പാക്ക് അധീന കശ്മീര്‍ പിടിക്കാന്‍ തീരുമാനിച്ചാല്‍ ഒരാള്‍ക്കും ഇന്ത്യയെ തടയാന്‍ ആകില്ല : കേന്ദ്രമന്ത്രി

മുന്‍ സര്‍ക്കാരുകളുടെ പിഴവുകളുടെ ഫലമായാണ് പാക്ക് അധിനിവേശ കശ്മീര്‍ പാക്കിസ്ഥാന്റെത് ആണ് എന്ന പ്രതീതി ജനിച്ചത്. 
പാക്ക് അധീന കശ്മീര്‍ പിടിക്കാന്‍ തീരുമാനിച്ചാല്‍ ഒരാള്‍ക്കും ഇന്ത്യയെ തടയാന്‍ ആകില്ല : കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : പാക്ക് അധിനിവേശ കശ്മീര്‍ പിടിച്ചെടുക്കണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാല്‍ ആര്‍ക്കും ഇന്ത്യയെ തടയാന്‍ ആകില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഹന്‍സ്‌രാജ്  ആഹീര്‍.  പാക്ക് അധിനിവേശ കശ്മീര്‍ ഇന്ത്യക്ക് വിട്ടുകൊടുക്കാന്‍ പാക്കിസ്ഥാന്‍ ദുര്‍ബലമല്ലെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുളളയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഹന്‍സ്‌രാജ് ആഹീറിന്റെ പ്രതികരണം.  പാക്ക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. പാക്കിസ്ഥാന്‍ അന്യായമായി കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ ഇന്ത്യ തീരുമാനിച്ച് ഉറപ്പിച്ചാല്‍ ആര്‍ക്കും തടയാന്‍ കഴിയില്ല. മുന്‍ സര്‍ക്കാരുകളുടെ പിഴവുകളുടെ ഫലമായാണ് പാക്ക് അധിനിവേശ കശ്മീര്‍ പാക്കിസ്ഥാന്റെത് ആണ് എന്ന പ്രതീതി ജനിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

 ജമ്മുകശ്മീരിലെ ഉറിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലായിരുന്നു ഫാറൂഖ് അബ്ദുളള വീണ്ടും വിവാദപരാമര്‍ശം നടത്തിയത്. എത്രനാള്‍ പാക്ക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പറയും എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് ജമ്മുകശ്മീരിന്റെ മുന്‍ മുഖ്യമന്ത്രി കൂടിയായ ഫാറൂഖ് അബ്ദുളളയുടെ വിവാദ പ്രസ്താവന.  പാക്ക് അധിനിവേശ കശ്മീര്‍ പാക്കിസ്ഥാന്റെതും, ജമ്മുകശ്മീര്‍ ഇന്ത്യയുടെതുമാണ്. സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും പാക്ക് അധിനിവേശ കശ്മീര്‍ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും ഇന്ത്യ അവകാശവാദം ഉന്നയിക്കുന്നത് അത് രാജ്യത്തിന്റെ ഭാഗമാണെന്നാണ്. തങ്ങളും പറയുന്നത് പാക്കിസ്ഥാനില്‍ നിന്നും പാക്ക് അധിനിവേശ കശ്മീര്‍ പിടിച്ചെടുക്കാനാണ്. എന്നാല്‍ അതിന് കഴിയുംവിധം പാക്കിസ്ഥാന്‍ ദുര്‍ബലമല്ലെന്ന കാര്യം ഫാറൂഖ് അബ്ദുളള ഓര്‍മ്മപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com