'ഇമേജ് മാറ്റണം'; സിംപതിക്കായി വീൽചെയറിൽ കൊല്ലം സുധിയുടെ വീട്ടിൽ: കാമറ തല്ലിത്തകർത്തു; ബിനു അടിമാലിക്കെതിരെ ആരോപണം

റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ചു വരുത്തി മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്നും ക്യാമറ തല്ലിത്തകർത്തെന്നുമാണ്‌ ജിനേഷ് പറയുന്നത്
ബിനു അടിമാലി
ബിനു അടിമാലിഫെയ്സ്ബുക്ക്

നടനും മിമിക്രി കലാകാരനുമായ ബിനു അടിമാലിക്കെതിരെ ​ഗുരുതര ആരോപണവുമായി താരത്തിന്റെ സോഷ്യൽ മീ‍ഡിയ മാനേജറും ഫോട്ടോ​ഗ്രാഫറുമായ ജിനേഷ്. റിയാലിറ്റി ഷോയുടെ ലൊക്കേഷനിൽ വിളിച്ചു വരുത്തി മുറിയിൽ പൂട്ടിയിട്ട് മർദിച്ചെന്നും ക്യാമറ തല്ലിത്തകർത്തെന്നുമാണ്‌ ജിനേഷ് പറയുന്നത്. ബിനു അടിമാലിയുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു എന്നാരോപിച്ചായിരുന്നു മർദനം.

യൂട്യൂബ് ചാനലിലൂടെയാണ് ജിനേഷിന്റെ ആരോപണം. മൂന്നു വർഷമായി നടന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്നത് ജിനേഷായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപാണ് ബിനു അടിമാലിയുമായി തെറ്റുന്നത്. കഴിഞ്ഞ വർഷം വാഹനാപകടത്തിൽ മരിച്ച കൊല്ലം സുധിയുടേയും പരിക്കേറ്റ മഹേഷ് കുഞ്ഞുമോന്റേയും വീട്ടിൽ ബിനു അടിമാലി പോയത് ചീത്തപ്പേര് മാറ്റി സഹതാപം കിട്ടാൻ വേണ്ടിയായിരുന്നു എന്നും ഇയാൾ പറയുന്നു.

കൊല്ലം സുധിയുടെ വീട്ടിൽ പോയപ്പോൾ ബിനു അടിമാലിക്ക് നടക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ല. എന്നിട്ടും വീൽ ചെയർ ഉപയോഗിച്ചിരുന്നു. അതൊന്നും ആവശ്യമില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നു. സിംപതി കിട്ടാൻ വേണ്ടിയാണ് അത് ഉപയോ​ഗിച്ചത്. സുധി ചേട്ടന്റെ മരണശേഷം എന്നോട് ബിനു ചേട്ടൻ പറഞ്ഞത്, ‘ഇതോടെ എന്റെ ഇമേജ് മാറണം, അതിനുവേണ്ടിയുള്ള കാര്യങ്ങൾ നീ സോഷ്യൽ മീഡിയയിൽ ചെയ്യണം’ എന്നാണ്. ​ഗൾഫിലെ ഷോയ്ക്കിടെ ഉണ്ടായ സംഭവവും സന്തോഷ് പണ്ഡിറ്റുമായി ബന്ധപ്പെട്ട് വിവാദവും കാരണം താരത്തിന്റെ ഇമേജ് തകർന്നിരിക്കുകയായിരുന്നു.

ബിനു അടിമാലി
'എന്റെ രാജകുമാരനെ കണ്ടെത്തുന്നതിനു മുന്‍പ് ഒരുപാട് തവളകളെ ചുംബിക്കേണ്ടിവന്നു': താപ്‌സി പന്നു

