'പ്രശസ്തനായ യുവനടനും പിന്‍മാറി; അപ്പോഴും ഈ യക്ഷിയമ്മ രക്ഷിക്കും എന്നെന്റെ മനസ്സു പറഞ്ഞു കൊണ്ടേയിരുന്നു'

ആകാശഗംഗ റീലീസായിട്ട് 25 വര്‍ഷം തികയുന്നു
വിനയൻ
വിനയൻഫെയ്സ്ബുക്ക്

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ആകാശഗംഗ റീലീസായിട്ട് 25 വര്‍ഷം തികയുന്നു. സംവിധായകന്‍ വിനയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളസാരി ഉടുത്ത ഏഴിലം പാലയിലെ യക്ഷിക്കഥയുടെ കാലം കഴിഞ്ഞുവെന്ന് തന്നോട് നിരവധി നിര്‍മ്മാതാക്കള്‍ പണ്ട് പറഞ്ഞിരുന്നു. എന്നാല്‍ ആ കഥ ജനം സ്വീകരിക്കും എന്ന വിശ്വാസം തനിക്ക് തോന്നിയിരുന്നു എന്നും വിനയന്‍ കുറിപ്പില്‍ പറയുന്നു.

കഥ കേട്ട പലരും എന്നോട് മുഖം തിരിച്ചപ്പോള്‍ ഒടുവില്‍ സ്വയം നിര്‍മ്മാതാവിന്റെ കൂടി മേലങ്കി അണിയുകയായിരുന്നു. പ്രതികാര ദുര്‍ഗ്ഗയായ യക്ഷിക്കും അവളെ തളക്കുന്ന മേപ്പാടന്‍ എന്ന രാജന്‍ പി ദേവ് ചെയ്ത കഥാപാത്രത്തിനും ആയിരുന്നു സിനിമയില്‍ പ്രാധാന്യം. അതു കൊണ്ടു തന്നെ അന്ന് പ്രശസ്തനായിരുന്ന യുവനടനും സിനിമയില്‍ നിന്നും പിന്‍മാറി. അപ്പോഴും ഈ യക്ഷിയമ്മ രക്ഷിക്കും എന്നെന്റെ മനസ്സെന്നോടു പറഞ്ഞു കൊണ്ടേയിരുന്നു.. വിനയന്‍ കുറിച്ചു.

വിനയൻ
ഗായിക, സംഗീത സംവിധായക; ഇളയരാജയുടെ മകള്‍ ഭവതാരിണി അന്തരിച്ചു

കുറിപ്പിന്റെ പൂർണരൂപം:

ആകാശഗംഗ റിലീസായിട്ട് ഇരുപത്തഞ്ചു വർഷം തികയുന്നു. വെള്ള സാരി ഉടുത്ത ഏഴിലം പാലയിലെ യക്ഷിക്കഥയുടെ കാലം കഴിഞ്ഞു എന്നെന്നോട് നിരവധി നിർമ്മാതാക്കൾ അന്നു പറഞ്ഞിരുന്നു. പക്ഷേ എനിക്കെന്തോ ആ കഥ ജനം സ്വീകരിക്കും എന്ന വിശ്വാസം തോന്നിയിരുന്നു. കഥ കേട്ട പലരും എന്നോട് മുഖം തിരിച്ചപ്പോൾ ഒടുവിൽ സ്വയം നിർമ്മാതാവിൻെറ കൂടി മേലങ്കി അണിയുവാൻ ഞാൻ തീരുമാനിച്ചു. പ്രതികാര ദുർഗ്ഗയായ യക്ഷിക്കും അവളെ തളക്കുന്ന മേപ്പാടൻ എന്ന രാജൻ പി ദേവ് ചെയ്ത കഥാപാത്രത്തിനും ആയിരുന്നു സിനിമയിൽ പ്രാധാന്യം എന്നതു കൊണ്ടു തന്നെ അന്ന് പ്രശസ്തനായിരുന്ന യുവനടനും ആകാശ ഗംഗയിൽ നിന്നു പിൻമാറി.. അപ്പോഴും ഈ യക്ഷിയമ്മ എന്നെ രക്ഷിക്കും എന്നെൻെറ മനസ്സെന്നോടു പറഞ്ഞു കൊണ്ടേയിരുന്നു.. അതിനൊരു കാരണവും ഉണ്ടായിരുന്നു കുട്ടനാട്ടിലെ ഞങ്ങടെ കുടുംബമായ കോയിപ്പുറത്ത് കാവിലെ കന്യക്കോണിൽ നിന്നിരുന്ന ഏഴിലം പാലയിലെ പ്രണയാദ്രയും പ്രതികാര ദാഹിയുമായ യക്ഷിയുടെ കഥ അമ്മ പലപ്പോഴും പറയുമായിരുന്നു.. ആ കഥ തന്നെ ആയിരുന്നു ആകാശ ഗംഗയുടെ ത്രെഡ്.. ചില കാര്യങ്ങൾ നടപ്പാക്കാൻ പലപ്പോഴും വലിയ റിസ്ക് എടുക്കേണ്ടി വരും..ആകാശഗംഗയുടെ കാര്യത്തിൽ ഞാനതെടുത്തു. വീടു വെക്കാനനുവദിച്ച ലോൺ പോലും എടുത്ത് ആ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ച കാര്യം ഞാൻ പല ഇൻറർവ്യൂകളിലും മുൻപ് പറഞ്ഞിട്ടുണ്ട്. നായകനായി പുതുമുഖം റിയാസിനെ ആ യുവ നടനു പകരം കാസ്റ്റു ചെയ്തുകൊണ്ട് മുന്നോട്ടു പോയ എന്നെ അന്നു ഞാൻ കണ്ടിരുന്ന സ്വപ്നം പോലെ തന്നെ യക്ഷി സഹായിച്ചു..

