മാകന്ദശാഖികളില്‍ മയങ്ങിയ രാക്കിളി

പി. ഭാസ്‌കരന്റെ ജന്മശതാബ്ദി ഇന്ന് (ജനനം: 1924 ഏപ്രില്‍ 21)
മലയാളികളുടെ ഭാവുകത്വത്തെ മാനവികതയുമായി അന്ത്യം വരെ ചേര്‍ത്ത് നിര്‍ത്തിയ പി ഭാസ്‌കരന്‍ മാഷ് ജന്മശതാബ്ദിയുടെ ഓര്‍മയില്‍
മലയാളികളുടെ ഭാവുകത്വത്തെ മാനവികതയുമായി അന്ത്യം വരെ ചേര്‍ത്ത് നിര്‍ത്തിയ പി ഭാസ്‌കരന്‍ മാഷ് ജന്മശതാബ്ദിയുടെ ഓര്‍മയില്‍ഫയല്‍

മുസാഫിര്‍

ലയാണ്‍മയുടെ നിരുപമ ചാരുതയോലുന്ന നിശീഥിനികളെ തുയിലുണര്‍ത്തിയ ആ നീലക്കുയില്‍ നാദം നിലച്ചത് 2007 ഫെബ്രുവരി 25 ന്. കവി, ഗാനരചയിതാവ്, പ്രഭാഷകന്‍, ചലച്ചിത്രകാരന്‍, ഇടത്സഹയാത്രികനായ പോരാളി എന്നീ നിലകളിലൊക്കെ മലയാളികളുടെ ഭാവുകത്വത്തെ മാനവികതയുമായി അന്ത്യം വരെ ചേര്‍ത്ത് നിര്‍ത്തിയ പി ഭാസ്‌കരന്‍ മാഷ് ജന്മശതാബ്ദിയുടെ ഓര്‍മയില്‍.

മരിക്കുന്നതിന്റെ ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് അദ്ദേഹവുമായി കാണാനും സംസാരിക്കാനും എനിക്കും ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ മകന്‍ അജിത് ഭാസ്‌കറുടെ പത്നിയും പ്രമുഖ അവതാരകയും സെലിബ്രിറ്റിയുമായ രേഖാ മേനോനാണ് തിരുവനന്തപുരത്തെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കുള്ള അവസരമൊരുക്കിത്തന്നത്.

മലയാളികളുടെ ഭാവുകത്വത്തെ മാനവികതയുമായി അന്ത്യം വരെ ചേര്‍ത്ത് നിര്‍ത്തിയ പി ഭാസ്‌കരന്‍ മാഷ് ജന്മശതാബ്ദിയുടെ ഓര്‍മയില്‍
ആലപ്പുഴയില്‍ വീട്ടമ്മ തോട്ടില്‍ വീണ് മരിച്ചു,അപസ്മാരമുണ്ടായിരുന്നതായി വീട്ടുകാര്‍

