സിനിമയിലെ രാം, സീത പേരുകള്‍ പിന്‍വലിക്കണം; പദ്മാവതിക്ക് പിന്നാലെ വീണ്ടും സംഘപരിവാര്‍ സംഘടന

ബംഗാളി സിനിമയായ 'രൊംഗ് ബെരൊംഗേര്‍ കൊരി'ക്കെതിരേ ഹിന്ദു ജാഗരണ്‍ മഞ്ച് എന്ന സംഘടനയാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.
സിനിമയിലെ രാം, സീത പേരുകള്‍ പിന്‍വലിക്കണം; പദ്മാവതിക്ക് പിന്നാലെ വീണ്ടും സംഘപരിവാര്‍ സംഘടന

കൊല്‍ക്കത്ത:  പദ്മാവതി വിവാദം കെട്ടടങ്ങുന്നതിന് മുന്‍പ് മറ്റൊരു ചിത്രത്തിന് എതിരെയും സംഘപരിവാര്‍ സംഘടനയുടെ പ്രതിഷേധം. ബംഗാളി സിനിമയായ 'രൊംഗ് ബെരൊംഗേര്‍ കൊരി'ക്കെതിരേ ഹിന്ദു ജാഗരണ്‍ മഞ്ച് എന്ന സംഘടനയാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. സിനിമയിലെ മുഖ്യ കഥാപാത്രങ്ങള്‍ക്ക് രാം, സീത എന്നീ പേരുകള്‍ നല്‍കിയത് പിന്‍വലിക്കണം. അല്ലെങ്കില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംഘടന സെന്‍സര്‍ ബോര്‍ഡിന് കത്തും നല്‍കി.

സിനിമയില്‍ രാം, സീത എന്നീ കഥാപാത്രങ്ങള്‍ വിവാഹമോചിതരാകുന്നതായാണ് ചിത്രീകരിക്കുന്നത്. .ഇത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് ആരോപിച്ച് സംഘടനാവക്താവ് വിവേക് സിങ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചു. കഥാപാത്രങ്ങള്‍ക്ക് ഹിന്ദു ദൈവങ്ങളുടെ പേരിടുന്ന പ്രവണത ഹിന്ദു സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ ദിലീപ് ഘോഷും പ്രതികരിച്ചു.

അതേസമയം, തന്റെ കഥാപാത്രങ്ങള്‍ക്ക് പുരാണവുമായി യാതൊരു ബന്ധവുമില്ലെന്നും സംഘടനയുടേത് ശ്രദ്ധപിടിച്ചുപറ്റാനുള്ള തന്ത്രം മാത്രമാണെന്നും സംവിധായകന്‍ രഞ്ജന്‍ ഘോഷ് പറഞ്ഞു. ഹിന്ദു കുടുംബങ്ങളിലെല്ലാം ഇത്തരം പേരുകള്‍ സാധാരണമാണ്. ഇനി അതെല്ലാം മാറ്റാനും ഇവര്‍ ആവശ്യപ്പെടുമോ എന്നും ഘോഷ് ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com