ഹിമാചലും ഗുജറാത്തും ബിജെപിക്കൊപ്പമെന്ന് സര്‍വെ ഫലം

ഹിമാചലിലും ഗുജറാത്തിലും ബിജെപി അധികാരത്തിലെത്തുമെന്ന് അഭിപ്രായസര്‍വെ ഫലങ്ങള്‍
ഹിമാചലും ഗുജറാത്തും ബിജെപിക്കൊപ്പമെന്ന് സര്‍വെ ഫലം

അഹമ്മദാബാദ്: ഗുജറാത്തിലും ഹിമാചലിലും ബിജെപി ഭരണം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. ഗുജറാത്തില്‍ രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പ് അവസാനിച്ച സാഹചര്യത്തിലാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. ഗുജറാത്തില്‍ 182 മണ്ഡലങ്ങളും ഹിമാചലില്‍ 68 മണ്ഡലങ്ങളുമാണുള്ളത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെയാണ്. ടൈംസ് നൗ ബിജെപി അധികാരം നിലനിര്‍ത്തും. 109 സീറ്റുകള്‍ വരെ നേടും. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തും. 70 സീറ്റുകള്‍ വരെ നേടും.


റിപ്പബ്ലിക് ടിവി ബിജെപി 108 സീറ്റും  കോണ്‍ഗ്രസ് 78 സീറ്റും സീ വോട്ടര്‍ ബിജെപി 116, കോണ്‍ഗ്രസ് 64 സീറ്റും നേടുമെന്നാണ് ഫലം. ന്യൂസ് എക്‌സ് ബിജെപി 110–120, കോണ്‍ഗ്രസ് 65-75 ഇന്ത്യ ടുഡേ-ആക്‌സിസ് ബിജെപി 99-113, കോണ്‍ഗ്രസ് 68-84, മറ്റുള്ളവര്‍ 1-4. ഹിമാചല്‍ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ത്യ ടുഡേ സര്‍വേ 68ല്‍ 55 സീറ്റ് ബിജെപിക്ക്. കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് സര്‍വ്വേ പറയുന്നു. 
 

മോദിയുടെ ജലവിമാനവും രാഹുലിന്റെ ടെലിവിഷന്‍ അഭിമുഖവും സൃഷ്ടിച്ച വിവാദങ്ങള്‍ക്കിടെയായിരുന്നു ഗുജറാത്തില്‍ ഇന്നു രണ്ടാംഘട്ട പോളിങ്. നിശ്ശബ്ദ പ്രചാരണം മാത്രം അനുവദനീയമായ വോട്ടെടുപ്പിന്റെ തലേന്നാള്‍ രാഹുല്‍ ഗാന്ധി ഗുജറാത്ത് സമാചാര്‍ ടിവിക്കു നല്‍കിയ അഭിമുഖം തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് ബിജെപിയും വോട്ട് ചെയ്ത ശേഷം റോഡ് ഷോ നടത്തിയ മോദിയുടെ നിലപാടിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

ചെറിയ മുന്‍തൂക്കം മാത്രം നേടി ബിജെപി തുടര്‍ച്ചയായ അഞ്ചാം തവണ അധികാരത്തില്‍ വരുമെന്നായിരുന്നു ആദ്യ സര്‍വെ ഫലങ്ങള്‍. ബിജെപിക്ക് ശരാശരി 105 മുതല്‍ 106 വരെ സീറ്റ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടുമെന്നായിരുന്നു മൂന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് എന്‍ഡിടിവിയുടെ പ്രവചനം. 182 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 92 സീറ്റാണ്. കോണ്‍ഗ്രസ് 73 - 74 സീറ്റുകള്‍ ലഭിക്കും. 

ബിജെപി 106 മുതല്‍ 116 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യ ടിവിയുടെ അഭിപ്രായ സര്‍വേ ഫലം പറഞ്ഞത്. കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടിയത് 116 സീറ്റാണ്. ടൈംസ് നൗ, ബിജെപിക്ക് 111 സീറ്റ് പ്രവചിക്കുമ്പോള്‍ എബിപി - സിഎസ്ഡിഎസ് സര്‍വേ പറഞ്ഞത്. ബിജെപി 91 മുതല്‍ 99 സീറ്റില്‍ ഒതുങ്ങുമെന്നായിരുന്നു. 91 സീറ്റ് കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവാണ്. മൂന്ന് സര്‍വേ ഫലങ്ങളും പറഞ്ഞത് കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേതിനേക്കാള്‍ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ്. ഇന്ത്യ ടിവി പറയുന്നത് കോണ്‍ഗ്രസ് 63 മുതല്‍ 73 വരെ സീറ്റ് നേടുമെന്നായിരുന്നു. 68 സീറ്റാണ് ടൈംസ് നൗ പ്രവചിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് 78 മുതല്‍ 86 സീറ്റ് വരെ നേടാമെന്ന് എബിപി - സിഎസ്ഡിഎസ് പറഞ്ഞത്. കഴിഞ്ഞ തവണ 60 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്.

150 സീറ്റാണ് ബിജെപിയുടെ ലക്ഷ്യമായി പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് 2002ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് -127 സീറ്റ്. ആദ്യഘട്ടത്തില്‍ 89 സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. രണ്ടാഘട്ട വോട്ടെടുപ്പുദിനമായ ഇന്ന്  93 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 18ന് ഹിമാചല്‍ പ്രദേശിനൊപ്പം ഫലപ്രഖ്യാപനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com