ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

1994ല്‍ എം ടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതിയ സുകൃതം ആണ് ഹരികുമാറിന്റെ ശ്രദ്ധേയ ചിത്രം
ഹരികുമാര്‍
ഹരികുമാര്‍ഫയല്‍ ചിത്രം

മലയാളത്തില്‍ സമാന്തര സിനിമ സജീവമായി നിന്ന കാലത്താണ് ഹരികുമാറിന്റെ കൈയൊപ്പുകള്‍ എത്തുന്നത്. ജീവിതഗന്ധിയായ ചിത്രങ്ങളായിരുന്നു ഹരികുമാറിന്റേത്. ആമ്പല്‍പ്പൂവ്' മുതല്‍ പുതിയ ചിത്രം 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' വരെയുള്ള ചിത്രങ്ങളുടെ പിന്നില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ സാന്നിധ്യം ഉണ്ടായി. എം ടി വാസുദേവന്‍, എം. മുകുന്ദന്‍, ശ്രീനിവാസന്‍, ശ്രീവരാഹം ബാലകൃഷ്ണന്‍, ലോഹിതദാസ്, പെരുമ്പടവം ശ്രീധരന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സന്തോഷ് ഏച്ചിക്കാനം, പി എന്‍ ഗോപീകൃഷ്ണന്‍ തുടങ്ങിയവരാണ് ഹരികുമാര്‍ ചിത്രങ്ങളുടെ തിരക്കഥകള്‍ എഴുതിയത്. മമ്മൂട്ടി, മധു, ഭരത് ഗോപി, നെടുമുടി വേണു, ഉണ്ണിമുകുനന്ദന്‍ എന്നിവരിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കാന്‍ ഹരികുമാറിന് കഴിഞ്ഞു.

1994ല്‍ എം ടി വാസുദേവന്‍ നായര്‍ തിരക്കഥ എഴുതിയ സുകൃതം ആണ് ഹരികുമാറിന്റെ ശ്രദ്ധേയ ചിത്രം. മൂന്ന് വര്‍ഷം നീണ്ട പരിശ്രമമാണ് എം ടിയിലേക്കെത്താന്‍ കഴിഞ്ഞതെന്ന് പിന്നീടൊരിക്കല്‍ ഹരികുമാര്‍ തന്നെ പറഞ്ഞിരുന്നു.

ലോഹിതദാസിന്റെ തിരക്കഥയെ ആസ്പദമാക്കിയുള്ള 'ഉദ്യാനപാലകന്‍', ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ രചനയെ ആധാരമാക്കിയുള്ള 'ജാലകം', എം മുകുന്ദന്റെ ചെറുകഥയെ ആധാരമാക്കി 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ', ചിത്രരചനാരംഗത്തെ വിസ്മയമായ ബാലനെക്കുറിച്ചുള്ള 'ക്ളിന്റ്' തുടങ്ങിയ സിനിമകളാണ് ഹരികുമാര്‍ മലയാളിക്ക് സമ്മാനിച്ചത്. 1981 ല്‍ പുറത്തിറങ്ങിയ ആമ്പല്‍പ്പൂവാണ് ആദ്യ ചിത്രം. സുകുമാരി, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. സദ്ഗമയ, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍, പുലര്‍വെട്ടം, സ്വയംവരപ്പന്തല്‍, പുലി വരുന്നേ പുലി, ഊഴം തുടങ്ങി ഒരു പിടി നല്ല ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ചു.

സുകൃതത്തിന് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്ത സിനിമ കൂടിയായിരുന്നു സുകൃതം. കഥയില്‍ ആറുമാസം കൊണ്ട് നടക്കുന്ന ചികിത്സയും അസുഖം ഭേദമാവുന്നതും പത്ത് മിനിറ്റുകൊണ്ട് ആവിഷ്‌കരിക്കുക, മൊത്തത്തില്‍ കഥ പ്രേക്ഷകരെ കൊണ്ട് കണ്‍വിന്‍സ് ചെയ്യിപ്പിക്കുക എന്നതും ഒരു സംവിധായകന്‍ എന്ന നിലയില്‍ വലിയ വെല്ലുവിളിയായിരുന്നുവെന്നും ഹരികുമാര്‍ പിന്നീട് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അത് അത് വിജയിച്ചതാണ് ചിത്രം പ്രേക്ഷകര്‍ സുകൃത്തെ മനസില്‍ സൂക്ഷിക്കാന്‍ കാരണമെന്നും അദ്ദേഹം പറയുമായിരുന്നു. സുകൃതം സിനിമ കഴിഞ്ഞ് 10 സിനിമകള്‍ സംവിധാനം ചെയ്തു.പക്ഷേ, സുകൃതത്തിന്റെ സംവിധായകന്‍ എന്നാണ് എപ്പോഴും ഹരികുമാറിനെ പറഞ്ഞിരുന്നത്. ആ വിളിയേയും അദ്ദേഹം മനസില്‍ എക്കാലവും നിധിപോലെ സൂക്ഷിച്ചിരുന്നുവെന്ന് വേണം പറയാന്‍. മലയാളിയെ ചിന്തിപ്പിച്ച, കണ്ണുനനയിച്ച ചിത്രം ആയിരുന്നു സുകൃതം. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍ എന്നിവര്‍ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും സുകൃതത്തിന് പൊന്‍തിളക്കം നല്‍കി.

