സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് പടക്കം വിതരണം ചെയ്ത് ബിജെപി നേതാവ്

ന്യൂഡല്‍ഹിയില്‍ ബിജെപി നേതാവ് കുട്ടികള്‍ക്ക് പടക്കം വിതരണം ചെയ്തു
സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് പടക്കം വിതരണം ചെയ്ത് ബിജെപി നേതാവ്

ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ ദീപാവലിയോടനുബന്ധിച്ച് പടക്കവില്‍പ്പന നിരോധിച്ച സുപ്രീംകോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച ബിജെപി നേതാവിന്റെ നടപടി വിവാദമാകുന്നു. വായുമലീനികരണം ചൂണ്ടികാണിച്ച് നവംബര്‍ ഒന്ന് വരെ ന്യൂഡല്‍ഹിയില്‍ പടക്കം വില്‍ക്കരുത് എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാല്‍ ഈ ഉത്തരവിന്റെ അന്തസത്ത ഉള്‍കൊളളാതെ ചേരിയിലെ കുട്ടികള്‍ക്ക് പടക്കം വിതരണം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ബിജെപി നേതാവിന്റെ നടപടിയാണ് വിവാദമാകുന്നത്. ന്യൂഡല്‍ഹിയിലെ ബിജെപിയുടെ വക്താവായ തജീന്ദര്‍ ബാഗയുടെ നടപടി ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. 

ഭരണഘടന സ്ഥാപനങ്ങളെ ബഹുമാനിക്കാന്‍ ഏറേ ബാധ്യസ്ഥരായ രാജ്യം ഭരിക്കുന്ന ബിജെപിയുടെ നേതാവ് തന്നെ ഉത്തരവിനെ അപ്രസക്തമാക്കിയതിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വില്‍പ്പനയ്ക്ക് മാത്രമാണ് സുപ്രീംകോടതി നിരോധനം എന്ന ന്യായീകരണം ചൂണ്ടികാണിച്ച് സംഭവത്തെ വിലകുറച്ച് കാണിക്കാനാണ് വക്താവ് ശ്രമിക്കുന്നത്. പടക്കം പൊട്ടിക്കല്‍ മാത്രമാണോ ദീപാവലി ആഘോഷം എന്ന ചോദ്യത്തിന് ഹിന്ദു ആഘോഷങ്ങളെ മാത്രം  ഉന്നം വെയ്ക്കുകയാണെന്ന് തജീന്ദര്‍ ബാഗ ആരോപിച്ചു.  സുപ്രീംകോടതി ഉത്തരവിന് വര്‍ഗീയ നിറം നല്‍കാന്‍ ചിലര്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശോഭ ഓസ പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com