ഏറെ നേരം ഭാസ്‌കരന്‍ മാഷുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാനും സംഭവബഹുലമായ ആ ജീവിതയാത്രയുടെ ചില മുഹൂര്‍ത്തങ്ങള്‍, ഓര്‍മയില്‍ നിറം പകര്‍ന്ന ഒട്ടേറെ സുന്ദരനിമിഷങ്ങള്‍, കയ്പും മധുരവും നിറഞ്ഞ നിരന്തരമായ അനുഭവങ്ങളുടെ സത്യസന്ധമായ അനാവരണം, വലിയൊരു മനസ്സിന്റെ ഉടമയോടൊപ്പമുള്ള അനൗപചാരിക വര്‍ത്തമാനം പറച്ചില്‍.. ഏറെക്കാലത്തേക്ക് മനസ്സില്‍ നിന്ന് മാഞ്ഞുപോകാത്ത അസുലഭമായ അഭിമുഖമായിരുന്നു അത്. വിദ്യാര്‍ഥി ഫെഡറേഷന്‍ കാലത്തെക്കുറിച്ച് പറയവെ, ഏറനാടന്‍ - വള്ളുവനാടന്‍ ഗ്രാമങ്ങളിലൂടെയുള്ള ദുര്‍ഘട യാത്രകള്‍, നിലമ്പൂരിന്റെ നിമ്ന്നോതങ്ങളിലൂടെയുള്ള സഞ്ചാരം, കന്നിരാവിന്‍ കളഭക്കിണ്ണം വീണ പൊന്നാനിപ്പുഴയുടെ ചാരുത, ഒളിവ് ജീവിതം, നരണിപ്പുഴ കടവ് കടന്ന് സഹയാത്രികനും സഖാവുമായ പി. ചിത്രന്‍ നമ്പൂതിപ്പാടുമൊത്തുള്ള സാഹസിക യാത്ര, കൊളാടിയുടേയും ഇമ്പിച്ചിബാവയുടേയും സരസഭാഷണങ്ങളുടെ ഓര്‍മ... ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിന്റെ ഫ്ളാഷ് ബാക്ക് പോലെയായിരുന്നു ഭാസ്‌കരന്‍ മാഷുടെ അന്നത്തെ കഥാകഥനം. പൊയ്പോയ കാലഘട്ടത്തിന്റെ വര്‍ണപ്പകിട്ടാര്‍ന്ന ചിത്രങ്ങള്‍ക്കാകെയും നന്മയുടെ മിഴിവും പൊലിമയും. അവ്യക്തതയുടെ നിഴല്‍ വീഴാത്ത സ്മൃതിയോളങ്ങള്‍.

ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ വിളി കേട്ട് തെരുവിലിറങ്ങിയതിന് പൊലീസ് പിടിച്ച് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഇരുപത്തൊന്നാം വയസ്സില്‍ ഭാസ്‌കരന്‍ മാഷെ തടവില്‍ പാര്‍പ്പിച്ചത്. ക്വിറ്റിന്ത്യാ സമരത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂരില്‍ കോതപ്പറമ്പിലും കോട്ടപ്പുറത്തും ഏറിയാട്ടും ദേശീയ പതാക ഉയര്‍ത്തുകയും മഹാത്മാഗാന്ധിക്ക് ജയ് വിളിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. മൂന്നു നാലു യോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തു. തോക്കുധാരികളായ പോലീസുകാരുടെ അകമ്പടിയോടെ തടവറയുടെ ഇടനാഴിയിലൂടെ വരുന്ന കൊടുങ്ങല്ലൂരിന്റെ യുവപോരാളിയെ ജയിലിനകത്തുണ്ടായിരുന്ന ചൊവ്വര പരമേശ്വരന്‍, ജി.എസ് ധാരാസിംഗ്, ഇക്കണ്ടവാര്യര്‍ എന്നിവരെല്ലാം ആവേശപൂര്‍വം നോക്കിനിന്നു. പിന്നെ ഭാരത് മാതാ കീ ജെയ് വിളിച്ച് വരവേറ്റു.

സി. അച്യുതമേനോന്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍, കെ. കരുണാകരന്‍, ജോര്‍ജ് ചടയംമുറി, വി.എ സെയ്ത് മുഹമ്മദ് തുടങ്ങി പലരേയും പലയിടങ്ങളില്‍ നിന്നായി പിടിച്ചുകൊണ്ടുവന്ന് തുടര്‍ന്നുള്ള ദിനങ്ങളില്‍ വിയ്യൂര്‍ ജയിലിലടച്ചതായി പി. ഭാസ്‌കരന്‍ ഓര്‍ക്കുന്നു.