അത് അനുസരിച്ചാണ് സുധിയുടെ വീട്ടിൽ ചെന്നപ്പോൾ കാറിൽനിന്ന് ഇറങ്ങുന്നത് അടക്കമുള്ള വിഡിയോ ഷൂട്ട് ചെയ്തു പോസ്റ്റ് ചെയ്തത്. അതുപോലെ മഹേഷ് കുഞ്ഞുമോന്റെ വീട്ടിൽ പോയപ്പോഴും ഫോട്ടോയും വിഡിയോയുമെടുക്കാൻ എന്നെയും വിളിച്ചിരുന്നു. വിഡിയോ എഡിറ്റ് ചെയ്തെങ്കിലും ഫോട്ടോ മാത്രം ഇട്ടാൽ മതിയെന്ന് മഹേഷ് പറയുകയായിരുന്നു. വിഡിയോയ്ക്ക് റീച്ച് കിട്ടാൻ ബിനുവിന്റെ സുഹൃത്തിന് ഒരു യൂട്യൂബ് ചാനൽ ഉണ്ടാക്കി നൽകി. അത് ഞാൻ ചേട്ടനോടു പറഞ്ഞില്ലെന്ന് പറഞ്ഞുള്ള പ്രശ്നത്തോടെയാണ് ഞങ്ങൾ പിരിഞ്ഞത്. ഞങ്ങൾ തമ്മിൽ പിരിയാൻ മറ്റൊരു കാരണം കൂടിയുണ്ട്. അത് ബിനു ചേട്ടന്റെ വളരെ പഴ്സനൽ ആയ കാര്യമായതുകൊണ്ട് ഞാൻ പുറത്തു പറയുന്നില്ല. - ജിനേഷ് പറഞ്ഞു.

പിരിഞ്ഞതോടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പാസ്വേഡ് ഉൾപ്പടെയുള്ള വിവരങ്ങൾ ബിനു അടിമാലിക്ക് കൈമാറുകയായിരുന്നു. എന്നാൽ അക്കൗണ്ടിൽ കയറാൻ പറ്റുന്നില്ലെന്നും ഞാൻ ഹാക്ക് ചെയ്തതാണ് എന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകി. ഞാൻ പൊലീസ് സ്റ്റേഷനിലെത്തി കാര്യം പറഞ്ഞു. തെറ്റായ പാസ്വേഡ് അടിച്ചു കൊടുത്തതിനാൽ അക്കൗണ്ട് ലോക്ക് ആയതായിരുന്നു അത്. പിന്നീട് മഞ്ജു പത്രോസുമായി ബന്ധപ്പെട്ട വിവാദത്തിൽ വിഡിയോ പ്രചരിപ്പിച്ചത് ഞാനാണെന്ന് ആരോപിച്ച് തന്നെ ഫോൺവിളിച്ച് ഭീഷണിപ്പെടുത്തി. തനിക്ക് വലിയ ടീമുണ്ടെന്നും തെറി കമന്റുകൾ പോസ്റ്റു ചെയ്യുന്നത് ഞാനാണെന്നുമായിരുന്നു ആരോപണം. ക്വട്ടേഷൻ സംഘവും പൊലീസും ജഡ്ജിയുമായെല്ലാം പരിചയമുണ്ടെന്നും വീട്ടിലേക്ക് വരും എന്നെല്ലാം ഭീഷണിപ്പെടുത്തി. ഭൂമിയിൽ വച്ചേക്കില്ലെന്നൊക്കം പറഞ്ഞു. ഇതോടെ പേടിച്ചാണ് ഞാൻ പൊലീസിൽ പരാതി നൽകിയത്. അത് പൊലീസ് വിളിച്ച് കോംപ്രമൈസാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീടാണ് ഒരു ടെലിവിഷൻ പരിപാടിയുടെ ഫോട്ടോ എടുക്കാനെത്തിയ എന്നെ മുറിയിൽ പൂട്ടിയിട്ട് അക്രമിച്ചത്. എന്റെ കാമറ ഉൾപ്പെട്ട ബാ​ഗ് നിലത്ത് അടിച്ചു. എന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. ബഹളം കേട്ട് വാതിൽ തകർത്താണ് എന്നെ രക്ഷപ്പെടുത്തിയത്. ഞാൻ പൊലീസിൽ പരാതി നൽകിയതോടെയാണ് ബിനു അടിമാലിയെ വിളിച്ചുവരുത്തി ജാമ്യത്തിൽ വിടുകയായിരുന്നു. എന്റെ കാമറയ്ക്ക് പരിഹാരം കാണുന്നതുവരെ ബിനു അടിമാലിയെ ഷോയിൽ ഉൾപ്പെടുത്തില്ല എന്നാണ് പറഞ്ഞിരുന്നത്. കുറച്ച് എപ്പിസോഡിൽ നിന്ന് ഒഴിവാക്കിയെങ്കിലും വീണ്ടും ബിനുവിനെ പരിപാടിയിൽ കൊണ്ടുവന്നതിനാലാണ് താൻ ഇത് തുറന്നു പറയുന്നത് എന്നാണ് ജിനേഷ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com