ദേശീയ ഗാനത്തിന് എഴുന്നേറ്റില്ല; സെറിബ്രല്‍ പാള്‍സി ബാധിതന് പാകിസ്ഥാനിയെന്ന് ആക്ഷേപം

അസമിലെ ഗുവാഹതിയിലാണ് ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ കൂടിയായ അര്‍മാന്‍ അലിക്ക് ആക്ഷേപം നേരിടേണ്ടി വന്നത്
ദേശീയ ഗാനത്തിന് എഴുന്നേറ്റില്ല; സെറിബ്രല്‍ പാള്‍സി ബാധിതന് പാകിസ്ഥാനിയെന്ന് ആക്ഷേപം

ഗുവാഹതി: തിയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേല്‍ക്കാതിരുന്ന അംഗപരിമിതന് പാകിസ്ഥാനിയെന്ന് ആക്ഷേപം. അസമിലെ ഗുവാഹതിയിലാണ് ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകന്‍ കൂടിയായ അര്‍മാന്‍ അലിക്ക് ആക്ഷേപം നേരിടേണ്ടി വന്നത്.

സന്നദ്ധ സംഘടനയായ ശിശു സരോഥിയുടെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആയ അര്‍മാന്‍ ബന്ധുക്കളോടൊപ്പമാണ് തിയറ്ററില്‍ സിനിമ കാണാന്‍ എത്തിയത്. ജന്മനാ സെറിബ്രല്‍ പാള്‍സി ബാധിച്ച അര്‍മാന് സ്വന്തമായി എഴുന്നേറ്റു നില്‍ക്കാനാവില്ല. 2010 മുതല്‍ വീല്‍ച്ചെയറിലാണ് ഈ മുപ്പത്തിയാറുകാരന്റെ സഞ്ചാരം. സിനിമയ്ക്കു മുമ്പ് തിയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ എല്ലാവരും എഴുന്നേറ്റുനിന്നു. അര്‍മാന്‍ മാത്രം ഇരിക്കുന്നതു കണ്ട് പിറകില്‍ ഉണ്ടായിരുന്ന ഒരാള്‍ പാകിസ്ഥാനി എന്ന് ആക്ഷേപിക്കുകയായിരുന്നു. മുന്നിലിരിക്കുന്നത് ഒരു പാകിസ്ഥാനിയാണെന്ന് അയാള്‍ ഉറക്കെ പറഞ്ഞതായി അര്‍മാന്‍ പറഞ്ഞു. എഴുന്നേല്‍ക്കാനായില്ലെങ്കിലും ദേശീയ ഗാനത്തിനൊപ്പം പാടുകയായിരുന്ന താന്‍ ഇതിനോടു പ്രതികരിച്ചില്ലെന്നും അര്‍മാന്‍ പറഞ്ഞു.

രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതിയില്‍ ആശങ്കയുണ്ട്. അതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ചെറിയ പ്രകോപനങ്ങളാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ എത്തുന്നത്. അതുകൊണ്ട് അപ്പോള്‍ തിയറ്ററില്‍ വച്ച് എന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ തീയറ്ററില്‍ ഉണ്ടായിരുന്ന ഒരുപാടാളുകള്‍ തന്നെ ആക്രമിക്കുമായിരുന്നുവെന്ന് അര്‍മാന്‍ പിന്നീട് സാമൂഹ്യ മാധ്യമത്തിലൂടെ പറഞ്ഞു. 

തിയറ്ററുകളില്‍ സിനിമയ്ക്കു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റുനിന്ന് ബഹുമാനം പ്രകടിപ്പിക്കണമെന്നും കഴിഞ്ഞ വര്‍ഷം നവംബറിലാണ് സുപ്രിം കോടതി ഉത്തരവിട്ടത്. ശീരിരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ ഇതില്‍നിന്ന് ഒഴിവാക്കി ഡിസംബറില്‍ കോടതി വിധി ഭേദഗതി ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com