ഭക്ഷണമേശ മുതല്‍ കര്‍ട്ടന്‍ വരെ ആകെ മൊത്തം ക്രിസ്മസ് മയം, ഇക്കുറി വീടൊരുക്കാം ട്രെന്‍ഡിയായി

വീടിന്റെ പ്രധാന വാതില്‍പടിക്ക് മുതല്‍ ബാല്‍ക്കണിയിലെ മെറ്റല്‍ റോഡിന് വരെ പറയാനുള്ളത് ക്രിസ്മസ് വിശേഷങ്ങളാണ്
ഭക്ഷണമേശ മുതല്‍ കര്‍ട്ടന്‍ വരെ ആകെ മൊത്തം ക്രിസ്മസ് മയം, ഇക്കുറി വീടൊരുക്കാം ട്രെന്‍ഡിയായി

ക്രിസ്മസിന് വീടൊരുക്കുമ്പോള്‍ പുല്‍കൂടും സ്റ്റാറും ക്രിസ്മസ് ട്രീയും മാത്രമുള്ള ഡെക്കറേഷനൊക്കെ പഴയങ്കഥയായി. ഇപ്പോള്‍ ഭക്ഷണമേശ മുതല്‍ കര്‍ട്ടന്‍ വരെ നീളുന്ന ക്രിസ്മസ് ഡെക്കര്‍ ആണ് വീടുകളിലെ ആഘോഷങ്ങളില്‍ നിറയുന്നത്. വീടിന്റെ പ്രധാന വാതില്‍പടിക്ക് മുതല്‍ ബാല്‍ക്കണിയിലെ മെറ്റല്‍ റോഡിന് വരെ പറയാനുള്ളത് ക്രിസ്മസ് വിശേഷങ്ങളാണ്. 

ക്രിസ്മസ് റീത്തില്‍ തുടങ്ങുന്ന അലങ്കാരങ്ങള്‍ ഭക്ഷണമേശയിലെ വിരിയും റണ്ണറും വരെ കയ്യടക്കും. റീത്തിന് പുറമേ പ്രധാന വാതില്‍പടിക്ക് ചുറ്റും ക്രിസ്മസ് നിറങ്ങള്‍ ചാര്‍ത്തുന്നതും പുതിയ ട്രെന്‍ഡാണ്. ക്രിസ്മസ് ട്രീ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന അലങ്കാരവസ്തുക്കള്‍ ഉപയോഗിച്ച് ഇവയും ഗംഭീരമാക്കാം. നക്ഷത്രങ്ങളും, ബെല്ലുകളും, സാന്റാക്ലോസുമൊക്കെ നിറഞ്ഞ പ്രധാനവാതില്‍പടി ക്രിസ്മസ് കാലത്തെ പ്രധാന ആകര്‍ഷണമാണ്. 

ലിവിങ് റൂമിലെ ക്രിസ്മസ് വര്‍ണ്ണങ്ങള്‍ ആരെയും ആകര്‍ഷിക്കുന്നവയാണ്. സോഫയിലും കുഷ്യന്‍ കവറിലുമെല്ലാം ക്രിസ്മസ് നിറങ്ങള്‍ വിരിക്കാം. ടേബിളില്‍ ഒരുഗ്രന്‍ സെന്റര്‍പീസ് വെക്കുന്നതും മറക്കരുത്. ഇതിനുപുറമേ കര്‍ട്ടനുകളിലാണ് ക്രിസ്മസ് കാലത്തെ പ്രധാന പരീക്ഷണങ്ങള്‍ നടക്കുന്നത്. ചുവപ്പ്, പച്ച, വെള്ള, ക്രീം, സില്‍വര്‍ തുടങ്ങിയ നിറങ്ങളിലുള്ള സിംപിള്‍ കര്‍ട്ടനുകള്‍ മുതല്‍ സാന്റാ ക്ലോസും റെയിന്‍ഡിയറും വരെ വിരിയുന്ന കര്‍ട്ടന്‍ ഡിസൈനുകള്‍ വീടുകളിലേക്കെത്തിക്കഴിഞ്ഞു. 

ഡൈനിങ് ടേബിളിലാണ് ക്രിസ്മസിന്റെ പ്രധാന പരീക്ഷണങ്ങള്‍ നടക്കുന്നത്. മേശവിരിയും അവയ്ക്ക് നടുവിലൂടെയുള്ള റണ്ണറുമെല്ലാം ക്രിസ്മസ് നിറങ്ങളില്‍ ചെയ്‌തെടുക്കും. ചെക്‌സ്, ജ്യൂട്ട് തുടങ്ങിയ ഫാബ്രിക്കുകളോടാണ് ഇപ്പോള്‍ കമ്പമേറെ. ഇതിനുപുറമേ ഗ്ലാസുകളിലും മറ്റും ചെറിയ അലങ്കാരപണികള്‍ നടത്തി ക്രിസ്മസിന് യോജിച്ചതാക്കുന്നവരുമുണ്ട്. ഡൈനിങ് ടേബിളിന് ഭംഗിയേകാന്‍ തടിയന്‍ തിരികളും സ്ഥാനംപിടിക്കും. 

ഡൈനിങ് ടേബിളും കടന്നെത്തുന്ന ക്രിസ്മസ് ഡെക്കറേഷന്‍സ് ബെഡ്‌റൂമിലും കാര്യമായ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. ബെഡ് ഷീറ്റില്‍ ക്രിസ്മസ് ഡീസൈന്‍സ് ചെയ്യുന്നതും വാര്‍ഡ്രോബിനു ചുറ്റും ക്രിസ്മസ് തീമില്‍ അലങ്കരിക്കുന്നതുമെല്ലാം ഡിസംബറിന്റെ മാത്രം പ്രത്യേകതയാണ്. 

എന്തിനധികം അടുക്കള മുതല്‍ ബാല്‍ക്കണി വരെ ക്രിസ്മസ് നിറങ്ങള്‍ കീഴടക്കുകയാണിപ്പോള്‍. സാറ്റിന്‍ റിബണും വുഡന്‍ ബെല്‍സും ഹണികോമ്പ് പേപ്പര്‍ ബോളുകളുമെല്ലാമാണ് പുതിയ ഡെക്കര്‍ ട്രെന്‍ഡ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com