ലാലുവിന്റെ മകന്‍ ഭീഷണിപ്പെടുത്തി; സുശീല്‍ മോദിയുടെ മകന്റെ വിവാഹവേദി മാറ്റി

തേജ് പ്രതാപ് യാദവിന്റെ 'സ്വഭാവം' അറിയുന്നതുകൊണ്ടാണ് വിവാഹ വേദി മാറ്റുന്നതെന്ന് സുശീല്‍ കുമാര്‍ മോദി
ലാലുവിന്റെ മകന്‍ ഭീഷണിപ്പെടുത്തി; സുശീല്‍ മോദിയുടെ മകന്റെ വിവാഹവേദി മാറ്റി

പറ്റ്‌ന: ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദിയുടെ മകന്റെ വിവാഹ വേദി മാറ്റി. തേജ് പ്രതാപ് യാദവിന്റെ 'സ്വഭാവം' അറിയുന്നതുകൊണ്ടാണ് വിവാഹ വേദി മാറ്റുന്നതെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. അതേസമയം പേടിത്തൊണ്ടനായ ഉപമുഖ്യമന്ത്രിയാണ് മോദിയെന്ന് ലാലു പ്രസാദ് യാദവ് പ്രതികരിച്ചു.

ഔറംഗബാദില്‍ നടത്തിയ പ്രസംഗത്തിലാണ് മോദിക്കെതിരെ തേജ് പ്രതാപ് യാദവ് ഭീഷണി മുഴക്കിയത്. മോദിയുടെ മകന്റെ കല്യാണം കലക്കുമെന്നും വിവാഹ ദിവസം വീട്ടില്‍ക്കയറി മോദിയെ തല്ലുമെന്നും അങ്ങനെ അതിഥികളുടെ മുന്നിലിട്ട് അപമാനിക്കും എന്നുമായിരുന്നു തേജ് പ്രതാപിന്റെ പ്രസംഗം. പ്രസംഗവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം ചൂടുപിടിക്കുന്നതിനിടയിലാണ് മകന്റെ വിവാഹ വേദി മാറ്റിയതായി സുശീല്‍ കുമാര്‍ മോദി അറിയിച്ചിരിക്കുന്നത്. തേജ് പ്രതാപ് എങ്ങനെയുള്ള ആളാണെന്നു തനിക്കറിയാം. അതുകൊണ്ടാണ് വേദി മാറ്റുന്നതെന്ന് മോദി വിശദീകരിച്ചു. വധുവിന്റെ വീട്ടുകാര്‍ രാഷ്ടീയവുമായി ബന്ധമില്ലാത്തവരാണ്. അവര്‍ക്ക് ഇത്തരം ഭീഷണിയൊന്നും ശീലമുള്ളതല്ല. കേന്ദ്ര മന്ത്രിമാരും നാലു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും വിവാഹത്തിന് എത്തുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് സുശീല്‍ കുമാര്‍ മോദി പറഞ്ഞു. രാജേന്ദ്ര നഗറിലെ ശക്തമൈതാനില്‍നിന്ന് വെറ്ററിനറി കോളജ് ഗ്രൗണ്ടിലേക്കാണ് വിവാഹവേദി മാറ്റിയിരിക്കുന്നത്. 

ഈ മാസം 19ന് ഔറംഗബാദില്‍ നടത്തിയ പ്രസംഗത്തിലാണ് മുന്‍ ആരോഗ്യമന്ത്രി കൂടിയായ തേജ് പ്രതാപ് സുശീല്‍ മോദിക്കെതിരെ ഭീഷണി മുഴക്കിയത്. ''അയാള്‍ മകന്റെ വിവാഹത്തിന് എന്നെ ക്ഷണിച്ചിട്ടുണ്ട്. ഞാന്‍ അവിടെ ചെന്ന് അതിഥികളുടെ മുന്നിലിട്ട് അയാളെ അവഹേളിക്കും. എന്നെ അപമാനിക്കാനാണ് അയാള്‍ കല്യാണത്തിനു വിളിച്ചിരിക്കുന്നത്. നമ്മള്‍ ചതിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അവിടെ നിങ്ങള്‍ക്കൊരു പോരാട്ടം കാണാനാവും. ഞാന്‍ വീട്ടിലേക്കു കയറിച്ചെന്ന് അയാളെ അടിച്ചുവീഴ്ത്തും. അവിടെ ഞാനൊരു സീനുണ്ടാക്കും. അതിഥികളുടെ മുന്നില്‍ വച്ച് അയാളെ അപമാനിക്കും. ഞാന്‍ വൈകാരികമായി പ്രതികരിക്കുന്നയാളാണ്. ഇതു ഞാന്‍ ആത്മാര്‍ഥമായി പറയുന്നതാണ്''- തേജ് പ്രതാപ് പറഞ്ഞു.

താന്‍ ഒരു ക്രിമിനലോ ഭീകരനോ അല്ലെന്നാണ് വിവാഹ വേദി മാറ്റിയതിനെക്കുറിച്ച് തേജ് പ്രതാപ് പ്രതികരിച്ചത്. പൊതുയോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ എടുക്കാതെ, പേടിക്കാതെ കല്യാണവുമായി മുന്നോട്ടുപോവുകയായിരുന്നു മോദി ചെയ്യേണ്ടിയിരുന്നതെന്ന് തേജ് പ്രതാപ് പറഞ്ഞു. 

പേടിത്തൊണ്ടനായ ഉപമുഖ്യമന്ത്രിയാണ് സുശീല്‍ കുമാര്‍ മോദി എന്നായിരുന്നു ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. ഉപമുഖ്യമന്ത്രി ഇങ്ങനെ പേടിക്കുകയാണെങ്കില്‍ ബിഹാറിലെ ജനങ്ങളുടെ അവസ്ഥ എന്താണെന്നും ലാലു ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com