സൈബര്‍ യുദ്ധങ്ങളെ പ്രതിരോധിക്കാന്‍ ആയിരം വിദഗ്ധരെ പോരാളികളാക്കാന്‍ ഒരുങ്ങി ഇന്ത്യ 

സൈബര്‍ ആക്രമണങ്ങളെ നേരിടാന്‍ ഡിഫന്‍സ് സൈബര്‍ ഏജന്‍സിയുമായി ഇന്ത്യ
സൈബര്‍ യുദ്ധങ്ങളെ പ്രതിരോധിക്കാന്‍ ആയിരം വിദഗ്ധരെ പോരാളികളാക്കാന്‍ ഒരുങ്ങി ഇന്ത്യ 

ന്യൂഡല്‍ഹി : സൈബര്‍ യുദ്ധരംഗത്ത് പ്രതിരോധം തീര്‍ക്കാന്‍ ശക്തമായ നടപടിക്ക് ഒരുങ്ങി ഇന്ത്യ. അടുത്തിടെ ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകള്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരുടെ ആക്രമണം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ്  സൈബര്‍ പോര്‍മുഖത്ത് കുറ്റമറ്റ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നത്. 

ത്രിതലത്തിലുളള  സേവനം ലഭ്യമാക്കുന്ന ഏജന്‍സിക്ക് രൂപം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കര, നാവിക, വ്യോമ സേനകളുടെ വ്യത്യസ്ത തലങ്ങളില്‍ വിദഗ്ധരെ അണിനിരത്തുന്ന നിലയില്‍ ഡിഫന്‍സ് സൈബര്‍ ഏജന്‍സി വിഭാവനം ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിനായി ആയിരത്തിലധികം വിദഗ്ധരെ സജ്ജരാക്കും. ദേശീയ സൈബര്‍ സുരക്ഷ ഉപദേഷ്ടാവിന്റെ സഹകരണവും ഉറപ്പുവരുത്തും. ആവശ്യമെങ്കില്‍ കടന്നാക്രമണത്തിനും പരിശീലനം സിദ്ധിച്ച വിദഗ്ധരുടെ സേവനമാണ് ലഭ്യമാക്കുക. കേന്ദ്രസര്‍ക്കാരിന്റെ ദീര്‍ഘകാല ലക്ഷ്യമായ സൈബര്‍ കമാന്റിന് മുന്നോടിയായാണ് ഡിഫന്‍സ് സൈബര്‍ ഏജന്‍സി ഒരുക്കുന്നത്. 

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുളള പ്രമുഖ സൈബര്‍ പ്രതിരോധ ഏജന്‍സികളായ നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, നാഷണല്‍ ക്രിറ്റിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊട്ടക്ഷന്‍ സെന്റര്‍, ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം എന്നിവയാണ് മുഖ്യമായി ഇതിന് ചുക്കാന്‍ പിടിക്കുക. അടുത്തിടെ സൈബര്‍ ആക്രമണത്തിന് തടയിടുന്നതിന് ഇന്ത്യക്ക് ചില പരിമിതികള്‍ ഉളള കാര്യം ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു സമ്മതിച്ചിരുന്നു. ഇതിന് ഉടന്‍ പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com