'വേണു മരിച്ച ശേഷം വീട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഒരു പാക്കറ്റ് തന്നു, എന്റെ കണ്ണുനിറഞ്ഞു'

നെടുമുടി വേണുവുമായുള്ള സൗഹൃദത്തേക്കുറിച്ച് സാഹിത്യകാരനും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ മനസ് കവരുന്നത്
നെടുമുടി വേണു, ബാലചന്ദ്രൻ ചുള്ളിക്കാട്/ഫയല്‍ ചിത്രം
നെടുമുടി വേണു, ബാലചന്ദ്രൻ ചുള്ളിക്കാട്/ഫയല്‍ ചിത്രം

കൊച്ചി: മലയാളത്തിന്റെ പ്രിയ നടനാണ് നെടുമുടി വേണു. മലയാളികൾക്ക് എന്നും ഓർത്തുവെക്കാൻ ഒരുപാട് മികച്ച കഥാപാത്രങ്ങളാണ് വേണു സമ്മാനിച്ചിട്ടുള്ളത്. ഇന്നലെ താരത്തിന്റെ രണ്ടാം ചരമവാർഷികമായിരുന്നു. നെടുമുടി വേണുവുമായുള്ള സൗഹൃദത്തേക്കുറിച്ച് സാഹിത്യകാരനും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞ വാക്കുകളാണ് ആരാധകരുടെ മനസ് കവരുന്നത്. 

ഒരിക്കലും മരിക്കാത്ത സൗഹൃദമായിരുന്നു വേണുവുമായി ഉണ്ടായിരുന്നത് എന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നത്. കോളജ് പഠനകാലത്താണ് വേണുവിനെ പരിചയപ്പെടുന്നത്. അന്ന് തന്റെ മുഷിഞ്ഞ വേഷം കണ്ട് പുതിയ ഷർട്ടും മുണ്ടും അദ്ദേഹം വാങ്ങിതന്നു എന്നും അദ്ദേഹം പറഞ്ഞു. നെടുമുടി വേണുവിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചുള്ളിക്കാട്. 

ഞാൻ കോളജിൽ പഠിക്കുന്ന കാലത്ത് എറണാകുളത്ത് സാഹിത്യ പരിഷത്ത് സമ്മേളന വേദിയിൽ ശങ്കരക്കുറുപ്പിനും കുഞ്ഞിരാമൻ നായർക്കും വൈലോപ്പിള്ളിക്കുമൊപ്പം കവിത ചൊല്ലി താഴെയിറങ്ങിയപ്പോൾ നീണ്ട മുടിയും താടിയുമുള്ള ചെറുപ്പക്കാരൻ അടുത്തു വന്നു. പത്രലേഖകനായ കെ. വേണുഗോപാൽ എന്നു സ്വയം പരിചയപ്പെടുത്തി. എന്റെ മുഷിഞ്ഞ വേഷം കണ്ട് വേണു പുതിയ ഷർട്ടും മുണ്ടും വാങ്ങിത്തന്നു, സ്വന്തം മുറിയിൽ താമസിപ്പിച്ചു. വേണു മരിച്ച ശേഷം വീട്ടിൽ ചെന്നപ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യ സുശീല എനിക്ക് ഒരു പാക്കറ്റ് തന്നിട്ടു പറഞ്ഞു, ഇത് വേണുച്ചേട്ടൻ അവസാനമായി വാങ്ങിച്ചതാണ്. ഉപയോഗിച്ചില്ല. ഇത് ബാലന് ഇരിക്കട്ടെ. ആ പാക്കറ്റിൽ മൂന്ന് ഷർട്ടായിരുന്നു. എന്റെ കണ്ണുനിറഞ്ഞു. ഒരിക്കലും മരിക്കാത്ത സൗഹൃദമായിരുന്നു ഞങ്ങളുടേത് - ബാലചന്ദ്രൻ ചുള്ളിക്കാട്  പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com