'എന്നെ സദാചാരം പഠിപ്പിക്കേണ്ട, പുരുഷന്‍മാരെയും ബഹുമാനിക്കാന്‍ പഠിക്കണം, ആണ്‍ പ്രതിമ ചോദിച്ചതാണോ കുറ്റം?':  അലന്‍സിയര്‍

മലയാള സിനിമയിലെ ഏക പീഡകന്‍ എന്ന് തന്നെ വിശേഷിപ്പിക്കേണ്ടെന്നും ആ വിശേഷണത്തിനു യോഗ്യതയുള്ളവര്‍ പലരുമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു
നടൻ അലൻസിയർ
നടൻ അലൻസിയർ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിലെ നടന്‍ അലന്‍സിയറിന്റെ വാക്കുകള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നത്. പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം എന്നുമായിരുന്നു പ്രതികരണം. ഇതിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അലന്‍സിയര്‍. 

സിനിമാ മേഖലയില്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത്. താന്‍ ആരെയും ആക്ഷേപിച്ചിട്ടില്ല. അതിനാല്‍ ഖേദം പ്രകടിപ്പിക്കാനുമില്ലെന്നും അലന്‍സിയര്‍ പറഞ്ഞു. തന്നെ സദാചാരം പഠിപ്പിക്കാന്‍ വരേണ്ട. മലയാള സിനിമയിലെ ഏക പീഡകന്‍ എന്ന് തന്നെ വിശേഷിപ്പിക്കേണ്ടെന്നും ആ വിശേഷണത്തിനു യോഗ്യതയുള്ളവര്‍ പലരുമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ എന്നു വിളിക്കുന്നവരൊക്കെ അനുഭവിക്കുന്ന വേദനകള്‍ വലുതാണ്. പൊലീസ് വേഷത്തിലൊക്കെ വന്നു നില്‍ക്കുന്ന പുരുഷന്‍മാര്‍ മൂത്രമൊഴിക്കാന്‍ പോലും പറ്റാതെ, കാരവനുള്ളില്‍ കയറാന്‍ പറ്റാതെ നടക്കുന്ന നടപ്പ് ഞാന്‍ കണ്ടിട്ടുണ്ട്. സ്ത്രീയെ ബഹുമാനിക്കുന്ന ആളാണ് ഞാന്‍. ആക്ഷേപിച്ചുകൊണ്ടല്ല പറഞ്ഞത്. സ്ത്രീകള്‍ പുരുഷന്‍മാരെയും ബഹുമാനിക്കാന്‍ പഠിക്കണം. അങ്ങനെയൊരു അവഹേളനം നിലവിലുണ്ട്. സംവരണം കിട്ടാതെ പോകുന്നത് പുരുഷനാണ്. സംവരണം മുഴുവന്‍ സ്ത്രീകള്‍ക്കാണ്. എന്ത് അധാര്‍മികത കാണിച്ചാലും പുരുഷനാണ് പഴി. പുരുഷന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഇവിടെ ആരുമില്ല.- അലന്‍സിയര്‍ പറഞ്ഞു. 

ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുടെ അടുത്താണ് താന്‍ ആണ്‍ പ്രതിമ വേണമെന്ന് പറഞ്ഞത്. അതിലെന്താണ് തെറ്റുള്ളതെന്നും അലന്‍സിയര്‍ ചോദിച്ചു. കുഞ്ചാക്കോ ബോബന്‍ അങ്ങനെ പറഞ്ഞില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ കുറ്റമായിരിക്കും. എന്റെ കുറ്റമല്ല. എനിക്കു പറയാനുള്ളത് ഞാന്‍ പറഞ്ഞു. അതില്‍ എന്താണ് തെറ്റ്? എന്തുകൊണ്ട് ഈ പറയുന്ന സ്ത്രീപക്ഷ വാദികള്‍, സ്ത്രീശരീരത്തെ വര്‍ണിച്ചുകൊണ്ടുള്ള നമ്പൂതിരിയുടെ ശില്‍പം മാത്രം എല്ലാ വര്‍ഷവും വിറ്റുകൊണ്ടിരിക്കുന്നു? എന്തുകൊണ്ട് കാനായി കുഞ്ഞിരാമന്റെ ഒരു പുരുഷ ശരീരം തരുന്നില്ല? എന്റെ ശരീരം തരുന്നില്ല എന്നതാണ് എന്റെ ചോദ്യം.- അലന്‍സിയര്‍ പറഞ്ഞു. 

തന്റെ വാക്കുകള്‍ മുഖ്യമന്ത്രിയോടുള്ള പ്രതിഷേധം അല്ലെന്നും അലന്‍സിയര്‍ വ്യക്തമാക്കി. സിനിമാ മേഖലയിലുള്ളവര്‍ പലതും പറയും. അതൊന്നും ഞാന്‍ കേള്‍ക്കേണ്ട കാര്യമില്ല. സിനിമാ നടനായതുകൊണ്ട് പേരുദോഷം മാത്രമേയുള്ളൂവെന്നും ഇല്ലാത്ത ആരോപണങ്ങളില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ കുടുങ്ങില്ലെന്നും അലന്‍സിയര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com