അഹമ്മദ് പട്ടേലിന് ഐഎസ് ബന്ധമെന്ന് ബിജെപി

ബിജെപി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ വിജയ് രൂപാനിയാണ് പട്ടേലിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്
അഹമ്മദ് പട്ടേലിന് ഐഎസ് ബന്ധമെന്ന് ബിജെപി

അഹമ്മദാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ബിജെപി. ബിജെപി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ വിജയ് രൂപാനിയാണ് പട്ടേലിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

ഗുജറാത്തില്‍ അടുത്തിടെ ഭീകരവാദികളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് അറസ്റ്റിലായയാള്‍ക്ക് പട്ടേലുമായി ബന്ധമുണ്ടെന്ന പേരിലാണ് രൂപാനി ആരോപണം ഉന്നയിച്ചത്. പട്ടേല്‍ ട്രസ്റ്റിയായ ആശുപത്രിയിലെ ജീവനക്കാരനാണ് ഇയാളെന്ന് രൂപാനി ചൂണ്ടിക്കാട്ടി. ഭീകരവാദിയെ പിടികൂടിയത് പട്ടേല്‍ നടത്തുന്ന ആശുപത്രിയില്‍ നിന്നാണ്. ഇതൊരു ഗൗരവമുള്ള വിഷയമാണ്. ഇവരെ പിടികൂടിയില്ലെങ്കില്‍ ഗുരുതരമായ അവസ്ഥ സംജാതമാവുമായിരുന്നുവെന്ന് രൂപാനി പറഞ്ഞു. സ്വന്തം സ്ഥാപനത്തില്‍നിന്ന് ഭീകവാദിയെ അറസ്റ്റ്‌ചെയ്ത സാഹചര്യത്തില്‍ പട്ടേല്‍ രാജ്യസഭാംഗത്വം രാജിവയ്ക്കണമെന്നും രൂപാനി ആവശ്യപ്പെട്ടു.

രൂപാനി ആരോപണം ഉന്നയിച്ചതിനു പിന്നാലെ ഇതിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ രംഗത്തുവന്നു. പട്ടേലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആശുപത്രിയില്‍നിന്ന് ഭീകരരെ പിടിച്ചതു സംബന്ധിച്ച വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസിനു ബാധ്യതയുണ്ടെന്ന് ജാവഡേക്കര്‍ അഭിപ്രായപ്പെട്ടു. 

എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണമാണ് ബിജെപി ഉന്നയിക്കുന്നതെന്ന് അഹമ്മദ് പട്ടേല്‍ പ്രതികരിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുകയാണ് ബിജെപി ചെയ്യുന്നത്. ഗുജറാത്തികളെ വിഭജിക്കുന്ന നിലപാടാണ് ഇതെന്നും പട്ടേല്‍ കുറ്റപ്പെടുത്തി.

ഗുജറാത്തിലെ ഭീകര വിരുദ്ധ സംഘം രണ്ടു ദിവസം മുമ്പ് അറസ്റ്റു ചെയ്ത കാസിം സ്റ്റിംബര്‍വാലയുടെ പേരിലാണ് വിജയ് രൂപാനി അഹമ്മദ് പട്ടേലിനെതിരെ തിരിഞ്ഞിരിക്കുന്നത്. അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായിരുന്ന ബറൂച്ച് സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയിലെ ജീവനക്കാരന്‍ ആയിരുന്നു കാസിം. ആശുപത്രിയുടെ ട്രസ്റ്റി സ്ഥാനം പട്ടേല്‍ നേരത്തെ ഒഴിഞ്ഞതാണെങ്കിലും ഭരണകാര്യങ്ങളില്‍ സ്വാധീനമുണ്ടെന്നാണ് രൂപാനി പറയുന്നത്. അറസ്റ്റിലാവുന്നതിനു രണ്ടു ദിവസം മുമ്പാണ് ഇയാള്‍ ആശുപത്രിയിലെ ജോലിയില്‍നിന്ന് ഒഴിയുന്നത്. ഇത് സംശയാസ്പദമാണെന്ന് രൂപാനി പറഞ്ഞു. ഹിന്ദു സന്യാസിമാര്‍ക്കെതിരെയും ക്ഷേത്രങ്ങളിലും സിനഗോഗിലും ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നും മുഖ്യമന്ത്രി രാത്രി വൈകി വിളിച്ചുകൂട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

തെരഞ്ഞെടുപ്പില്‍ വിറളി പിടിച്ച ബിജെപി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പടച്ചുവിടുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. സര്‍ദാര്‍ പട്ടേല്‍ ആശുപത്രി ഇരുന്നൂറോളം ജീവനക്കാരുള്ള സ്ഥാപനമാണ്. ചാരിറ്റബിള്‍ ട്രസ്റ്റാണ് അതു നടത്തുന്നത്. അഹമ്മദ് പട്ടേലിനോ കുടുംബാംഗങ്ങള്‍ക്കോ അതില്‍ പങ്കില്ലെന്ന് സുര്‍ജേവാല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com