ഹരികുമാര്‍
മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ശിവജി, നരേന്ദ്രപ്രസാദ്, ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍, ജോണ്‍സണ്‍, ബോംബെ രവി, ഒഎന്‍വി, ഇന്ത്യന്‍ എന്ന് വിളിപ്പേരുള്ള രാമന്‍കുട്ടി വാര്യര്‍, ഗൗതമിയുടെ ശബ്ദ ഭാഷ്യത്തിലൂടെ ഇന്നും ജീവിക്കുന്ന ആനന്ദവല്ലി, തുടങ്ങിയ ഒരുപിടി അതുല്യ പ്രതിഭകള്‍ തിയറ്ററുകള്‍ നിറഞ്ഞോടി. പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രം പേരുപോലെ തന്നെ മലയാളത്തിന്റെ സുകൃതം തന്നെയായിരുന്നു. മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന്. എം ടിയുടെ ഏറ്റവും മികച്ച തിരക്കഥകളില്‍ ഒന്ന്. മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ്, മദ്രാസ് സിനിമ എക്‌സ്പ്രസ് അവാര്‍ഡ്, ചിത്രഭൂമി അവാര്‍ഡ്, കേരളകൗമുദി റീഡേഴ്‌സ് ക്ലബ്ബ് അവാര്‍ഡ്, തുടങ്ങിയവയും സുകൃതം സ്വന്തമാക്കിയിരുന്നു.

ഹരികുമാര്‍ അവസാനം സംവിധാനം ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. മലയാളത്തിന്റെ പ്രിയസാഹിത്യകാരന്‍ എം മുകുന്ദന്‍ ആദ്യമായി തിരക്കഥയൊരുക്കുന്ന സിനിമ, ഹരികുമാറിന്റെ സംവിധാനം, ആന്‍ അഗസ്റ്റിന്റെ തിരിച്ചുവരവ്, താരഭാരങ്ങളില്ലാത്ത ഓട്ടോക്കാരന്റെ റോളില്‍ സുരാജ്...എം മുകുന്ദന്റെ തന്നെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചെറുകഥയാണ് ഹരികുമാര്‍ അഭ്രപാളിയിലെത്തിച്ചത്. എം മുകുന്ദന്‍ എഴുതിയ കഥയില്‍ കഥ നടക്കുന്ന ദേശത്തെക്കുറിച്ച് സൂചനകളൊന്നുമില്ല. എന്നാല്‍ സിനിമയുടെ പശ്ചാത്തലം മയ്യഴിയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിഭാവുകത്വമില്ലാതെ എവിടെയും നടക്കാവുന്ന കഥയാണ് എം മുകുന്ദന്റെ കഥയിലുള്ളത്. സിനിമയിലെത്തിയപ്പോള്‍ മാഹിയുടെ പ്രാദേശിക ഭാഷ കൂടി ചേര്‍ന്നു. എം മുകുന്ദന്റെ കഥകള്‍ വായിച്ച് മലയാളിക്ക് മാഹി എന്ന മയ്യഴിയോട് ഒരു പ്രത്യേക സ്‌നേഹമുണ്ട്. മാഹി പശ്ചാത്തലമാക്കിയാല്‍ നന്നാകും എന്ന് നിര്‍ദേശം മുന്നോട്ടു വെച്ചത് ഹരികുമാര്‍ ആയിരുന്നു.

സാമാന്യജനങ്ങള്‍ക്ക് ആസ്വദിക്കാവുന്ന മസാലച്ചേരുവകളില്ലാത്ത നല്ല സിനിമകള്‍ സാധ്യമാണെന്ന് തെളിയിച്ച അദ്ദേഹം കഴിഞ്ഞ നാലുപതിറ്റാണ്ടായി ചലച്ചിത്രരംഗത്തെ സജീവസാന്നിധ്യമായിരുന്നു. 40 വര്‍ഷങ്ങള്‍ക്കിടയില്‍ ചെയ്ത 18 സിനിമകളും വ്യത്യസ്തമായ പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നവയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com