ഇന്ത്യ ചന്ദ്രനെ തൊടും; ലോകത്തെ ഞെട്ടിക്കാനുള്ള ബഹിരാകാശ പദ്ധതിയുമായി ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ രണ്ട് ബഹിരാകാശ പദ്ധതിയുടെ ഭാഗമായാണ് ആദ്യമായി ഇന്ത്യന്‍ പേടകത്തെ ചന്ദ്രനിലേക്ക് ഇറക്കുന്നത്
ഇന്ത്യ ചന്ദ്രനെ തൊടും; ലോകത്തെ ഞെട്ടിക്കാനുള്ള ബഹിരാകാശ പദ്ധതിയുമായി ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി; ചന്ദ്രയാന്‍ ഒന്നിലൂടെ ലോകത്തെ ഞെട്ടിച്ചതിന് പിന്നാലെ ചന്ദ്രനില്‍ ഇറങ്ങാനുള്ള പുത്തന്‍ പദ്ധതിയുമായി  ഇന്ത്യന്‍ സ്‌പേയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യത്തിന്റെ സ്ഥാനം ഉയര്‍ത്താനുള്ള പദ്ധതിയാണ് ഐഎസ്ആര്‍ഒ മുന്നോട്ടു വെച്ചിരിക്കുന്നത്. സൂര്യനിലേക്കുള്ള ആദ്യ മിഷന്‍ 2019 ല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചരിത്ര നീക്കത്തിന് തയാറെടുക്കുന്നത്. 

ചന്ദ്രയാന്‍ രണ്ട് ബഹിരാകാശ പദ്ധതിയുടെ ഭാഗമായാണ് ആദ്യമായി ഇന്ത്യന്‍ പേടകത്തെ ചന്ദ്രനിലേക്ക് ഇറക്കുന്നത്. 2013 ല്‍ ചൈനയുടെ യുടു പേടകമാണ് അവസാനമായി ചന്ദ്രനില്‍ ഇറങ്ങിയത്. അടുത്ത വര്‍ഷം മാര്‍ച്ച് അവസാനമാവുമ്പോഴേക്കും പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ. 

ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ചന്ദ്രയാന്‍ ഒന്ന് 2008 ലാണ് വിക്ഷേപിച്ചത്. മിഷന് വേണ്ടി ഐഎസ്ആര്‍ഒ മൂന്ന് പേടകങ്ങളാണ് നിര്‍മിക്കുന്നത്. ഇതില്‍ ഒരെണ്ണം ചന്ദ്രന്റെ അന്തരീക്ഷത്തിന് മുകളിലായിരിക്കും നില്‍ക്കുക. ഇത് കൂടാതെയുള്ള റോവറും ലാന്‍ഡറുമാണ് ഉണ്ടാവുക. ആറ് ചക്രങ്ങളുള്ള പേടകത്തിന് ചന്ദ്രന്റെ ഉപരിതലത്തിലൂടെ നീങ്ങാന്‍ സാധിക്കുമെന്നും ഇതിലുള്ള ഉപകരണങ്ങള്‍ ചന്ദ്രോപരിതലം നിരീക്ഷിച്ച് വിവരങ്ങള്‍ കൈമാറുകയും ചെയ്യും. ഇത് ഉപയോഗിച്ച് ചന്ദ്രന്റെ മണ്ണിനെക്കുറിച്ച് വിശകലനം ചെയ്യാന്‍ സാധിക്കും. 

ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിച്ച് രാസപരിശോധന നടത്താന്‍ പേടകത്തിനാവുമെന്ന് ഐഎസ്ആര്‍ഒ പറഞ്ഞു. ഓര്‍ബിറ്ററിന്റെ സഹായത്തോടെയായിരിക്കും ഭൂമിയിലേക്ക് വിവരങ്ങള്‍ എത്തിക്കുക. ചന്ദ്രയാന്‍ 2 ന് ഏകദേശം 3290 കിലോഗ്രാം ഭാരം വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com