'പല്ലുപൊടിഞ്ഞ നടന്‍ ആരാണെന്ന് ടിനി ടോമിനോട് എക്‌സൈസ് ചോദിക്കണം'; സെറ്റില്‍ ഷാഡോ പൊലീസ് വേണ്ടെന്ന് ബി ഉണ്ണികൃഷ്ണന്‍

By സമകാലിക മലയാളം ഡെസ്ക്   |   Published: 08th June 2023 12:21 PM  |  

Last Updated: 08th June 2023 12:21 PM  |   A+A-   |  

tiny_tom_unnikrishnan

ടിനി ടോം, ബി ഉണ്ണികൃഷ്ണന്‍ /ചിത്രം: ഫേയ്സ്ബുക്ക്

 

കൊച്ചി; മലയാള സിനിമയിലെ മയക്കുമരുന്ന് ഉപയോ​ഗത്തേക്കുറിച്ചുള്ള നടന്‍ ടിനി ടോമിന്റെ പരാമർശത്തിൽ രൂക്ഷ വിമര്‍ശനവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. വലിയൊരു ആരോപണം ഉന്നയിച്ചിട്ട് എക്‌സൈസ് ടിനി ടോമില്‍ നിന്ന് മൊഴിയെടുക്കാത്തത് എന്താണ് എന്ന് അദ്ദേഹം ചോദിച്ചു. സിനിമ സെറ്റില്‍ ഷാഡോ പൊലീസിനെ ഏര്‍പ്പെടുത്താനുള്ള നടപടിയേയും വിമര്‍ശിച്ചു. സംവിധായകന്‍ നജീം കോയയുടെ ഹോട്ടല്‍ മുറിയിലെ എക്‌സൈസ് പരിശോധനയ്‌ക്കെതിരെ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പരാമര്‍ശം. 

വിജിലന്‍സ് എന്തുകൊണ്ടാണ് ടിനി ടോമിന്റെ മൊഴി എടുക്കാത്തത്. പാവപ്പെട്ട നജീമിനെതിരെ നടപടിയെടുക്കാന്‍ എത്ര പണവും സമയവുമാണ് എക്‌സൈസ് ചെലവഴിച്ചത്. ടിനി ടോം എക്‌സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാണെങ്കില്‍ പല്ലുപൊടിഞ്ഞ നടന്‍ ആരാണെന്ന് എക്‌സൈസ് ചോദിക്കണ്ടേ. നടപടിയെടുക്കുകയല്ലേ വേണ്ടത്. അത് എന്താണ് ചെയ്യാത്തത്. ഒരു സ്റ്റേറ്റ്‌മെന്റ് നടത്തുമ്പോള്‍ അതില്‍ ഉത്തരവാദിത്വം വേണം.- ഉണ്ണികൃഷ്ണന്‍ പറഞ്ഞു.  

മകനെ സിനിമയില്‍ വിടില്ലെന്ന് ടിനി ടോം പറയുന്നത് മകനുമായുള്ള ബന്ധത്തിലെ പ്രശ്‌നമാണ് എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തനിക്ക് ഒരു മകളാണ് ഉള്ളതെന്നും അവളെ ധൈര്യപൂര്‍വം എല്ലായിടത്തും വിടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സിറ്റി പൊലീസ് പറയുന്നതുകേട്ടു സിനിമ സെറ്റില്‍ ഷാഡോ പൊലീസിനെ നിയമിക്കുമെന്ന്. അദ്ദേഹത്തിന് ഷൂട്ടിങ്ങിനെക്കുറിച്ച് ധാരണയുണ്ടോ എന്ന് അറിയില്ല. നമ്മള്‍ ഒരു ഫ്രെയിം വെക്കുമ്പോള്‍ അപരിചിതരായ ആരെയെങ്കിലും കണ്ടാല്‍ പിടിച്ച് വെളിയില്‍ കളയും. ലൊക്കേഷനില്‍ ഷാഡോ പൊലീസ് എന്നു പറഞ്ഞാല്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

'എടുക്കെടാ സാധനം, കേസില്‍ കുടുക്കാന്‍ ശ്രമിച്ചു'; സംവിധായകന്റെ മുറിയിലെ എക്‌സൈസ് പരിശോധനയില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് ഫെഫ്ക

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