കേരളത്തെ മാതൃകയാക്കി കര്‍ണാടകയില്‍ അബ്രാഹ്മണരെ പൂജാരിമാരാക്കാനുള്ള നീക്കം കോണ്‍ഗ്രസുകാര്‍ തടഞ്ഞു

മേല്‍ജാതി വിഭാഗങ്ങളെ പിണക്കിയുള്ള ഒരു തീരുമാനവും എടുക്കരുതെന്നാണ് ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്
മുഖ്യമന്ത്രി സിദ്ധരാമയ്യ
മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: കേരള മാതൃക പിന്തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെ പൂജാരിമാരായി നിയമിക്കാനുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നീക്കത്തിന് കോണ്‍ഗ്രസില്‍നിന്ന് എതിര്‍പ്പ്. പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതിനെത്തുടര്‍ന്ന്, വലിയ സാമൂഹ്യമാറ്റത്തിനു കളമൊരുക്കുമായിരുന്ന നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയതായാണ് സൂചന.

കേരളത്തില്‍ പട്ടിക വിഭാഗങ്ങളില്‍നിന്ന് ഉള്‍പ്പെടെയുള്ള അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കാനുള്ള തീരുമാനം ദേശീയതലത്തില്‍തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പിണറായി സര്‍ക്കാരിന്റെ നടപടി വന്‍തോതില്‍ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ സമാനമായ നീക്കം നടത്തിയത്. കേരള സര്‍ക്കാരിന്റെ നടപടി ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കര്‍ണാകടയും സമാനമായ നീക്കങ്ങള്‍ നടത്തുമെന്നാണ് സിദ്ധരാമയ്യ മാധ്യമ പ്രവര്‍ത്തകരോടു വ്യക്തമാക്കിയത്.

അബ്രാഹ്മണരെ പൂജാരിമാരായി നിയമിക്കാനുള്ള നീക്കം സിദ്ധരാമയ്യ ഭരണതലത്തില്‍ ശക്തിപ്പെടുത്തിയപ്പോഴാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം അതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ജാതിരാഷ്ട്രീയത്തിന് ശക്തമായ വേരോട്ടമുള്ള കര്‍ണാടകയില്‍ അതു തിരിച്ചടിക്കു വഴിവയ്ക്കുമെന്നാണ് ഇവരുടെ വാദം. സംസ്ഥാനത്ത് അടുത്ത വര്‍ഷം  നിയമസഭാ തെരഞ്ഞെടുപ്പു നടക്കുകയാണ്. അതുകൊണ്ടുതന്നെ മേല്‍ജാതി വിഭാഗങ്ങളെ പിണക്കിയുള്ള ഒരു തീരുമാനവും എടുക്കരുതെന്നാണ് ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

അതേസമയം കോണ്‍ഗ്രസില്‍ തന്നെയുള്ള ബ്രാഹ്മണ അനുകൂല ലോബിയാണ് സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തുവന്നിരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് സിദ്ധരാമയ്യയുടെ നീക്കത്തോട് അനുകൂല സമീപനമാണുള്ളതെന്നാണ് സൂചനകള്‍. എന്നാല്‍ എതിര്‍വിഭാഗത്തിന്റെ വിമര്‍ശനം ഭയന്ന് വേണുഗോപാല്‍ ഇക്കാര്യത്തില്‍ നിലപാടൊന്നും വ്യക്തമാക്കിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഇത്തരമൊരു ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. അതുകൊണ്ട് അബ്രാഹ്മണ ശാന്തി നിയമനത്തിന് എതിരായോ അനുകൂലമായോ തല്‍ക്കാലം പ്രസ്താവനകളൊന്നും നടത്തരുതെന്നാണ് നേതൃത്വം നേതാക്കള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനെത്തുടര്‍ന്ന്, നേരത്തെ വലിയ താത്പര്യത്തോടെ പ്രതികരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇക്കാര്യത്തില്‍ ഇപ്പോള്‍ മൗനത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com