പദ്മാവതിയില്‍ ബിജെപി നിലപാടിനെ തള്ളി ഉപരാഷ്ട്രപതി;  ഭീഷണിപ്പെടുത്തുന്നതും ആക്രമണത്തിന് പാരിതോഷികം പ്രഖ്യാപിക്കുന്നതും ജനാധിപത്യമല്ല

പദ്മാവതി സിനിമയ്‌ക്കെതിരായുള്ള ബിജെപി നിലപാടിന് വിരുദ്ധാഭിപ്രായവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
പദ്മാവതിയില്‍ ബിജെപി നിലപാടിനെ തള്ളി ഉപരാഷ്ട്രപതി;  ഭീഷണിപ്പെടുത്തുന്നതും ആക്രമണത്തിന് പാരിതോഷികം പ്രഖ്യാപിക്കുന്നതും ജനാധിപത്യമല്ല

ന്യൂഡല്‍ഹി: പദ്മാവതി സിനിമയ്‌ക്കെതിരായുള്ള ബിജെപി നിലപാടിന് വിരുദ്ധാഭിപ്രായവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ആക്രമണ ഭീഷണികള്‍ ഉയര്‍ത്തുന്നതും ആക്രമണം നടത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നതും ജനാധിപത്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ സാഹിത്യപരിപാടിയില്‍ സംസാരിക്കവേയാണ് വെങ്കയ്യ നായിഡുവിന്റെ പരാമര്‍ശം. 

പദ്മാവതിക്കെതിരെ ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്ര നേതാക്കളും രംഗത്തെത്തിയിരുന്നു. ഗുജറാത്തിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഹരിയാനയിലും ബിജെപി സര്‍ക്കാര്‍ പദ്മാവതി നിരോധിച്ചിരിക്കുകയാണ്. സംഘപരിവാര്‍ സംഘടനകള്‍ സിനിമയ്‌ക്കെതിരെ നിരന്തര കൊലവിളികള്‍ നടത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് പദ്മാവതിയില്‍ ബിജെപി സ്വീകരിച്ച രാഷ്ട്രീയ നിലപാടിന് വിരുദ്ധാഭിപ്രായവുമായി ഉപരാഷ്ട്രപതി രംഗത്തെത്തിയിരിക്കുന്നത്. 

പദ്മാവതി സിനിമയുടെ പേരു പറഞ്ഞില്ലെങ്കിലും സിനിമയെയും കലയെയും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എന്നാല്‍, മറ്റുള്ളവരുടെ വികാരത്തെ വൃണപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ചില സിനിമകള്‍, ചില മതങ്ങളുടെയും സമുദായങ്ങളുടെയും വികാരങ്ങളെ മുറിപ്പെടുത്തുന്നതായി തോന്നുന്ന പുതിയ പ്രശ്‌നം ഇവിടെ ഉടലെടുത്തിട്ടുണ്ട്.

ആക്രമണത്തിന് പ്രതിഫലമെന്ന നിലയില്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നവരുടെ കൈയ്യില്‍ ഈ പണമുണ്ടോ എന്ന് അറിയില്ലെന്നും ഒരു കോടി രൂപ സമാഹരിക്കുന്നത് അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.

പദ്മാവതി സിനിമയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ തലയെടുക്കുന്നവര്‍ക്ക് പത്തു കോടി രൂപ നല്‍കുമെന്ന് ബിജെപി ഹരിയാന മീഡിയാ കോര്‍ഡിനേറ്റര്‍ സുരാജ് പാല്‍ അമു പറഞ്ഞിരുന്നു. ചിത്രത്തിലെ നായകന്‍ രണ്‍വീര്‍ സിങിന്റെ കാല്‍ തല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തി. ദീപികയുടെയും ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് അഞ്ച് കോടി രൂപ നല്‍കുമെന്ന് ക്ഷത്രിയ സമാജ് നേതാവും പ്രഖ്യാപിച്ചിരുന്നു. ദീപികയുടെ മൂക്ക് മുറിക്കണമെന്നും സംഘ് നേതാക്കന്മാര്‍ ആഹ്വാനം ചെയ്തിരുന്നു.

രജപുത്ര രാജ്ഞിയായിരുന്ന പദ്മാവതിയുട കഥപറയുന്ന ചിത്രത്തില്‍ പദ്മാവതിയും അലാവുദ്ദിന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ട് എന്നാരോപിച്ചാണ് രജപുത്ര സംഘടനകള്‍ രംഗത്തെത്തിയത്.തുടര്‍ന്ന് ബിജെപി വിഷയം രാഷ്ട്രീയ ആയുധമാക്കുകയും ആളിക്കത്തിക്കുകയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com