ജയില്‍കാലത്തെക്കുറിച്ച്്ഭാസ്‌കരന്‍ മാഷ് പിന്നീടെഴുതി: എന്നെ ക്വാറന്റൈന്‍ ജയിലിനകത്തേക്കാണ് കൊണ്ടുപോയത്. കൈയില്‍ പരന്ന വലിയ അലൂമിനിയം കിണ്ണം, ചെറിയ മറ്റൊരെണ്ണം, അലൂമിനിയം ഗ്ലാസ്, മഗ്ഗ്, തഴപ്പായ, രണ്ടു കരിമ്പടങ്ങള്‍, രണ്ടു കാലുറകള്‍, രണ്ട് കുപ്പായം, രണ്ടു ടവല്‍ എന്നിവ തന്നു. മുറിയില്‍ ഫാനൊന്നുമില്ല. കാറ്റ് കടക്കില്ല. മൂത്രമൊഴിക്കാന്‍ മണ്ണ് നിറച്ച ഒരു ചട്ടിയുണ്ട്, അരികില്‍. മുറിയില്‍ വെളിച്ചമില്ല. ഇടനാഴിയില്‍ മാത്രം മിന്നിക്കത്തുന്ന ഒരു ബള്‍ബ്...ഭക്ഷണം പക്ഷേ മോശമല്ലാത്ത രീതിയിലൊക്കെ കിട്ടിയിരുന്നുവെന്ന് പറയാം. ആഴ്ചയിലൊരു നാള്‍ മല്‍സ്യവും മാംസവും.

ചൊവ്വര പരമേശ്വരനായിരുന്നു തടവുകാരുടെ തലവന്‍. മാതൃഭൂമി, ഗോമതി, ദ ഹിന്ദു പത്രങ്ങള്‍ ജയിലില്‍ കിട്ടും. പത്രം വായിക്കാന്‍ പിടിവലിയാണ്. ആരൊക്കെ ജയിലിലായിട്ടുണ്ടെന്ന് പത്രങ്ങളില്‍ നിന്നാണറിയുക. ചില വാര്‍ത്തകള്‍ മഷി പുരട്ടി സെന്‍സര്‍ ചെയ്താണ് തരിക. അതിനിടെ, ജയിലില്‍ ആരോ ഒളിച്ചുകടത്തിയ ഒരു മാസിക കിട്ടി. എന്‍.വി കൃഷ്ണവാര്യരും വി.എ കേശവന്‍ നായരും രഹസ്യമായി പുറത്തിറക്കിയിരുന്ന 'സ്വതന്ത്ര ഭാരതം' എന്ന പത്രികയായിരുന്നു അത്. ഇതിനിടയില്‍ എഴുത്തും വായനയുമൊക്കെ തകൃതിയായി തുടര്‍ന്നു. പത്രം വായിച്ച് തടവുകാരുടെ വാദപ്രതിവാദങ്ങള്‍ കൊഴുക്കും. ഞായറാഴ്ചകളില്‍ ഉച്ച കഴിഞ്ഞ് കലാപരിപാടികള്‍ അരങ്ങേറും. സന്ദര്‍ശകരെ മാസത്തിലൊരിക്കല്‍ മാത്രമേ അനുവദിക്കുമായിരുന്നുള്ളൂ.

ജയില്‍ ജീവിതം ധന്യമായ കുറെ അനുഭവങ്ങള്‍ പകര്‍ന്നുനല്‍കിയതായും പി. ഭാസ്‌കരന്‍ മാഷ് പറയുമായിരുന്നു. വായനയ്ക്കും എഴുത്തിനും പറ്റിയ അവസരം. സി. അച്യുതമേനോന്‍ സോവ്യറ്റ്നാട് എന്ന പുസ്തകമെഴുതിയത് വിയ്യൂര്‍ ജയിലില്‍ വെച്ചാണ്. ഡിസ്‌കവറി ഓഫ് ഇന്ത്യ ഇംഗ്ലീഷില്‍ നിന്ന് പരിഭാഷപ്പെടുത്താന്‍ അച്യുതമേനോന്‍, ആര്‍.എം. മനയ്ക്കലാത്ത് എന്നിവരോടൊപ്പം ഭാസ്‌കരന്‍ മാഷും ശ്രമിച്ചു. ഓരോ അധ്യായങ്ങള്‍ ഓരോരുത്തരായി തര്‍ജ്ജമ ചെയ്തു. പക്ഷേ അത് മുഴുവനായില്ല. ജയില്‍ ജീവിതത്തിന് തിരശ്ശീല വീണത് 1943 ഫെബ്രുവരിയില്‍. തടവറയിലെ നാളുകളെക്കുറിച്ച് 'കാടാറുമാസം' എന്ന തലക്കെട്ടിലുള്ള പുസ്തകം പി. ഭാസ്‌കരന്‍ മാഷ് രചിച്ചത് ജയില്‍ മോചനം കഴിഞ്ഞ് 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്.

