പാര്‍ലമെന്റും രാഷ്ട്രപതി ഭവനും കുത്തബ് മീനാറും ഇടിച്ചുനിരത്തണം: അസംഖാന്‍

താജ്മഹല്‍ അടിമത്വത്തിന്റെ പ്രതീകമാണെങ്കില്‍ പാര്‍ലമെന്റും രാഷ്ട്രപതി ഭവനും കുത്തബ് മിനാറും ചെങ്കോട്ടയുമെല്ലാം അങ്ങനെത്തന്നെയാണ്- അസംഖാന്‍
പാര്‍ലമെന്റും രാഷ്ട്രപതി ഭവനും കുത്തബ് മീനാറും ഇടിച്ചുനിരത്തണം: അസംഖാന്‍

ലഖ്‌നൗ: താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നുള്ള ബിജെപി എംഎല്‍എ സംഗീത് സോമിന്റെ വിവാദ പ്രസ്താവനക്ക് പിന്നാലെ വേറൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. താജ്മഹല്‍ അടിമത്വത്തിന്റെ പ്രതീകമാണെങ്കില്‍ പാര്‍ലമെന്റും രാഷ്ട്രപതി ഭവനും കുത്തബ് മിനാറും ചെങ്കോട്ടയുമെല്ലാം അങ്ങനെത്തന്നെയാണ്. ഇവയെല്ലാം ഇടിച്ചുനിരത്തണമെന്നുമായിരുന്നു അസംഖാന്റെ പ്രസ്താവന.

എന്നാല്‍ സംഗീത് സോമിന്റെ പ്രസ്താവനയോട് താന്‍ പ്രതികരിക്കുന്നില്ല. എന്തെന്നാല്‍ കന്നുകാലികശാപ്പ് ശാലകള്‍ നടത്തുന്നവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാന്‍ അര്‍ഹതയില്ല- അസംഖാന്‍ പറഞ്ഞു.

പിതാവിനെ തടവിലിട്ടയാളാണ് താജ്മഹല്‍ പണിതതെന്നായിരുന്നു സംഗീത് സോമിന്റെ പ്രസ്താവന. ഇന്ത്യന്‍ സംസ്‌കാരത്തിനാകെ അപമാനമാണ് താജ് മഹല്‍. താജ് മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളതെന്നും സംഗീത് സോം ചോദിച്ചിരുന്നു. ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്ന് താജ് മഹലിനെ നീക്കം ചെയ്തിട്ട് അധികകാലം പിന്നിടുന്നതിന് മുന്‍പായിരുന്നു ബിജെപി നേതാവിന്റെ അഭിപ്രായപ്രകടനം.

എന്നാല്‍ താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന് പറഞ്ഞതിന് പിന്നാലെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് നിലപാട് മാറ്റിയിരുന്നു സംഗീത് സോം. താന്‍ താജ്മഹലിനെതിരായി  സംസാരിച്ചിട്ടില്ല. ഇന്ത്യയുടെ സുന്ദരമായ പൈതൃകമാണ് താജ്മഹല്‍. എന്നാല്‍ ഇത് പണിതത് മുഗളന്‍മാരാണെന്ന ചരിത്ര വസ്തുത അംഗീകരിക്കാനാകില്ലെന്നും സംഗീത് സോം പിന്നീട് നിലപാടെടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com