'ലിയോ' സിനിമയിലെ 'നരബലി' പ്രശ്നമാകുമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ഫോൺകട്ട് ചെയ്തു; ലോകേഷിനെതിരെ വിജയ്‌യുടെ പിതാവ്

സിനിമയുടെയോ സംവിധായകന്‍റെയോ പേര് പറയാതെയാണ് അദ്ദേഹം വിമര്‍ശിച്ചത്
എസ് എ ചന്ദ്രശേഖര്‍, വിജയ്, ലോകേഷ് കനകരാജ്
എസ് എ ചന്ദ്രശേഖര്‍, വിജയ്, ലോകേഷ് കനകരാജ്ഇന്‍സ്റ്റഗ്രാം

ലിയോ റിലീസ് ആയി മാസങ്ങള്‍ക്ക് ശേഷം വിമര്‍ശനവുമായി നടന്‍ വിജയ്‌യുടെ പിതാവും സംവിധായകനും നിര്‍മാതാവുമായ എസ് എ ചന്ദ്രശേഖര്‍. സിനിമയിലെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സംവിധായകന്‍ ഫോണ്‍ കട്ട് ചെയ്തു പോയെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. സിനിമയുടെയോ സംവിധായകന്‍റെയോ പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

‘അടുത്തിടെ ഇറങ്ങിയ ഒരു ചിത്രം റിലീസിന് അഞ്ച് ദിവസം മുന്‍പ് കാണുവാന്‍ എനിക്ക് അവസരം ഉണ്ടായി. അതിന് പിന്നാലെ അതിന്‍റെ സംവിധായകനെ ഞാന്‍ ഫോണിൽ വിളിച്ചു. സിനിമ നല്ലതാണ് എന്നാണ് പറഞ്ഞത്. ചിത്രത്തിന്‍റെ ആദ്യപകുതി ഗംഭീരമാണെന്നും ഒരു സിനിമ എങ്ങനെ എടുക്കണമെന്നത് നിങ്ങളിൽ നിന്നാണ് പഠിക്കേണ്ടതെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ രണ്ടാം പകുതിയിലെ ചില പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ചു. അതോടെ അയാൾ പറഞ്ഞു, ‘സർ ഞാൻ ഭക്ഷണം കഴിക്കുകയാണ് പിന്നെ വിളിക്കാമെന്ന്’. ഞാൻ നല്ലതു പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഭക്ഷണം കഴിക്കുന്ന കാര്യം പറഞ്ഞില്ല, എന്നാൽ സിനിമയെക്കുറിച്ച് മോശം പറഞ്ഞു തുടങ്ങിയതോടെ ഫോൺ കട്ടാക്കി പോയി.

രണ്ടാം പകുതിയിൽ അച്ഛന്‍ സമ്പത്തും ബിസിനസും വർധിക്കാന്‍ സ്വന്തം മക്കളെ ബലി കൊടുക്കാന്‍ ഒരുങ്ങുന്ന രംഗം ആരും വിശ്വസിക്കില്ല. ആ ഭാഗം ചിലപ്പോള്‍ നന്നായി വരാന്‍ സാധ്യതയില്ല എന്നായിരുന്നു ഞാൻ പറഞ്ഞത്. ഇത് കേട്ട ഉടനെയാണ് പിന്നെ വിളിക്കാം എന്ന് പറഞ്ഞ് സംവിധായകൻ ഫോണ്‍ വച്ചു. എന്നാല്‍ പിന്നീട് തിരിച്ച് വിളിച്ചുമില്ല. ചിത്രം തിയറ്ററില്‍ എത്തിയപ്പോള്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ കുറ്റം പറഞ്ഞതും ഈ ഭാഗത്തെക്കുറിച്ചാണ്’ - ചന്ദ്രശേഖര്‍ പറഞ്ഞു. കാര്യങ്ങൾ തിരിച്ചറിഞ്ഞ് വേണമെങ്കിൽ അത് മാറ്റി എടുക്കാമായിരുന്നു. വിമർശനങ്ങളെ നേരിടാനുള്ള ധൈര്യവും സ്വീകരിക്കാനുള്ള പക്വതയും സംവിധായകര്‍ക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഒരു സിനിമയുടെ ചടങ്ങിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. 'ഒരു സിനിമ വിജയിക്കണമെങ്കില്‍ ആദ്യം തിരക്കഥ നല്ലതായിരിക്കണം. തിരക്കഥ മികച്ചതാണെങ്കിൽ ആര് അഭിനയിച്ചാലും ആ സിനിമ വിജയിക്കും. ‘തുള്ളാതെ മനവും തുള്ളും’ എന്ന സിനിമ വിജയ്‌യുടെ കരിയറിലെ ഒരു നാഴികക്കല്ലായിരുന്നു. ഇതുപോലൊരു പത്ത് സിനിമയേ ഉണ്ടാകുകയുള്ളൂ. അതിൽ ഒന്നാണ് ‘തുള്ളാതെ മനവും തുള്ളും’. ഏതൊരു നടനും ഉയർന്നു വരാൻ കാരണം തിരക്കഥാകൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com