കോടനാട് കൊലപാതകത്തില്‍ ദുരൂഹത: പ്രതികളുടെ വാഹനം അപകടത്തില്‍ പെട്ടു, മുഖ്യപ്രതി മരിച്ചു

ജയലളിതയുടെ സ്വത്ത് വകകളുടെ അവകാശം സംബന്ധിച്ച് തര്‍ക്കം നടക്കുന്നതിനിടയിലാണ് എസ്‌റ്റേറ്റില്‍ അക്രമം നടന്നത്
കോടനാട് കൊലപാതകത്തില്‍ ദുരൂഹത: പ്രതികളുടെ വാഹനം അപകടത്തില്‍ പെട്ടു, മുഖ്യപ്രതി മരിച്ചു

പാലക്കാട്/സേലം: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്‌റ്റേറ്റില്‍ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. കേസില്‍ പൊലീസ് തെരയുന്ന ഒന്നാം പ്രതി കനകരാജ് സേലത്ത് വാഹനാപകടത്തില്‍ മരിച്ചു. രണ്ടാം പ്രതി കെവി സയനും കുടുംബവും സഞ്ചരിച്ച കാര്‍ പാലക്കാട്ട് സംശയകരമായ വിധത്തില്‍ അപകടത്തില്‍ പെട്ടു. 

ഇന്നലെ രാത്രിയാണ് കനരാജിനെ സേലത്ത് വാഹനാപകടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കനകരാജിന്റെ ബൈക്ക്ില്‍ കാര്‍ ഇടിക്കുകയായിരുന്നു. സയന്റെ കുടുംബം പാലക്കാട്ട് കണ്ണാടിയിലാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ സയന്റെ ഭാര്യ വിനുപ്രിയ (30), മകള്‍ നീതു (5)എന്നിവര്‍ മരിച്ചു. സയന്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. 

പാലക്കാട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ സയന്റെ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ ഇതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മരിച്ച വിനുപ്രിയയുടെയും നീതുവിന്റെയും കഴുത്തില്‍ അസ്വാഭാവികമായ വിധത്തില്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ പെടുന്നവരില്‍ ഇത്തരത്തില്‍ ഒരേരീതിയില്‍ മുറിവുണ്ടാവുന്നത് സ്വാഭാവികമല്ല. അപകടത്തിനു മുമ്പു തന്നെ ഇവര്‍ മരിരിച്ചിരിക്കാം എന്ന സംശയവും പൊലീസ് മുന്നോട്ടുവയ്ക്കുന്നുണ്ട്. 

പാലക്കാട്ട് അപകടത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നതനിടയില്‍ സയനെക്കുറിച്ച് തമിഴ്‌നാട് പൊലീസില്‍നിന്ന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സയനെ തമിഴ്‌നാട് പൊലീസ് എത്തി കോയമ്പത്തൂരിലേക്കു കൊണ്ടുപോയി. സയനെ കോയമ്പത്തൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളില്‍നിന്ന് പൊലീസ് മൊഴിയെടുത്തതായി സൂചനയുണ്ട്. 

കഴിഞ്ഞയാഴ്ചയാണ് ജയലളിതയായ ഒഴിവുകാല ബംഗ്ലാവായ കോടനാട് എസ്‌റ്റേറ്റിലെ സുരക്ഷാ ജീവനക്കാരനായ ഓം ബഹദൂര്‍ കൊല്ലപ്പെട്ടത്. ഒരു സംഘം ആളുകള്‍ ബംഗ്ലാവില്‍ അതിക്രമിച്ചുകയറുകയായിരുന്നു. ജീവനക്കാരനെ കൊലപ്പെടുത്തിയ സംഘം ബംഗ്ലാവ് തകര്‍ത്ത് വിലപ്പെട്ട വസ്തുക്കളും മറ്റ് ചില രേഖകളും മോഷ്ടിച്ചതായി പൊലിസ് പറഞ്ഞു. തൊട്ടടുത്ത തേയിലത്തോട്ടത്തില്‍ ജോലിക്കെത്തിയവരാണ് ഓം ബഹദൂറിനെയും കിശോര്‍ ബഹദൂറിനെയും കൈകാലുകള്‍ കെട്ടി രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.
പരുക്കേറ്റ കിശോര്‍ ബഹദൂറിനെ പൊലിസെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു മലയാളി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കൂടുതല്‍ മലയാളികള്‍ക്ക് സംഭവവുമായി ബന്ധപ്പമുണ്ടെന്നാണ് തമിഴ്‌നാട് പൊലീസ് പറയുന്നത്.  


അവധികാലം ചെലവഴിക്കാനായി ജയലളിത വന്ന് താമസിച്ചിരുന്നത് കോടനാട് എസ്‌റ്റേറ്റ് ബംഗ്ലാവിലായിരുന്നു. 
900 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന എസ്‌റ്റേറ്റിലെ 10ാം നമ്പര്‍ ഗേറ്റിലൂടെയാണ് അക്രമി സംഘം അകത്തുകടന്നത്. ജയലളിതയുടെ സ്വത്ത് വകകളുടെ അവകാശം സംബന്ധിച്ച് തര്‍ക്കം നടക്കുന്നതിനിടയിലാണ് എസ്‌റ്റേറ്റില്‍ അക്രമം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com