ലൈംഗിക ബന്ധത്തിന്‌ നല്ല സമയം നോക്കണമെന്ന് ആര്‍എസ്എസ്; ചിട്ട പാലിച്ചാല്‍ വെളുത്ത കുട്ടികളെ ഉണ്ടാക്കാം

ഉത്തമ സന്താനങ്ങളെ സൃഷ്ടിക്കുന്നതിലൂടെ മാത്രമെ കരുത്തുറ്റ ഇന്ത്യ സൃഷ്ടിക്കാന്‍ കഴിയുകയുള്ളുവെന്ന് ഗര്‍ഭ് വിജ്ഞാന്‍ സംസ്‌കാര്‍ പദ്ധതിയുടെ ദേശീയ കണ്‍വീനര്‍ ഡോ.കരിഷ്മ മോഹന്‍ദാസ് നര്‍വാനി പറയുന്നു
ലൈംഗിക ബന്ധത്തിന്‌ നല്ല സമയം നോക്കണമെന്ന് ആര്‍എസ്എസ്; ചിട്ട പാലിച്ചാല്‍ വെളുത്ത കുട്ടികളെ ഉണ്ടാക്കാം

ഗാന്ധിനഗര്‍: ആരോഗ്യമുള്ള കുട്ടികള്‍ എല്ലാ രക്ഷിതാക്കളുടെയും സ്വപ്‌നമാണ്. ഗര്‍ഭകാലത്ത് ഭക്ഷണത്തിലും മറ്റുകാര്യങ്ങളിലും മാത്രം ശ്രദ്ധിച്ചത് കൊണ്ടുകാര്യമില്ല. ഉത്തമസന്താനങ്ങള്‍ ഉണ്ടാകണമെങ്കില്‍ ഇത് കൂടി വേണമെന്നാണ് ആര്‍എസ്എസിന്റെ ആരോഗ്യരക്ഷവിഭാഗമായി ആരോഗ്യഭാരതി പറയുന്നത്. ഗുജറാത്തില്‍ പത്തുവര്‍ഷം മുമ്പ് തന്നെ പദ്ധതി നടപ്പാക്കി തുടങ്ങിയെന്നും ആരോഗ്യഭാരതി പ്രവര്‍ത്തകര്‍ പറയുന്നു

ഗര്‍ഭധാരണം ലക്ഷ്യമിട്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഹിന്ദുശാസ്ത്രങ്ങള്‍ പ്രത്യേക സമയങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഗ്രഹനിലയും മറ്റും ഗണിച്ച് വേണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനെന്നും ആര്‍എസ്എസ് പ്രചാരകര്‍ പറയുന്നു. നാഡീ ശുദ്ധി ദേഹശുദ്ധി എന്നിവയെല്ലാം ഉറപ്പ് വരുത്തിയിട്ട് വേണം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍. കൂടാതെ പുരുഷ ശുക്ലവും സ്‌ത്രൈണ അണ്ഡവും ശുദ്ധീകരിക്കണം. 90 ദിവസത്തെ  ശുദ്ധി പ്രവര്‍ത്തനങ്ങള്‍ വേണമെന്നും ഇവര്‍ നിഷ്‌കര്‍ഷിക്കുന്നു. ഗര്‍ഭകാലത്ത് അമ്മ ശ്ലോകങ്ങളും മന്ത്രങ്ങളും ഉരുവിട്ടാല്‍ അത് കുട്ടിയുടെ ബുദ്ധിവികാസത്തിന് ഗുണം ചെയ്യും. ഇത്തരം നിയന്ത്രണങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നാല്‍ പ്രസവ വേദനയുണ്ടാകില്ലെന്നും ജനിക്കുന്ന കുട്ടിക്ക് ആവശ്യമായ തൂക്കമുണ്ടാകുമെന്നും ഇവര്‍ പറയുന്നു
 
ഉത്തമ സന്താനങ്ങളെ സൃഷ്ടിക്കുന്നതിലൂടെ മാത്രമെ കരുത്തുറ്റ ഇന്ത്യ സൃഷ്ടിക്കാന്‍ കഴിയുകയുള്ളുവെന്ന് ഗര്‍ഭ് വിജ്ഞാന്‍ സംസ്‌കാര്‍ പദ്ധതിയുടെ ദേശീയ കണ്‍വീനര്‍ ഡോ.കരിഷ്മ മോഹന്‍ദാസ് നര്‍വാനി പറയുന്നു. 2020നകം ഇത്തരത്തില്‍ ആയിരക്കണക്കിന് കുട്ടികളെ ഉണ്ടാക്കുകയാണ് ലക്ഷ്യം. ഇക്കാര്യത്തില്‍ ജര്‍മ്മനിയാണ്  പ്രചോദനമെന്നും നര്‍വാനി പറയുന്നു. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ജര്‍മ്മനി ഇത്തരം പദ്ധതിക്കായി ആയുര്‍വേദ രീതികള്‍ ഉപയോഗപ്പെടുത്തിയിരുന്നതായി കരിഷ്മ പറയുന്നു. 

ആര്‍എസ്എസ് മുന്നോട്ടുവെക്കുന്ന രീതികള്‍ നടപ്പിലാക്കായാല്‍ വിദ്യാഭ്യാസം കുറഞ്ഞവരുടെ മക്കള്‍ക്കും ഉന്നത ബുദ്ധിനിലവാരം ഉണ്ടാകും. കൂടാതെ കറുത്തതോ ഇരുണ്ടതോ ആയ തൊലിനിറമുള്ള രക്ഷിതാക്കള്‍ക്ക് വെളുത്ത തൊലിയുള്ള കുട്ടികളുണ്ടാവുമെന്നും കൂടാതെ ഉയരമുള്ള കുട്ടികളേയും ഇത്തരത്തില്‍ ഉണ്ടാക്കാമെന്നും ആര്‍എസ്എസ് നേതാവും ആരോഗ്യ ഭാരതി ദേശീയ കണ്‍വീനറുമായ ഡോ.ഹിതേഷ് ജാനി പറയുന്നു. ജാംനഗറിലെ ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാലയില്‍ പച്ചകര്‍മ്മ ഡിപ്പാര്‍ട്ട്‌മെന്റ് തലവനാണ് ഹിതേഷ്ജാനി.

പദ്ധതി പ്രകാരം ഇതുവരെ ഇത്തരത്തില്‍ 450 കുട്ടികളെ ഉണ്ടാക്കിയതായാണ് ആരോഗ്യഭാരതിക്കാര്‍ പറയുന്നത്. 2020നകം എല്ലാ സംസ്ഥാനങ്ങളിലും ഗര്‍ഭ് വിജഞാന്‍ അനുസന്ധന്‍ കേന്ദ്രം സ്ഥാപിക്കും. ഗര്‍ഭ് വിജ്ഞാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സെമിനാറുകളും കൗണ്‍സിലിംഗ് സെഷനുകളും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ നിലവില്‍ കാസര്‍ഗോഡാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com