ഉത്തര്‍പ്രദേശില്‍ മദ്യം നിരോധിക്കാന്‍ സ്ത്രീകള്‍ സമരം ചെയ്യുമ്പോള്‍ ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി 

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ആദിത്യനാഥ് മന്ത്രിയോട് വിശദീകരണം തേടി
ഉത്തര്‍പ്രദേശില്‍ മദ്യം നിരോധിക്കാന്‍ സ്ത്രീകള്‍ സമരം ചെയ്യുമ്പോള്‍ ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ആദിത്യനാഥ് മന്ത്രിയോട് വിശദീകരണം തേടി. കുടുംബക്ഷേമ മന്ത്രി സ്വാതി സിങാണ് ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തത്. ഇവര്‍ രണ്ടു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം  ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മന്ത്രിയുടെ ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ബിജെപിയെ അടിക്കാനുള്ള വടിയാക്കി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷം. ബിജെപിയുടെ വൈരുദ്ധ്യ നിലപാടുകളാണ് ഇതില്‍ നിന്നെല്ലാം  വ്യക്തമാകുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു. ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ബിജെപിയുടെ രീതി. മദ്യത്തിനെതിരായി ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സമരരംഗത്തിറങ്ങുമ്പോഴാണ് മന്ത്രി ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുന്നത് എന്ന് സമാജ്‌വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. 

സംഭവത്തിനെതിരായി കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളെ കയ്യിലെടുക്കും വിധത്തില്‍ സംസാരിക്കാന്‍ മാത്രമേ ബിജെപിക്ക് അറിയൂ. നേതാക്കള്‍ മദ്യനിരോധനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മന്ത്രി മദ്യശാല ഉദ്ഘാടനം ചെയ്യാന്‍ പോവുകയാണെന്നും ലൈസന്‍സുള്ള ബിയര്‍ പാര്‍ലര്‍ ആണോ മന്ത്രി ഉദ്ഘാടനം ചെയ്തതെന്ന് പരിശോധിക്കണെമന്നും കോണ്‍ഗ്രസ് നേതാവ് ദ്വിജേന്ദ്ര ത്രിപാഠി ആവശ്യപ്പെട്ടു.എന്നാല്‍, സംസ്ഥാനത്ത് മദ്യം നിരോധിച്ചിട്ടില്ലെന്നും മന്ത്രി ചെയ്തത് നിയമവിരുദ്ധമായ ഒരു കാര്യമല്ലെന്നും ബിജെപി വക്താവ് രാകേഷ് ത്രിപാഠി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com