രാഹുലിനെ 'പപ്പു'വെന്ന് പരിഹസിച്ച് ആദിത്യനാഥ്; ദേശീയ നേതാവിനെ പരിഹസിക്കരുതെന്ന് കോണ്‍ഗ്രസ്

പക്വതയില്ലാത്ത അഭിപ്രായ പ്രകടനങ്ങളാണു ജനങ്ങള്‍ രാഹുലിനെ പപ്പു എന്നുവിളിക്കാന്‍ കാരണം
രാഹുലിനെ 'പപ്പു'വെന്ന് പരിഹസിച്ച് ആദിത്യനാഥ്; ദേശീയ നേതാവിനെ പരിഹസിക്കരുതെന്ന് കോണ്‍ഗ്രസ്

അഹമ്മദാബാദ്‌: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 'പപ്പു' എന്ന് പരിഹസിച്ച് യുപി മുഖ്യമന്ത്രി ആദിത്യനാഥ്. പക്വതയില്ലാത്ത അഭിപ്രായ പ്രകടനങ്ങളാണു ജനങ്ങള്‍ രാഹുലിനെ പപ്പു എന്നുവിളിക്കാന്‍ കാരണം. രാഹുല്‍ എവിടെയൊക്കെ പ്രചാരണം നടത്തുന്നോ അവിടെയൊക്കെ കോണ്‍ഗ്രസ് പരാജയപ്പെടുകയാണെന്നും ആദിത്യനാഥ് പറഞ്ഞു.

അമിത് ഷാ ഗുജറാത്തിലെത്തുമ്പോള്‍ രാഹുല്‍ ഇറ്റലിയിലേയ്ക്ക് പറക്കും. പിന്നെ ഗുജറാത്തിനെക്കുറിച്ച് ഓര്‍ക്കാറേയില്ല. 14 വര്‍ഷം അമേഠി ഭരിച്ചിട്ടും അവിടെ കലക്ടറേറ്റ് കെട്ടിടം പോലും രാഹുലിനു നിര്‍മിക്കാനായില്ല. വികസനത്തെയല്ല, നശീകരണത്തെയാണ് രാഹുല്‍ പിന്തുണക്കുന്നത്. 2004ല്‍ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെട്ട തീവ്രവാദി ഇസ്രത്ത് ജഹാനെ രാഹുല്‍ പിന്തുണക്കുന്നതായും യോഗി ചൂണ്ടിക്കാട്ടി.

സൗരാഷ്ട്രയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര േമാദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ദുരന്ത സ്ഥലത്തെത്തി. എന്നാല്‍ രാഹുല്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സന്ദര്‍ശിക്കാതെ ഇറ്റലിയിലേക്കു പറക്കുകയായിരുന്നെന്നും ആദിത്യനാഥ് പറഞ്ഞു.

ആദിത്യനാഥിന്റെ പരാരര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ദേശീയ നേതാവായ രാഹുലിനെ യുപി മുഖ്യമന്ത്രി പരിഹസിക്കുന്നത് ശരിയല്ലെന്നു കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നിവിടങ്ങളില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്കാണെന്നു മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. 

'പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ സംസ്ഥാനമായ ഗുജറാത്തിനെ കൈകാര്യം ചെയ്യാനാവുന്നില്ല. ഈ ഭയത്താല്‍ അദ്ദേഹം യോഗി ആദിത്യനാഥിനെ കൂട്ടുപിടിച്ചിരിക്കുകയാണ്. പഞ്ചാബ്, മണിപ്പുര്‍, ഗോവ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി മത്സരിച്ചിരുന്ന കാര്യം മറന്നോ? രാഹുലിന്റെ നേതൃത്വത്തില്‍ ഇവിടെയെല്ലാം ബിജെപിയേക്കാള്‍ സീറ്റ് കോണ്‍ഗ്രസാണ് നേടിയത്. ദേശീയ നേതാവിനുനേരെ ഇത്തരത്തില്‍ മോശം പ്രതികരണങ്ങള്‍ നടത്തുന്നത് ശരിയല്ല. അമിത് ഷായ്ക്കും നരേന്ദ്ര മോദിക്കും എതിരെ മോശമായ ഭാഷയില്‍ സംസാരിച്ചാല്‍ എങ്ങനെയിരിക്കും'– പ്രമോദ് തിവാരി ചോദിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com