പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന

പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന

മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായതോടെ ഒഴിവുവന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല മോദി ആര്‍ക്ക് നല്‍കുമെന്നതാണ് മന്ത്രിസഭ പുനഃസംഘടനയില്‍ ഏവരും ഉറ്റുനോക്കുന്നത്

ന്യൂഡല്‍ഹി: ഏപ്രില്‍ 12ന് പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചതിന് ശേഷം കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉണ്ടായേക്കുമെന്ന് സൂചന. മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായതോടെ ഒഴിവുവന്ന പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല മോദി ആര്‍ക്ക് നല്‍കുമെന്നതാണ് മന്ത്രിസഭ പുനഃസംഘടനയില്‍ ഏവരും ഉറ്റുനോക്കുന്നത്.

നിലവില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കാണ് പ്രതിരോധ മന്ത്രാലയത്തിന്റെ അധിക ചുമതല. റെയില്‍വേ മന്ത്രിയായ സുരേഷ് പ്രഭുവിനെ പ്രതിരോധ മന്ത്രിയാക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിന് സാധ്യതയില്ലെന്നാണ് സൂചന. 

പ്രതിരോധ മന്ത്രിസ്ഥാനത്തേക്ക് നിലവില്‍ മന്ത്രിസഭയിലില്ലാത്ത ഒരാളെ കൊണ്ടുവരുന്ന കാര്യവും നേതൃത്വം പരിഗണിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിച്ചിരുന്ന കേന്ദ്ര സഹമന്ത്രി മനോജ് സിന്‍ഹയ്ക്ക്‌ കേന്ദ്ര മന്ത്രി പദവി ലഭിച്ചേക്കും. മനോജ് സിന്‍ഹയ്ക്ക് പൂര്‍ണ ക്യാബിനറ്റ് പദവി ലഭിക്കുമ്പോള്‍ മറ്റൊരു എംപിയെ ബിജെപി റെയില്‍വേയുടെ സഹമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരും. 

76 വയസ് പിന്നിട്ട കേന്ദ്ര മന്ത്രി കല്‍രാജ് മിശ്രയെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പദവി നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com