കശ്മീരില്‍ പെല്ലറ്റ് തോക്കുകളുടെ ഉപയോഗം കുറയ്ക്കുന്നു; പകരം പ്ലാസ്റ്റിക് വെടിയുണ്ടകള്‍

ജമ്മു കശ്മീരില്‍ പ്രതിഷേധക്കാരെ നേരിടുന്നതിന് ഇനി പ്ലാസ്റ്റിക് വെടിയുണ്ടകള്‍ ഉപയോഗിക്കാന്‍ തീരുമാനമായി.
കശ്മീരില്‍ പെല്ലറ്റ് തോക്കുകളുടെ ഉപയോഗം കുറയ്ക്കുന്നു; പകരം പ്ലാസ്റ്റിക് വെടിയുണ്ടകള്‍

ന്യൂഡെല്‍ഹി: ജമ്മു കശ്മീരില്‍ പ്രതിഷേധക്കാരെ നേരിടുന്നതിന് ഇനി പ്ലാസ്റ്റിക് വെടിയുണ്ടകള്‍ ഉപയോഗിക്കാന്‍ തീരുമാനമായി. മാരകമായി പരിക്കേല്‍പ്പിക്കുന്ന പെല്ലറ്റ് തോക്കുകളുടെ ഉപയോഗത്തിനെതിരെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം പ്ലാസ്റ്റിക് വെടിയുണ്ടകള്‍ എന്ന തീരുമാനത്തിലേക്കെത്തിയത്. കഴിഞ്ഞ ജൂലൈയില്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍ ബുര്‍ഹാന്‍ വാനി പെല്ലറ്റ് ആക്രമണത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത് വന്‍തോതിലുള്ള പ്രതിഷേധത്തിനിടയാക്കിയിരുന്നു. 

പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും കല്ലെറിയുന്നവര്‍ക്കെതിരെയുമാണ് പെല്ലെറ്റ് തോക്കുകള്‍ ഉപയോഗിച്ച് വന്നിരുന്നത്. ഇതിന്റെ ആക്രമണത്തില്‍ ഇതുവരെ നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുന്നതുള്‍പ്പെടെ ഒരുപാട് മാരക പരിക്കുകള്‍ പറ്റിയിട്ടുണ്ട്. പെല്ലെറ്റ് തോക്കുകള്‍ ഏല്‍പ്പിക്കുന്ന പരുക്കുകള്‍ മൂലം 13 പേരാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. 250ല്‍ ഏറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതര്‍ പ്രഹരശേഷി കുറഞ്ഞ പ്ലാസ്റ്റിക് വെടിയുണ്ടകള്‍ ഉപയോഗിക്കാനുള്ള തീരുമാനത്തിലെത്തിയത്. 

എന്നാല്‍, പ്രഹരശേഷി കുറവുള്ള തോക്കുകളുടെ ഗണത്തില്‍പ്പെടുന്ന പെല്ലെറ്റ് തോക്കുകള്‍ പൂര്‍ണമായും ഒഴിവാക്കില്ല. ഉപയോഗം കുറയ്ക്കും. അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ ഉപയോഗിക്കുകയുള്ളു. ഇതെല്ലാം ഉള്‍പ്പെടുത്തി കശ്മീര്‍ താഴ്‌വരയില്‍ സ്വീകരിക്കേണ്ട സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ (എസ്ഒപി) ആഭ്യന്തരമന്ത്രാലയം പരിഷ്‌ക്കരിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കഴിഞ്ഞ വര്‍ഷം കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ പെല്ലറ്റ് തോക്കുകള്‍ക്ക് പകരം ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. ആയിരക്കണക്കിന് പ്ലാസ്റ്റിക് തിരകള്‍ ഇതുവരെ നിര്‍മ്മിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവ കശ്മീര്‍ താഴ്‌വരയിലേക്ക് അയച്ചിട്ടുണ്ടെന്നു മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. ഇന്‍സാസ് റൈഫിളില്‍നിന്നുതന്നെ ഈ വെടിയുണ്ടകള്‍ പ്രയോഗിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com