മന്ത്രിയെ പിന്തുണച്ചതിന് ഭീകര തെറിവിളി: കല്യാണത്തിന് തന്നെ മാത്രം മാറ്റിനിർത്തിയ പൊള്ളുന്ന ഓർമ പങ്കുവച്ച് സുബീഷ് സുധി

പോസ്റ്റിന് മറുപടിയായും ഇൻബോക്സിലൂടെയും ഭീകരമായ തെറിവിളിയാണ് ലഭിക്കുന്നത് എന്നാണ് താരം പറയുന്നത്
സുബീഷ് സുധി
സുബീഷ് സുധി

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ അമ്പലത്തിലെ ചടങ്ങിൽ നിന്ന് മാറ്റി നിർത്തിയ സംഭവത്തിൽ നടൻ സുബീഷ് സുധി പ്രതികരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാൽ അതിനു പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് താരത്തിനെതിരെ നടക്കുന്നത്. പോസ്റ്റിന് മറുപടിയായും ഇൻബോക്സിലൂടെയും ഭീകരമായ തെറിവിളിയാണ് ലഭിക്കുന്നത് എന്നാണ് താരം പറയുന്നത്. വർഷങ്ങൾക്ക് മുൻപ് അടുത്ത സുഹൃത്തിന്റെ കല്യാണത്തിനുപോയപ്പോൾ ഫോട്ടോയിൽ നിന്ന് തന്നെമാത്രം മാറ്റിനിർത്തുന്ന നീറുന്ന ഓർമ പങ്കുവച്ചുകൊണ്ടാണ് സുധീഷിന്റെ കുറിപ്പ്. സമൂഹത്തിൽ നിന്ന് പല നിലയിൽ  അകറ്റിനിർത്തപ്പെട്ട  താൻ സമാനമായ അനുഭവമുണ്ടായ മറ്റൊരു മനുഷ്യന്റെ വേദനയിൽ സ്വാഭാവികമായും പ്രതികരിക്കും. 

സുബീഷ് സുധിയുടെ കുറിപ്പ്    

മന്ത്രി രാധാകൃഷ്ണനുമായി ബന്ധപ്പെട്ട് ഇന്നലെ ഞാനിട്ട പോസ്റ്റിന് മറുപടിയായി ഇൻബോക്സിലൂടെയും അല്ലാതെയും ഭീകരമായ തെറിവിളികളാണ് എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നിടത്തോളം കാലം ഈ തെറിവിളികളെ ഭയക്കുന്നില്ല. കാരണം,ഞാൻ ഈ സമൂഹത്തിൽ നിന്ന് ഒരുപാട് വിവേചനങ്ങളും മാറ്റിനിർത്തപ്പെടലുകളും അനുഭവിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ്, അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോൾ ഉണ്ടായ അനുഭവം ഇന്നും വേദനയോടെ മനസ്സിലുണ്ട്.

മറ്റു സുഹൃത്തുക്കളുടെകൂടെ ചെന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പോയപ്പോൾ കല്യാണം കഴിക്കുന്ന ആൾ എന്നെമാത്രം മാറ്റി നിർത്തിയത് പൊള്ളുന്ന ഓർമ്മയായി ഇന്നും നിറ്റലുണ്ടാക്കുന്നു. ചിലപ്പോൾ ഞാൻ ഉൾക്കൊള്ളുന്ന ജാതിയോ എന്റെ രൂപമോ ആയിരുന്നിരിക്കാം അയാളുടെ പ്രശ്നം. ജാതി ഭേദമന്യേ മറ്റുള്ളവരെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. സമൂഹത്തിൽ നിന്ന് പല നിലയിൽ അകറ്റിനിർത്തപ്പെട്ട ഞാൻ സമാനമായ അനുഭവമുണ്ടായ മറ്റൊരു മനുഷ്യന്റെ വേദനയിൽ സ്വാഭാവികമായും പ്രതികരിക്കും.അത് മന്ത്രിയായതുകൊണ്ട് മാത്രമല്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെ മാത്രമല്ല. അല്ലാതെയും അവരുടെ കൂടെ നിൽക്കുന്നവനാണ് ഞാൻ.അതുകൊണ്ട് എന്നെ തെറി വിളിക്കുന്ന സഹോദരങ്ങളോട് ഒന്നേ പറയാനുള്ളൂ. എന്നെ പിന്തുണക്കാൻ രാഷ്ട്രീയ പാർട്ടികളോ, മറ്റുള്ളവരോ ഇല്ല. സമൂഹത്തിലെ നിരാലംബരായ മനുഷ്യർക്ക് വേണ്ടിയും സമൂഹത്തിൽ മാറ്റി നിർത്തപ്പെട്ടവർക്ക് വേണ്ടിയും ഞാനെന്നും പ്രതികരിച്ചുകൊണ്ടിരിക്കും.. എനിക്കെതിരെ വാളെടുക്കുന്ന നിങ്ങൾ ആദ്യം എന്നെയൊന്ന് മനസ്സിലാക്കുക.

ഒരു മനുഷ്യന് മറ്റുള്ളവന്റെ വിഷമം മനസ്സിലാക്കി അതിലിടപെടാനുള്ള, പ്രതികരിക്കാനുള്ള അവകാശം ഈ ഇന്ത്യാ മഹാരാജ്യത്തുണ്ട്. അത് ഞാൻ തുടർന്നുകൊണ്ടേയിരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com