ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ അഴിച്ചു പണി; ഇന്ദിരാഗാന്ധി, നര്‍ഗീസ് ദത്ത് പുരസ്കാരങ്ങളുടെ പേരുകള്‍ ഒഴിവാക്കി

മാറ്റങ്ങള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ ഡിസംബറിലാണ് നല്‍കിയതെന്ന് പാനലിലെ അംഗവും ചലച്ചിത്ര സംവിധായകനുമായ പ്രിയദര്‍ശന്‍ പറഞ്ഞു
നര്‍ഗീസ് ദത്ത്, ഇന്ദിരാ ഗാന്ധി
നര്‍ഗീസ് ദത്ത്, ഇന്ദിരാ ഗാന്ധി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ്

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ അഴിച്ചു പണി. ഇന്ദിരാഗാന്ധി, നര്‍ഗീസ് ദത്ത് പുരസ്കാരങ്ങളുടെ പേരുകള്‍ ഒഴിവാക്കി. ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡിന്റെ ക്യാഷ് പ്രൈസിലും മാറ്റങ്ങള്‍ വരുത്തി. മാറ്റങ്ങള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ ഡിസംബറിലാണ് നല്‍കിയതെന്ന് പാനലിലെ അംഗവും ചലച്ചിത്ര സംവിധായകനുമായ പ്രിയദര്‍ശന്‍ പറഞ്ഞു.

മികച്ച നവാഗത സംവിധായകന് നല്‍കുന്ന ഇന്ദിരാഗാന്ധി അവാര്‍ഡ് സംവിധായകന്റെ മികച്ച നവാഗത ചിത്രം എന്ന് പുനര്‍നാമകരണം ചെയ്തു. നേരത്തെ നിര്‍മ്മാതാവും സംവിധായകനുമായി വിഭജിച്ചിരുന്ന സമ്മാനത്തുക ഇനി സംവിധായകന് മാത്രമായിരിക്കും.

ദേശീയ ഉദ്ഗ്രഥനെത്തെക്കുറിച്ചുള്ള മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡിനെ മികച്ച ഫീച്ചര്‍ ഫിലിം എന്നു മാത്രമായിരിക്കും ഇനി മുതല്‍ അറിയപ്പെടുക. സാമൂഹിക പ്രശ്നങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള അവാര്‍ഡ് വിഭാഗങ്ങള്‍ ഇനി മുതല്‍ ഒറ്റ വിഭാഗമായിരിക്കും.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് എല്ലാ വര്‍ഷവും ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് നല്‍കുന്ന ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിനുള്ള പാരിതോഷികം 10 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി ഉയര്‍ത്തി.

നര്‍ഗീസ് ദത്ത്, ഇന്ദിരാ ഗാന്ധി
പ്രശസ്തി അരോചകമായി; ടൈറ്റാനിക്കിന് ശേഷമുള്ള അനുഭവം വിവരിച്ച് കേറ്റ് വിന്‍സ്ലെറ്റ്

സ്വര്‍ണ കമലം അവാര്‍ഡുകള്‍ക്കുള്ള സമ്മാനത്തുക 3 ലക്ഷം രൂപയായും രജത കമലം ജേതാക്കള്‍ക്ക് 2 ലക്ഷം രൂപയായും വര്‍ധിപ്പിച്ചു. മികച്ച സിനിമ, അരങ്ങേറ്റ ചിത്രം, മികച്ച എന്റര്‍ടൈന്റ്‌മെന്റ് സിനിമ, സംവിധാനം, കുട്ടികളുടെ സിനിമ എന്നീ വിഭാഗങ്ങളിലാണ് സ്വര്‍ണ കമലം നല്‍കുന്നത്. ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചര്‍ ഫിലിം, മറ്റ് അഭിനയ വിഭാഗങ്ങള്‍, മികച്ച തിരക്കഥ, സംഗീതം തുടങ്ങിയ വിഭാഗങ്ങളിലെ വിജയികള്‍ക്ക് രജത കമലം അവാര്‍ഡും നല്‍കുന്നു.

ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്, സൗണ്ട് ഡിസൈനര്‍, ഫൈനല്‍ മിക്‌സഡ് ട്രാക്കിന്റെ റെക്കോര്‍ഡിസ്റ്റ് എന്നിവരെ ആദരിക്കുന്ന മൂന്ന് ഉപവിഭാഗങ്ങളുള്ള 'മികച്ച ഓഡിയോഗ്രാഫി' വിഭാഗം ഇനി മികച്ച ശബ്ദ രൂപകല്‍പ്പന എന്ന വിഭാഗത്തില്‍ ഉള്‍പ്പെടും. ഈ വിഭാഗത്തില്‍ 50,000 രൂപയില്‍ നിന്ന് രണ്ട് ലക്ഷം രൂപയായി ഉയര്‍ത്തിയ സമ്മാനത്തുക സൗണ്ട് ഡിസൈനര്‍ക്ക് നല്‍കും.

മികച്ച സംഗീത സംവിധാന വിഭാഗത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, ഇനി മുതല്‍ മികച്ച പശ്ചാത്തല സംഗീതം എന്ന പേരിലാവും അവാര്‍ഡ് നല്‍കുക.

പ്രത്യേക ജൂറി അവാര്‍ഡ് നിര്‍ത്തലാക്കുകയും ദേശീയ ചലച്ചിത്ര അവാര്‍ഡുകളുടെ ഫീച്ചര്‍ ഫിലിം, നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗങ്ങളില്‍ രണ്ട് പ്രത്യേക പരാമര്‍ശങ്ങള്‍ നല്‍കാനുള്ള പൂര്‍ണ്ണ വിവേചനാധികാരം ജൂറിക്ക് നല്‍കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com