ആകാശ ഗംഗ സൂപ്പർഹിറ്റായെന്ന് മാത്രമല്ല സംവിധായകനപ്പുറം നിർമ്മാതാവെന്ന നിലയിൽ എനിക്ക് വലിയ ലാഭവും നേടിത്തന്നു. ആകാശ ഗംഗ റിലീസായ 1999-ൽ തന്നെ വാസന്തിയും ലഷ്മിയും ലഷ്മിയും പിന്നെ ഞാനും, പ്രണയ നിലാവും, ഇൻഡിപ്പെൻഡൻസും റിലീസ് ചെയ്തിരുന്നു. എല്ലാം വിജയചിത്രങ്ങളായിരുന്നു. അതിനടുത്ത വർഷങ്ങളിലായിരുന്നു കരുമാടിക്കുട്ടനും ദാദാ സാഹിബും രാക്ഷസ രാജാവുമൊക്കെ.. പിന്നീടിങ്ങോട്ടു മലയാളത്തിലും തമിഴിലുമായി നാൽപ്പത്തി നാലു ചിത്രങ്ങൾ.. ഒടുവിൽ റിലീസായ "പത്തൊമ്പതാം നൂറ്റാണ്ട്" വരെയുള്ള എൻെറ സിനിമാ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ ഞാൻ സംതൃപ്തനാണ്..

ഫിലിം ഇൻഡസ്ട്രിയിൽ ഞാനെടുത്ത ചില ശക്തമായ നിലപാടുകളുടെ പേരിൽ എനിക്ക് കുറേ വർഷങ്ങൾ നഷ്ടമായെങ്കിലും.. പറയാനുള്ളത് ഏതു ദിവ്യന്റേയും മുഖത്ത് നോക്കി പറയാൻ കഴിഞ്ഞു.. അതിൻെ പേരിൽ സുപ്രീം കോടതി വരെ പോയി കേസു പറഞ്ഞ് ഞാൻ പറഞ്ഞതായിരുന്നു സത്യം എന്നു തെളിയിക്കാൻ കഴിഞ്ഞു എന്നതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് ഞാൻ കാണുന്നത്.. ഞാൻ ഏറ്റുമുട്ടിയത് മഹാ മേരുക്കളോടായിരുന്നല്ലോ?..

എൻെറ മനസ്സാക്ഷിക്കു നേരെന്നു തോന്നുന്നതിനു വേണ്ടി ഫൈറ്റു ചെയ്യുന്നതിൻ്റെ ലഹരി എനിക്കേറെ ഇഷ്ടമാണ്. അതിനിയും തുടരും. ഇതു വരെ എന്നെ സഹിച്ച സപ്പോർട്ടു ചെയ്ത, കൂടെ സഹകരിച്ച,എല്ലാവർക്കും നന്ദി പറയാൻ കൂടി ഈ അവസരം ഉപയോഗിക്കട്ടെ. വ്യത്യസ്ഥങ്ങളായ പ്രമേയങ്ങളുമായിട്ടാണ് ഞാൻ മിക്കപ്പോഴും പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുള്ളത്.. ഇനിയും അത്തരം സിനിമകളുമായി വരാനാണ് ശ്രമിക്കുന്നതും..അതിൻെറ പണിപ്പുരയിലാണ്. നന്ദി...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com