2012ല്‍ കോണ്‍ഗ്രസിനെ സഹായിച്ചു, തെരഞ്ഞെടുപ്പു കമ്മിഷനെതിരെ ബിജെപി

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലക്കുന്നതിനായിരുന്നു കമ്മിഷന്‍ പ്രവര്‍ത്തിച്ചതെന്നും രൂപാനി
2012ല്‍ കോണ്‍ഗ്രസിനെ സഹായിച്ചു, തെരഞ്ഞെടുപ്പു കമ്മിഷനെതിരെ ബിജെപി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പു കമ്മിഷന്‍ ബിജെപിയെ സഹായിക്കുകയാണെന്ന ആരോപണം ഉയരുന്നതിനിടെ കമ്മിഷനെതിരെ ആരോപണവുമായി ബിജെപി രംഗത്ത്. 2012ല്‍ കോണ്‍ഗ്രസിനെ സഹായിക്കാനായി കമ്മിഷന്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പു തിയതി നേരത്തെ പ്രഖ്യാപിച്ചെന്ന് പാര്‍ട്ടി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ വിജയ് രൂപാനി ആരോപിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലക്കുന്നതിനായിരുന്നു കമ്മിഷന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്നും രൂപാനി ആരോപിച്ചു.

കഴിഞ്ഞയാഴ്ച ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ച കമ്മിഷന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പു തിയതി പ്രഖ്യാപിക്കാതിരുന്നത് വിവാദമായിരുന്നു. ഇന്നു നടക്കുന്ന മോദി റാലിക്ക് അവസരമൊരുക്കുന്നതിനും ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്താനുമാണ് കമ്മിഷന്‍ ഇത്തരമൊരു സമീപനം സ്വീകരിച്ചത് എന്നുമാണ് വിമര്‍ശനം. സാധാരണ ഗതിയില്‍ ആറു മാസത്തിനിടെ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ തിയതികള്‍ ഒരുമിച്ചു പ്രഖ്യാപിക്കുന്നതാണ് കമ്മിഷന്റെ കീഴ് വഴക്കം.

2012ല്‍ ഗുജറാത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നേരത്തെ പ്രാബല്യത്തില്‍ വരുത്തുന്നതിന് നേരത്തെ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചെന്നാണ് രൂപാനി ആരോപിച്ചത്. ഇത് കോണ്‍ഗ്രസിനു വേണ്ടിയായിരുന്നെന്നും രൂപാനി പറയുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍നിന്ന് മോദി സര്‍ക്കാരിനെ വിലക്കുകയായിരുന്നു ലക്ഷ്യം. 83 ദിവസമാണ് സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലനിന്നതെന്നും രൂപാനി പറഞ്ഞു.

രൂപാനിയുടെ ആരോപണം നിഷേധിച്ച് അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ വിഎസ് സമ്പത്ത് രംഗത്തുവന്നിട്ടുണ്ട്. ഭരണഘടനാപരമായ ചുമതലാണ് കമ്മിഷന്‍  നിറവേറ്റിയതെന്നും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സമ്പത്ത് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com