നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍:  മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഹൈക്കോടതി 

നിര്‍ദേശങ്ങള്‍ പാലിക്കാത്ത മിശ്ര വിവാഹങ്ങളെ ചോദ്യം ചെയ്യുന്ന മുറയ്ക്ക് അവ അസാധുവാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍:  മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഹൈക്കോടതി 

ജയ്പൂര്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് രാജസ്ഥാന്‍ ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. നിര്‍ദേശങ്ങള്‍ പാലിക്കാത്ത മിശ്ര വിവാഹങ്ങളെ ചോദ്യം ചെയ്യുന്ന മുറയ്ക്ക് അവ അസാധുവാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. മതം മാറ്റത്തിന്റെയും മിശ്രവിവാഹത്തിന്റെയും നിയമ സാധുത വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.  വിവാഹത്തിന് പിന്നാലെ സഹോദരി ഇസ്ലാംമതം സ്വീകരിച്ചത് ചോദ്യം ചെയ്ത് സഹോദരന്‍ രംഗത്തുവന്നത് രാജസ്ഥാനില്‍ ഏറേ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ചുളള മൗലികവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഒപ്പം നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കേണ്ടതും അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. മതം യുക്തിയ്ക്ക് അപ്പുറം വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ബില്ലിന് പ്രസിഡന്റിന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നും കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയായ ഒരു പൗരന് മതം മാറുന്നതിന് അവകാശമുണ്ട്. എന്നാല്‍ മതംമാറുന്നതിന്റെ കാര്യകാരണങ്ങള്‍ കൃത്യമായി വിശദീകരിക്കാന്‍ പൗരന്‍ ബാധ്യസ്ഥനാണെന്ന് കോടതിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതിന് പുറമേ മതം മാറാന്‍ ആഗ്രഹിക്കുന്ന കാര്യം ജില്ലാ കളക്ടറെയോ, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെയോ അറിയിക്കണം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ വിവരം നോട്ടീസ് ബോര്‍ഡില്‍ പതിപ്പിക്കണം. ഇതര മതസ്ഥരുടെ വികാരങ്ങള്‍ മാനിക്കാനും ഓരോ പൗരന്‍ ബാധ്യസ്ഥനാണെന്ന് കോടതി നിരീക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com