ഹിന്ദുത്വ ശക്തികള്‍ക്ക് പിന്നാലെ കമലിന്റെ മുഖം വികൃതമാക്കാന്‍ ആഹ്വാനം ചെയ്ത് മുസ്ലീം സംഘടനയും

കമല്‍ ഹാസന്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ വിദ്വേഷം ജനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അലിഗഡിലെ മുസ്ലീം യുവജന സംഘടന നേതാവ്
ഹിന്ദുത്വ ശക്തികള്‍ക്ക് പിന്നാലെ കമലിന്റെ മുഖം വികൃതമാക്കാന്‍ ആഹ്വാനം ചെയ്ത് മുസ്ലീം സംഘടനയും

ആഗ്ര: നടന്‍ കമല്‍ ഹാസന്റെ മുഖം വികൃതമാക്കുന്നവര്‍ക്ക് പരിതോഷികം വാഗ്ദാനം ചെയ്ത് മുസ്ലീം യുവജന  സംഘടന നേതാവ്.  ദേശവിരുദ്ധനായി സംഘപരിവാറുകാര്‍ ചിത്രീകരിക്കുന്ന കമല്‍ ഹാസന്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ വിദ്വേഷം ജനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അലിഗഡിലെ മുസ്ലീം യുവജന സംഘടന നേതാവ് മൊഹമ്മദ് അമീര്‍ റഷീദ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം രാജ്യത്ത് ഹിന്ദുത്വ തീവ്രവാദം ഉണ്ടെന്ന കമല്‍ ഹാസിന്റെ പ്രസ്താവന ദേശീയ തലത്തില്‍ വാദപ്രതിവാദത്തിന് ഇടയാക്കിയിരുന്നു. ഹിന്ദുത്വത്തെ അധിക്ഷേപിച്ചു സംസാരിച്ച കമല്‍ ഹാസനെ വെടിവെച്ചു കൊല്ലണമെന്ന് ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് അശോക് ശര്‍മ്മ ആഹ്വാനം ചെയ്തു. ഇതിന് പിന്നാലെയാണ് കമല്‍ ഹാസന്റെ മുഖം വികൃതമാക്കുന്നവര്‍ക്ക് 25000 രൂപ പാരിതോഷികം വാഗ്ദാനം ചെയ്ത് മുസ്ലീം യുവജന നേതാവ് രംഗത്തുവന്നത്. 

ഹിന്ദുക്കള്‍ തീവ്രവാദികളായി മാറിയാല്‍ രാജ്യത്ത് മറ്റൊരു സമുദായത്തിനും രക്ഷയില്ലെന്ന് മൊഹമ്മദ് അമീര്‍ റഷീദ് പറഞ്ഞു.  ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ഇത്തരം വിദ്വേഷ പരാമര്‍ശം നടത്തുന്നവരുടെ നാക്ക് മുറിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത്തരത്തിലുളള പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി തമിഴ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനാണ് കമല്‍ ഹാസന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്നും ആര്‍ക്കും അതു നിഷേധിക്കാനാവില്ലെന്നുമായിരുന്നു കമല്‍ ഹാസന്‍ ആനന്ദവികടന്‍ വാരികയില്‍ എഴുതിയ കോളത്തില്‍ ചൂണ്ടികാട്ടിയത്. ഇത് ദേശീയ തലത്തില്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കുന്നതില്‍ കേരളം തമിഴ്‌നാടിന് മാതൃകയാവണമെന്നും കമല്‍ അഭിപ്രായപ്പെട്ടിരുന്നു. തമിഴ് സംസ്‌കാരത്തെ ഹിന്ദു തീവ്രവാദികള്‍ കീഴടക്കുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംശയം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കമല്‍ പ്രതിവാര പംക്തിയില്‍ ഇക്കാര്യം എഴുതിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com