ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയില്‍ ആഫ്രിക്കന്‍ വംശജനായ യുവാവിനെ ജനക്കൂട്ടം ആക്രമിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത്. ഗ്രേറ്റര്‍ നോയിഡയിലെ അന്‍സല്‍ ഷോപ്പിങ് മാളില്‍ വെച്ച് യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങളാണ് അഫ്രിക്കന്‍ വിദ്യാര്‍ഥി സംഘടന സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
നൈജീരിയന്‍ വിദ്യാര്‍ഥിയെ ഗ്രേറ്റര്‍ നോയിഡയില്‍ വെച്ച് ജനക്കൂട്ടം ആക്രമിച്ചതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് നൈജീരയന്‍ വിദ്യാര്‍ഥി ട്വിറ്ററിലൂടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ സമീപിച്ചിരുന്നു. വിഷയത്തില്‍ അടിയന്തര നടപടിയെടുക്കുമെന്ന് ട്വിറ്ററിലൂടെ തന്നെ നൈജീരിയന്‍ വിദ്യാര്‍ഥിക്ക് മറുപടി നല്കിയ സുഷമ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.
മയക്കുമരുന്നിന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ചിനൊടുവിലാണ് നൈജീരിയക്കാരെ ജനക്കൂട്ടം ആക്രമിച്ചത്. നൈജീരിയന്‍ വിദ്യാര്‍ഥികളാണ് മയക്കുമരുന്ന് ഇവിടേക്ക് എത്തിക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. പ്ലസ് ടു വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ച് നൈജീരിയന്‍ വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