ചൈന ആദ്യം പരമാധികാരം ബഹുമാനിക്കണം; വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിക്കും 

പരമാധികാരം ബഹുമാനിച്ചുകൊണ്ട് വേണം രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കാനെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു
ചൈന ആദ്യം പരമാധികാരം ബഹുമാനിക്കണം; വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിക്കും 

ന്യൂഡല്‍ഹി: ആഗോള രംഗത്തെ ശക്തി വര്‍ധിപ്പിക്കുന്നതിനായി ചൈന ആവിഷ്‌കരിച്ച വണ്‍ ബെല്‍റ്റ് വണ്‍ റോഡ് നയവുമായി ബന്ധപ്പെട്ട ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ല. എന്‍എസ്ജി അംഗത്വത്തിലും, മസൂദ് അസ്ഹര്‍ വിഷയത്തിലും ഇന്ത്യക്കെതിരെ ചൈനയെടുത്ത നിലപാടിന് തിരിച്ചടിയെന്നോണമാണ് രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുന്നത്.

പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയോടുള്ള എതിര്‍പ്പാണ് ഇന്ത്യയെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും അവസാന നിമിഷം പിന്തിരിപ്പിച്ചത്.

പരമാധികാരം ബഹുമാനിച്ചുകൊണ്ട് വേണം രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതികള്‍ നടപ്പിലാക്കാനെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യാന്തര നിയമങ്ങളുടേയും, ചട്ടങ്ങളുടേയും, സമത്വത്തിന്റേയുമെല്ലാം അടിസ്ഥാനത്തിലായിരിക്കണം രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതികള്‍ നടപ്പിലാക്കേണ്ടത്‌. ഈ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യത്തിലും സമത്വമുണ്ടാകണമെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

റഷ്യന്‍ പ്രസിഡന്റെ വഌഡിമര്‍ പുടിന്‍ ഉള്‍പ്പെടെ 20 രാഷ്ട്ര തലവന്‍മാര്‍ ചൈനീസ് ഉച്ചകോടിയില്‍ പങ്കെടുക്കും. അയല്‍രാജ്യങ്ങളായ നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയില്‍ നിന്നും വിട്ടുനില്‍ക്കാനാണ് അമേരിക്ക ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com