ന്യൂഡല്‍ഹി: ഗുരുതരമായ സുരക്ഷാ പിഴവ് കാരണം ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. പറന്നുയരുന്നതിന് മുമ്പ് ലാന്‍ഡിംഗ് ഗിയറിലെ പിന് മാറ്റുന്നതിന് ജീവനക്കാര്‍ മറന്നതാണ് വിമാനം തിരിച്ചിറക്കാന്‍ കാരണം. ഇതേ തുടര്‍ന്ന് രണ്ട് എന്‍ജിനീയര്‍മാരെ ജോലിയില്‍ നിന്ന് എയര്‍ ഇന്ത്യ മാറ്റി നിര്‍ത്തി.
വിമാനം നിര്‍ത്തിയിട്ടിരിക്കുന്ന സമയത്ത് ചക്രങ്ങള്‍ തെന്നിമാറാതിരിക്കാന്‍ ഉപയോഗിക്കുന്ന പിന് ആണ് മാറ്റാതിരുന്നത്. പറന്നുയരുന്നതിന് മുമ്പ് ഇത് എടുത്ത് മാറ്റേണ്ടതുണ്ട്. എന്നാല്‍ പിന് മാറ്റാനുള്ള കാര്യം എന്‍ജിനീയര്‍മാര്‍ മറന്നു പോവുകയായിരുന്നു. പറന്നുയര്‍ന്ന് ശേഷമാണ് പൈലറ്റമാര്ക്ക് പിഴവ് മനസിലായത്. തുടര്‍ന്ന് തിരിച്ചിറക്കാനുള്ള അനുമതി തേടുകയായിരുന്നു.
ലാന്‍ഡ് ചെയ്ത ശേഷം നടത്തിയ പരിശോധനയില്‍ ലാന്‍ഡിംഗ് ഗിയറിലെ പിന് മാറ്റിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. പിന്നീട് ഇത് മാറ്റിയ ശേഷം വിമാനം യാത്ര തുടര്‍ന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