കയ്യുംകെട്ടി നോക്കിയിരിക്കില്ല; അതിര്‍ത്തിയിലെ പാക് പോസ്റ്റുകള്‍ തകര്‍ത്ത് ഇന്ത്യ

ഇന്ത്യയിലേക്ക് ഇനിയും തീവ്രവാദികളെ നുഴഞ്ഞുകയറാന്‍ സഹായിച്ചാല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് പാക്കിസ്ഥാനും ലോകത്തിനും മനസിലാക്കി കൊടുക്കുക കൂടിയാണ് ഇന്ത്യ
കയ്യുംകെട്ടി നോക്കിയിരിക്കില്ല; അതിര്‍ത്തിയിലെ പാക് പോസ്റ്റുകള്‍ തകര്‍ത്ത് ഇന്ത്യ

ജമ്മു: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തീവ്രവാദികളെ സഹായിക്കുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ. അതിര്‍ത്തിയിലെ നൗഷാര മേഖലയിലെ പാക്കിസ്ഥാന്റെ സൈനീക പോസ്റ്റുകള്‍ തകര്‍ത്താണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരിക്കുന്നത്. 

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ മറവില്‍ തീവ്രവാദികള്‍ക്ക് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ പാക് സൈന്യം സാഹചര്യമൊരുക്കുന്നത് തുടരുന്നതിനിടെയാണ് ഇന്ത്യന്‍ സൈന്യം പാക് സൈനീക പോസ്റ്റുകള്‍ തകര്‍ത്തിരിക്കുന്നത്. ഇന്ത്യയിലേക്ക് ഇനിയും തീവ്രവാദികളെ നുഴഞ്ഞുകയറാന്‍ സഹായിച്ചാല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് പാക്കിസ്ഥാനും ലോകത്തിനും മനസിലാക്കി കൊടുക്കുക കൂടിയാണ് ഇപ്പോഴത്തെ ആക്രമണത്തിന്റെ ലക്ഷ്യമെന്നും സൈനീക വൃത്തങ്ങള്‍ പറയുന്നു. 

പാക് സൈനീക പോസ്റ്റ് ലക്ഷ്യമിട്ട് ഇന്ത്യന്‍ സേന നടത്തുന്ന ആക്രമണത്തിന്റെ വീഡിയോയും സൈന്യം പുറത്തുവിട്ടിട്ടുണ്ട്. നിയന്ത്രണരേഖയിലെ മേധാവിത്വം  ശക്തിപ്പെടുത്തുന്നതിന് വേണ്ടി കൂടിയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഇപ്പോഴത്തെ നീക്കം. 

ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് ആളപായം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ കനത്ത നാശനഷ്ടമാണ് പാക് സൈനീക പോസ്റ്റില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് ഇന്ത്യന്‍ സൈനീക ഉദ്യോഗസ്ഥരുടെ പ്രതികരണം. 

കശ്മീരില്‍ മഞ്ഞുവീഴ്ച ശക്തമാകുന്നതോടെ നുഴഞ്ഞുകയറ്റം വീണ്ടും ശക്തമാകുമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇത്തരം നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടയുന്നതിന് ഇന്ത്യന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്ന് മേജര്‍ ജനറല്‍ അശോക് നരൂല മാധ്യമങ്ങളോട് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com