട് മാറ്റിയെങ്കിലും ഞാൻ പഠിച്ചില്ല. കുറച്ചു കൂടി എക്‌സ്‌പെൻസീവ് ആണ് ഭരതനാട്യം, മോഹിനിയാട്ടം ഒക്കെ കളിക്കാൻ. അത് പഠിക്കണം, അതിന്റെ വസ്ത്രം, ആഭരണം, അതിനൊക്കെ മാർക്കുണ്ട്. പൈസ നന്നായി ചിലവാക്കുന്ന കോൺവന്റ് സ്‌കൂളുകളാണ് കൂടുതലും ഡാൻസിന് കൊണ്ടുപോവുക. മോണോആക്ടിന് അന്ന് ഒരു ചിലവുമില്ലാലോ. വെറുതെ പോയി നിന്നിട്ട് ചെയ്യാലോ. 

അപ്പോഴുണ്ട് മോണോആക്ട് തുടങ്ങാൻ നോക്കുമ്പോ നവ്യ നായർ വരുന്നു. നന്ദനത്തിന്റെ ലൊക്കേഷനിൽ നിന്നാണ് വരവ്. അപ്പോൾ തന്നെ ഞാൻ പറഞ്ഞു, സിനിമാക്കാർ തന്നെ ഇത് കൊണ്ടുപോകുമെന്ന്. പറഞ്ഞ പോലെ തന്നെ നവ്യ നായർക്ക് മോണോആക്ടിൽ ഫസ്റ്റ്. 

എനിക്ക് പതിനാലാം സ്ഥാനം കിട്ടി. നവ്യയെ കുറ്റം പറയാൻ പറ്റില്ലല്ലോ 14 ജില്ല അല്ലേയുളളൂ. അന്ന് ഞാൻ മലപ്പുറത്തെയാണ് പ്രതിനിധീകരിച്ചത്. നവ്യ നായരോട് ഞാൻ പറഞ്ഞു, സിനിമാക്കാരല്ലേ, ഇത് കള്ളക്കളിയാണെന്ന്. അപ്പോൾ നവ്യ തിരിച്ചു ചോദിച്ചു, നിങ്ങൾക്ക് രണ്ടാം സ്ഥാനമാല്ലേയെന്ന്. പതിനാലാം സ്ഥാനം എന്ന് മറുപടിയും പറഞ്ഞു. അതിന്റെ മുൻപത്തെ കലോത്സവത്തിലാണ് നവ്യ കരഞ്ഞത്. അവർ വരുമ്പോ തന്നെ ക്യാമറയും എത്തും. അവരുടെ മോണോആക്ട് കഴിഞ്ഞാൽ പിന്നെ ആരുമുണ്ടാവില്ല കാണാൻ.'– ഷൈൻ ടോം ചാക്കോ പറഞ്ഞു.
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com