പശുവിന്റെയും ലവ്ജിഹാദിന്റെയും പേരില്‍ ആളുകളെ കൊല്ലുന്നു;വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് 

ഇത്തരം സംഭവങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തുന്നത് തന്നെ ഭയപ്പെടുത്തുന്നതായും ആര്‍ എം ലോധ
പശുവിന്റെയും ലവ്ജിഹാദിന്റെയും പേരില്‍ ആളുകളെ കൊല്ലുന്നു;വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് 

ന്യൂഡല്‍ഹി : രാജ്യത്ത് ഗോസംരക്ഷണത്തിന്റെയും, ലവ് ജിഹാദിന്റെയും പേരിലുളള കൊലപാതകങ്ങളെ അപലപിച്ച് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും ഭീഷണി നേരിടുന്ന നാളുകളിലുടെയാണ് കടന്നുപോകുന്നത്. ഇത്തരം സംഭവങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തുന്നത് തന്നെ ഭയപ്പെടുത്തുന്നതായും ആര്‍ എം ലോധ പറഞ്ഞു. 

സാമൂഹിക പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും കാര്‍ട്ടൂണിസ്റ്റുകളെയുമടക്കം രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കുകയാണ്.  രാജ്യം മനുഷ്യാവകാശങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ലേയെന്നും ലോധ ചോദിച്ചു.നമ്മള്‍ മനുഷ്യാവകാശദിനം ആചരിക്കാറുണ്ടെങ്കിലും രാജ്യത്തിന്റെ യഥാര്‍ത്ഥ സാഹചര്യം മറ്റൊന്നാണെന്നും ആര്‍.എം ലോധ പറഞ്ഞു. മനുഷ്യാവകാശ ദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് മുന്‍ ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നവര്‍ സമൂഹത്തിന് മുന്നില്‍ കുറ്റക്കാരാവുന്നില്ല.  എന്നാല്‍ പൊലീസിന്റെ നടപടികളില്‍ വീഴ്ചയുണ്ടാകുന്നത് തന്നെ ഭയപ്പെടുത്തുന്നുവെന്നും ജസ്റ്റിസ് ആര്‍.എം ലോധ പറഞ്ഞു.

പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ പ്രണയിക്കുമ്പോള്‍ മതം ഘടകമാകേണ്ട കാര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.നിയമങ്ങളും ശക്തമായ ജുഡീഷ്യറിയും ഭരണഘടനയുമൊക്കെ ഉണ്ടായിട്ടും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ നമ്മള്‍ക്ക് സാധിക്കുന്നില്ലെന്നും ജസ്റ്റിസ് ലോധ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com