പെരുമാള്‍ മുരുകന്റെ മാതോരുഭാഗന്റെ വിവര്‍ത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

പെരുമാള്‍ മുരുകന്റെ മാതോരുഭാഗന്റെ വിവര്‍ത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി: പെരുമാള്‍ മുരുകന്റെ വിവാദ നോവല്‍ മാതോരുഭാഗന്റെ ഇംഗ്ലിഷ് പരിഭാഷയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. വിവര്‍ത്തനത്തിനുള്ള അക്കാദമി പുരസ്‌കാരമാണ് അനിരുദ്ധന്‍ വാസുദേവന്‍ വിവര്‍ത്തനം ചെയ്ത വണ്‍ പാര്‍ട്ട് വുമണിനു ലഭിക്കുന്നത്.

പെരുമാള്‍ മുരുകന്റെ നോവല്‍ പ്രസിദ്ധീകൃമായപ്പോള്‍ ഹൈന്ദവ സംഘടനകള്‍ വലിയ ആക്രമണമാണ് അതിനെതിരെ അഴിച്ചുവിട്ടത്. തുടര്‍ന്ന് താന്‍ എഴുത്തു നിര്‍ത്തുകയാണെന്ന് നോവലിസ്റ്റ് പ്രഖ്യാപിച്ചതോടെ വിവാദം ശക്തമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. നോവലിന് എതിരെ സമര്‍പ്പിക്ക ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി പെരുമാള്‍ മുരുകന് അനുകൂലമായി വിധി പറഞ്ഞതോടെയാണ് വിവാദം തണുത്തത്. 

നോവലിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന്  നാമക്കല്‍ ഭരണകൂടത്തിന്റെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗം പുസ്തകം പിന്‍വലിച്ച് മാപ്പു പറയാന്‍ പെരുമാള്‍ മുരുകനോട് ആവശ്യപ്പെട്ടിരുന്നു. ഈ നടപടിയാണ് ഹൈകോടതി റദ്ദാക്കിയത്.  എഴുത്തുകാരന് പിന്തുണ പ്രഖ്യാപിച്ച് തമിഴ് എഴുത്തുകാരുടെ സംഘടനയാണ് കോടതിയെ സമീപിച്ചത്. പെരുമാള്‍ മുരുകനോട് മാപ്പ് പറയനാവശ്യപ്പെട്ട സമാധാന ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ നാമക്കല്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ടാണ് സംഘടനയുടെ പ്രസിഡന്റ് തമിള്‍ സെല്‍വന്‍ കോടതിയെ സമീപിച്ചത്.

അനപത്യ ദുഃഖത്തില്‍ ആഴ്ത്തപ്പെട്ട ദമ്പതികളുടെ കഥയാണ് നോവല്‍ പറയുന്നത്. ഒരു നൂറ്റാണ്ടിന് മുമ്പ് നടന്നതായി സങ്കല്പിക്കപ്പെട്ട ആ കഥയില്‍ ഭാര്യാഭര്‍ത്താക്കന്മാരായ കാളിയുടെയും പൊന്നയുടെയും ദാമ്പത്യജീവിതത്തെ ദുഃഖഭരിതമാക്കിയിരുന്നത് ഒരു കുഞ്ഞിന് ജന്മംനല്‍കാന്‍ കഴിയാത്തതായിരുന്നു. തിരുച്ചങ്കോട് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ അര്‍ധനാരീശ്വന്റേതായിരുന്നു. ആ ക്ഷേത്രത്തിലത്തി പ്രാര്‍ഥിക്കുന്നവര്‍ക്ക് സന്താനസൗഭാഗ്യം കൈവരുമെന്നാണ് വിശ്വാസം. ഒരു കുട്ടിക്കവേണ്ടി എല്ലാ മാര്‍ഗങ്ങളും പൊന്നയും കാളിയും സ്വീകരിച്ചെങ്കിലും അതെല്ലാം വിഫലമായപ്പോഴാണ് അര്‍ധനാരീശ്വരന്റെ അനുഗ്രഹത്തിനായി അവര്‍ തിരുച്ചങ്കോട് ക്ഷേത്രത്തിലെത്തിയത്്. എല്ലാകൊല്ലവും ആര്‍ഭാടമായി ആഘോഷിക്കുന്ന ഒരു ചടങ്ങാണ് വൈകാശി വിശാഖം രഥോത്സവം. ആ ആഘോഷത്തില്‍ പങ്കെടുക്കുന്ന കുട്ടികളില്ലാത്ത ദമ്പതിമാര്‍ മനപ്പൊരുത്തമുള്ളവരുമായി ശാരീരികവേഴ്ചയിലേര്‍പ്പെടുന്നു. നോവലിലെ ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ രംഗത്തുവന്നത്. 

അര്‍ധനാരീശ്വര സങ്കല്‍പ്പത്തെ പരാമര്‍ശിച്ചാണ് നോവലിന് മതോരുഭാഗന്‍ എന്നു പേരിട്ടത്. 2011ലാണ് നോവല്‍ വായിച്ചതെന്നും ആദ്യ വായനയില്‍തന്നെ ഇത് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തേണ്ടതാണ് എന്നു തോന്നിയെന്നും വിവര്‍ത്തകനായ അനിരുദ്ധന്‍ വാസുദേവന്‍ പറഞ്ഞു. അമേരിക്കയില്‍ യൂണിവേഴ്‌സിറ്റി ഒഫ് ടെക്‌സാസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയങ്ങളില്‍ പിഎച്ച്ഡി ചെയ്യുകയാണ് ഇപ്പോള്‍ അനിരുദ്ധന്‍ വാസുദേവന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com