ജയിക്കുന്നത് ബിജെപിയെങ്കില്‍ വോട്ടിങ് യന്ത്രത്തില്‍ അട്ടിമറിയെന്ന് ഉറപ്പ്: ആംആദ്മി പാര്‍ട്ടി

ഹാര്‍ദിക് പട്ടേലിന്റെ റാലികള്‍ക്ക് എത്തിയ ജനക്കൂട്ടത്തിന്റെ വോട്ട് എവിടെ? 
ജയിക്കുന്നത് ബിജെപിയെങ്കില്‍ വോട്ടിങ് യന്ത്രത്തില്‍ അട്ടിമറിയെന്ന് ഉറപ്പ്: ആംആദ്മി പാര്‍ട്ടി

ലക്‌നൗ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ശരിയാവുകയാണെങ്കില്‍ വോട്ടിങ് യന്ത്രത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് ഉറപ്പിക്കാമെന്ന് ആംആദ്മി പാര്‍ട്ടി. ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പു റാലികള്‍ക്ക് താരതമ്യേന ആളുകള്‍ കുറവായിരുന്നു. ഹാര്‍ദിക് പട്ടേലിന്റെ റാലികള്‍ക്ക് വന്‍ ജനക്കൂട്ടവും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയാവുകയാണെങ്കില്‍ ഈ ജനക്കൂട്ടത്തിന്റെ വോട്ടുകള്‍ക്ക് എന്തു സംഭവിച്ചുവെന്ന് ആംആദ്മി പാര്‍ട്ടി വക്താവ് സഞ്ജയ് സിങ് ചോദിച്ചു.

പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ റാലികള്‍ക്ക് വന്‍ ജനക്കൂട്ടമായിരുന്നുവെന്ന് സഞ്ജയ് സിങ് ചൂണ്ടിക്കാട്ടി. ബിജെപി പ്രവര്‍ത്തകരെ ചില റാലികളില്‍ ജനങ്ങള്‍ കൂവിവിളിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലികള്‍ക്കു പോലും ആളുകള്‍ കുറവായിരുന്നു. എന്നിട്ടും ബിജെപി വിജയിക്കുകയാണെങ്കില്‍ വോട്ടിങ് യ്ന്ത്രത്തില്‍ അട്ടിമറി നടത്തി എന്നു തന്നെയാണ് അതിനര്‍ഥമെന്ന് സഞ്ജയ് സിങ് അഭിപ്രായപ്പെട്ടു.

ഗുജറാത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ അഴിമതിയില്‍ പങ്കുള്ള കമ്പനിക്ക് വോട്ടിങ് യന്ത്രത്തിലെ ചിപ്പുകള്‍ ഉണ്ടാക്കുന്ന വിദേശ കമ്പനിയുമായി ബന്ധമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് സഞ്ജയ് സിങ് പറഞ്ഞു. 

ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന് ജനപ്രീതി നഷ്ടമായതായി തദ്ദേശ തെരഞ്ഞെടുപ്പിലൂടെ വ്യക്തമായതായി സഞ്ജയ് സിങ് ആരോപിച്ചു. 12,000 മുനിസിപ്പല്‍ സീറ്റുകളില്‍ എണ്ണായിരത്തിലേറെയും ജയിച്ചത് സ്വതന്ത്രരാണെന്ന് എഎപി നേതാവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com