ജയില്‍ ജീവിതത്തിനു ശേഷം കൊടുങ്ങല്ലൂരിലെത്തി അമ്മയെ കണ്ടു. അമ്മ കിടപ്പിലായിരുന്നു. ബിരുദപരീക്ഷയെഴുതാതെ പോലീസിന്റെ തല്ലും തൊഴിയുമേറ്റ് നടക്കുന്ന തന്നെക്കുറിച്ച് ആധി പൂണ്ട അമ്മയെക്കുറിച്ചോര്‍ത്തപ്പോള്‍ വിഷമം തോന്നിയെങ്കിലും വിപ്ലവത്തിന്റെ കനലെരിയുന്ന ആ യുവാവിന്റെ ഉള്ളില്‍ പുന്നപ്ര - വയലാറിലെ വെടിയുണ്ടകളുടെ ഗര്‍ജ്ജനം മുഴങ്ങുന്നുണ്ടായിരുന്നു.

സര്‍ സി.പിയുടെ പട്ടാളം ചവിട്ടിമെതിച്ച പുന്നപ്രയിലും വയലാറിലുമെത്തിയ പി. ഭാസ്‌കരന്‍, ആ ചുവന്ന മണ്ണിലിരുന്നെഴുതി: ഉയരും ഞാന്‍ നാടാകെപ്പടരും ഞാനൊരു

പുത്തനുയിര്‍ നാട്ടിനേകിക്കൊണ്ടുയരും വീണ്ടും..

രക്തസാക്ഷികളുടെ ആത്മാവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഈ വരികളില്‍ പ്രകടമായത്. കെ.എ രാജന്‍, പി.കെ ഗോപാലകൃഷ്ണന്‍ എന്നീ സി.പി.ഐ നേതാക്കള്‍ കവിയെ പ്രോല്‍സാഹിപ്പിച്ചു. 1946 ഡിസംബറില്‍ 'വയലാര്‍ ഗര്‍ജ്ജിക്കുന്നു' പുസ്തകരൂപത്തില്‍ പുറത്തിറങ്ങി. തിരുവിതാംകൂറില്‍ പുസ്തകം നിരോധിക്കപ്പെട്ടു.

