ഐഎഎസ് കോപ്പിയടി: തിരുവനന്തപുരത്ത് രണ്ടു പേര്‍ അറസ്റ്റില്‍; അന്വേഷണം കൂടുതല്‍ പേരിലേക്ക്

തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം നടത്തുന്ന സ്ഥാപനത്തിന്റെ ഉടമകളാണ് ഇവര്‍
ഐഎഎസ് കോപ്പിയടി: തിരുവനന്തപുരത്ത് രണ്ടു പേര്‍ അറസ്റ്റില്‍; അന്വേഷണം കൂടുതല്‍ പേരിലേക്ക്

തിരുവനന്തപുരം; സിവില്‍ സര്‍വീസ് മെയ്ന്‍ പരീക്ഷയിലെ കോപ്പിയടിയുമായി ബന്ധപ്പെട്ട് രണ്ടു പേരെ കേരളത്തില്‍നിന്ന് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. കോപ്പിയടിച്ചതിനു പിടിയിലായ ഐപിഎസ് ഉദ്യോഗസ്ഥനായ സഫീര്‍ കരീമിനെ സഹായിച്ച ജംഷാദ്, മുഹമ്മദ് ഷരീബ് ഖാന്‍ എന്നിവരെയാണ് പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം നടത്തുന്ന സ്ഥാപനത്തിന്റെ ഉടമകളാണ് ഇവര്‍. 

കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ തമിഴ്‌നാട് പൊലീസ് സംഘം തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ പരിശോധന നടത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ജംഷാദ്, മുഹമ്മദ് ഷരീബ് ഖാന്‍ എന്നിവരെ കസ്റ്റഡിയിലെത്തത്. ചെന്നൈയില്‍ എത്തിച്ചു ചോദ്യം ചെയ്ത ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.  സഫീര്‍ കരീമിന്റെ കോപ്പിയടിക്ക് ഇവര്‍ സാങ്കേതിക സഹായം നല്‍കിയെന്നു കണ്ടെത്തിയതായാണ് സൂചന.

പോക്കറ്റില്‍ മൈക്രോ ക്ാമറ ഘടിപ്പിച്ച് ഇതുപയോഗിച്ച് ചോദ്യക്കടലാസ് സ്‌കാന്‍ ചെയ്തു ഗൂഗിള്‍ ഡ്രൈവിലേക്കു പകര്‍ത്തിയായിരുന്നു സഫീര്‍ കരീമിന്റെ കോപ്പിയടി. ഹൈദരാബാദിലിരുന്ന് ഡ്രൈവ് നോക്കി ഭാര്യ ജോയ്‌സി ഫോണില്‍ ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്തു. ജോയ്‌സിയുടെ ലാപ്‌ടോപ്പില്‍നിന്ന് സ്‌കാന്‍ ചെയ്ത ചോദ്യക്കടലാസിന്റെ പകര്‍പ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജോയ്‌സിയെ അറസ്റ്റ് ചെയ്‌തെങ്കിലും ഒന്നര വയസുള്ള കുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് കോടതി ജാമ്യം നല്‍കി വിട്ടയച്ചു.

ജോയ്‌സിയുടെ കംപ്യൂട്ടറില്‍നിന്ന് മറ്റു പരീക്ഷകളുടെയും പകര്‍പ്പുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഐഎസ്ആര്‍ഒ പരീക്ഷ, സിവില്‍ സര്‍വീസ് പരീക്ഷ തുടങ്ങിയവയുടെ ചോദ്യക്കടലാസ് കണ്ടെടുത്തതായാണ് സൂചന. ഇവര്‍ ഒരു റാക്കറ്റ് ആയാണോ പ്രവര്‍ത്തിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com