പേര് വില്ലനായി; ജാര്‍ഖണ്ഡിലെ സദ്ദാം ഹുസൈന് ജോലി നഷ്ടമായത് 40 തവണ

ഷാരുഖ് ഖാനെ പോലും വിമാനത്താവളത്തില്‍ തടയുമ്പോള്‍ സദ്ദാം ഹുസൈനെന്ന് പേരുള്ള വ്യക്തിയെ ജോലിക്കായി നിയമിച്ചാല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് കമ്പനികളുടെ ഭയം
പേര് വില്ലനായി; ജാര്‍ഖണ്ഡിലെ സദ്ദാം ഹുസൈന് ജോലി നഷ്ടമായത് 40 തവണ

റാഞ്ചി: ജാര്‍ഖണ്ഡുകാരനായ സദ്ദാം ഹുസൈന് തന്റെ മുത്തച്ഛന്‍ ഏറെ സ്‌നേഹത്തോടെയിട്ട പേരായിരുന്നു അത്. പക്ഷ ഇന്ന്, 25 വര്‍ഷങ്ങള്‍ക്കിപ്പുറം ആ പേര് കാരണം നല്‍പ്പതിലധികം തവണയാണ് സദ്ദാം ഹുസൈന് ജോലി നഷ്ടമാകുന്നത്. 

രണ്ട് വര്‍ഷം മുന്‍പാണ് സദ്ദാം എന്ന ജംഷഡ്പൂര്‍ സ്വദേശി നൂറുല്‍ ഇസ്ലാം സര്‍വകലാശാലയില്‍ നിന്നും മറൈന്‍ എഞ്ചിനിയറിംഗ് പഠിച്ചിറങ്ങുന്നത്. പഠനത്തിന് ശേഷം നാല്‍പ്പതിലധികം ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തു. എന്നാല്‍ ഒരിടത്തും ജോലി ശരിയായില്ല. ഇന്റര്‍വ്യൂവിന് പോയ ഷിപ്പിങ് കമ്പനികളില്‍ തന്നെ സദ്ദാം കാര്യം വിളിച്ചന്വേഷിച്ചപ്പോഴാണ് പേരാണ് വില്ലനെന്ന് വ്യക്തമായത്. 

ഷാരുഖ് ഖാനെ പോലും വിമാനത്താവളത്തില്‍ തടയുമ്പോള്‍ സദ്ദാം ഹുസൈന്റെ പേരുള്ള വ്യക്തിയെ ജോലിക്കായി നിയമിച്ചാല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് കമ്പനികളുടെ ഭയം. ഇതേ തുടര്‍ന്ന് സദ്ദാം ഹുസൈന്‍ തന്റെ പേര് സജിദ് എന്ന് ഔദ്യോഗികമായി തന്നെ മാറ്റി. പക്ഷെ പ്രശ്‌നം അവിടംകൊണ്ടും തീര്‍ന്നില്ല. 

കോളെജ് സര്‍ട്ടിഫിക്കറ്റില്‍ പേര് മാറ്റണമെങ്കില്‍ പത്താം ക്ലാസ്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളിലെ പേര് ആദ്യം മാറ്റണമെന്നായി സര്‍വകലാശാല അധികൃതര്‍. എന്നാല്‍ പേര് മാറ്റുന്നതിനായി ഹയര്‍ സെക്കന്ററി ബോര്‍ഡിനെ സമീപിച്ചിട്ടും കാര്യം നടക്കുന്നില്ല. ഇതേ തുടര്‍ന്ന് ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് സദ്ദാം ഹുസൈന്‍. 

എന്നാല്‍ കോടതിയും സദ്ദാമിന്റെ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിക്കൊണ്ടുപോവുകയാണ്. ഒടുവില്‍ മെയ് അഞ്ചിന് ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്നാണ് ജാര്‍ഖണ്ഡ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com