എം.എസ് ദേവദാസിന്റെ പത്രാധിപത്യത്തില്‍ ദേശാഭിമാനി, വാരികയായി കോഴിക്കോട്ട് നിന്ന് അച്ചടിയാരംഭിച്ച കാലത്ത് പി. ഭാസ്‌കരന്‍ പത്രാധിപസമിതിയംഗമായി ചേര്‍ന്നു. കോഴിക്കോടുമായുള്ള അഭേദ്യമായ ബന്ധത്തിന്റെ നാന്ദി കൂടിയായിരുന്നു അത്. ഇ.എം.എസുമായുള്ള ബന്ധം ദൃഢമായത് ഇക്കാലത്താണെന്ന് പി. ഭാസ്‌കരന്‍ അനുസ്മരിക്കുന്നുണ്ട്. പി.സി ജോഷിയുടെ ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തുക, വാര്‍ത്തകളുടേയും ലേഖനങ്ങളുടേയും പ്രൂഫ് വായിക്കുക ഇതൊക്കെയായിരുന്നു ജോലി. ഇതോടൊപ്പം കവിതയെഴുത്തും അഭംഗുരം തുടര്‍ന്നു. ജയകേരളം മാസികയുടെ പിറവിയും വൈക്കം മുഹമ്മ്ദ് ബഷീര്‍, പൊറ്റെക്കാട് തുടങ്ങിയ എഴുത്തുകാരുമായുള്ള സംവാദവുമെല്ലാം ഈ കോഴിക്കോടന്‍ ജീവിതത്തിന്റെ നല്ല ഓര്‍മകളായിരുന്നു, അദ്ദേഹത്തിന്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിയുമായുള്ള അകല്‍ച്ചയും ആശയപരമായ അഭിപ്രായവ്യത്യാസങ്ങളുമെല്ലാം വൈകാതെ ഉടലെടുക്കുകയും പൂര്‍ണമായും സിനിമാരംഗത്തേക്കുള്ള പ്രവേശനം ആരംഭിക്കുകയും ചെയ്തതോടെ പി. ഭാസ്‌കരന്റെ സര്‍ഗജീവിതം പുതിയൊരു ട്രാക്കിലേക്ക് വഴിമാറി. എസ്.കെ പൊറ്റെക്കാടിന്റെ പുള്ളിമാന്‍ സിനിമയാക്കാനുള്ള ശ്രമമായിരുന്നു ആദ്യം. പിന്നീട് എം.ടിയുമായുള്ള അടുപ്പം ശക്തമായതോടെ കലാമൂല്യമുള്ള നിരവധി സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാസ്‌കരന്‍ മാഷ് ഊര്‍ജം പകര്‍ന്നു. ദേശീയ പുരസ്‌കാരം നേടിയ ആദ്യമലയാള സിനിമയായ നീലക്കുയിലിന്റെ ക്രെഡിറ്റ് ഭാസ്‌കരന്‍ മാഷിനുള്ളതാണ്.

രാമു കാര്യാട്ട്, ടി.കെ പരീക്കുട്ടി, ശോഭനാ പരമേശ്വരന്‍ നായര്‍ എന്നിവരുമായുള്ള സിനിമാ പങ്കാളിത്തം, ക്ലാസിക് ചലച്ചിതാവിഷ്‌കാരങ്ങള്‍, കവിതയൂറുന്ന നൂറുക്കണക്കിന് പിന്നണിഗാനങ്ങള്‍, തലമുറകള്‍ ഇന്നും പാടിനടക്കുന്ന ലളിതസുന്ദരമായ ഈരടികള്‍.. ലാളിത്യം വഴിഞ്ഞൊഴുകുന്ന പ്രകൃത്യുപാസനയുടെ ഉപമകളും ഉല്‍പ്രേക്ഷകളും.. പി. ഭാസ്‌കരന്‍ എല്ലാ അര്‍ഥത്തിലും മലയാളത്തിന്റെ ലെജന്റ് തന്നെ.

സപ്തതിയാഘോഷവേളയില്‍ ഓര്‍മകളില്‍ നാഴിയൂരിപ്പാല് എന്ന ശീര്‍ഷകത്തില്‍ പി. ഭാസ്‌കരന്‍ മാഷെഴുതിയ കുറിപ്പില്‍ നിന്ന്: ജീവിതപ്പാതയിലെ യാത്രയില്‍ എഴുപത് വര്‍ഷങ്ങള്‍ കഴിഞ്ഞ ഈ കാലഘട്ടത്തില്‍ ഇനി വല്ലതും നേടിയെടുക്കാന്‍ മോഹമുണ്ടോ? ഉണ്ട്. എന്നെ വ്യാമോഹിപ്പിച്ച് മുന്നിലോടുന്ന ആ പൊന്മാനിനെ പിടിക്കണം. സ്വന്തമാക്കണം. ദു:ഖമെന്ന മാരീചന്റെ കപടവേഷമാണോ സുഖമെന്ന ആ പൊന്മാന്‍? ആയിരിക്കാം, അല്ലായിരിക്കാം. പക്ഷേ ഈ അനുഗമനം നിര്‍ത്താന്‍ വയ്യ. എല്ലാ മനുഷ്യരാശിയും താന്താങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ട ജീവിതപ്പാതകളില്‍ക്കൂടി പൊന്മാനുകളേയും കുതിരകളേയും ആനകളേയും തേടി ഓടുകയാണ്..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com